ശ്രീനിവാസിനു മനസാണു മാന്‍ഡലിന്‍!
ശ്രീനിവാസിനു മനസാണു മാന്‍ഡലിന്‍!
Saturday, September 20, 2014 12:27 AM IST
വി.ആര്‍. ഹരിപ്രസാദ്

ഒന്നും ഒരിക്കലും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കുന്നതല്ല. കച്ചേരിക്കു വന്നവരെ മുന്നില്‍ കാണുമ്പോള്‍, ആ അന്തരീക്ഷം കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷംവരും. പിന്നെ രാഗങ്ങളും സ്വരകല്പനകളും ഒഴുകിയെത്തും, വായിക്കുന്നതെല്ലാം ആത്മാവില്‍ തൊടും. എങ്ങനെയാണതു സംഭവിക്കുന്നത്! നിങ്ങള്‍ ആസ്വദിച്ചാണു വായിക്കുന്നതെങ്കില്‍, നിങ്ങള്‍ക്കു കേള്‍വിക്കാരെ ആസ്വദിപ്പിക്കാനുമാവും. ആ സന്തോഷമാണ് യു. ശ്രീനിവാസിന്റെ മുഖത്ത് എന്നും കാണാറുള്ളത്. ഒരു കുഞ്ഞിന്റേതുപോലുള്ള, തരിപോലും കളങ്കമില്ലാത്ത ചിരിയും മാന്‍ഡലിന്റെ സുന്ദരശബ്ദങ്ങളും നിമിഷാര്‍ധംകൊണ്ട് നമ്മുടെയുള്ളില്‍ കൂടുകൂട്ടിക്കഴിഞ്ഞിരിക്കും. ആനന്ദത്തിന്റെ അതിവിശാല വിഹായസ്സില്‍ നാം പറന്നുകളിക്കാനിറങ്ങും. ആത്മാവു പറയും - ആവോളം ആസ്വദിക്കൂ, ആഹ്ളാദിക്കൂ...

ശ്രീനിവാസിന്റെ മടിയില്‍ ഒതുങ്ങിയിരുന്നു കൈവിരലുകളുടെ ലാളനയേറ്റ് മാന്‍ഡലിന്‍ പുറപ്പെടുവിക്കുന്ന വീചികള്‍ കേട്ടാല്‍ ഇതു കര്‍ണാടക സംഗീതത്തിനു മാത്രമായി ദൈവം സൃഷ്ടിച്ച ഉപകരണമാണെന്ന് ഉറപ്പിച്ചുപറയും മനസ്. ല്യൂട്ടിന്റെ മകനോ മകളോ ആയ, ഗിറ്റാറിന്റെ സഹോദരനോ സഹോദരി യോ ആയ, ഇറ്റലിയില്‍ പിച്ചവച്ചുനടന്ന മാന്‍ഡലിനില്‍ കര്‍ണാടക സംഗീത രാഗങ്ങള്‍ വായിച്ചു ഫലിപ്പിക്കാനാവുമെന്ന് ഒരാളും കരുതിയിരുന്നില്ല; കുഞ്ഞു ശ്രീനിവാസ് അതിനോടു കൂട്ടുകൂടുന്നതുവരെ. അതിനുമുമ്പ് ആരും വായിച്ചുകേട്ടിട്ടില്ലാത്തതിനാല്‍ രീതികളും ശൈലിയുമെല്ലാം സ്വന്തമായി ഉണ്ടാക്കിയെടുക്കേണ്ടിവന്നു ശ്രീനിവാസിന്. പലരും പറഞ്ഞു, മറ്റേതെങ്കിലും സംഗീതോപകരണം പരീക്ഷിക്കാന്‍. പക്ഷേ, ശ്രീനിവാസിന് മാന്‍ഡലിന്‍ മതിയായിരുന്നു.

അതെ, അഞ്ചാം വയസില്‍ തുടങ്ങിയതാണു ശ്രീനിവാസിനു മാന്‍ഡലിന്റെ ശബ്ദത്തോടുള്ള ഇ ഷ്ടം. അച്ഛന്‍ സത്യനാരായണ തന്നെയായിരുന്നു ആദ്യഗുരു, സംഗീതം പഠിക്കാന്‍ അദ്ദേഹം അല്പം മടിച്ചാണ് സമ്മതംമൂളിയതെങ്കിലും. ഏഴാം വയസില്‍ ഗിറ്റാറിസ്റ് വാസു റോയില്‍നിന്നു വെസ്റേണ്‍ മ്യൂസിക്കും വൈകാതെ അച്ഛന്റെയും ഗുരുവായ രുദ്രരാജു സുബ്ബരാജുവിന്റെ കീഴില്‍ കര്‍ണാടക സംഗീതവും പഠിക്കാന്‍ തുടങ്ങി. ചെമ്പൈയുടെ ശിഷ്യനായ സുബ്ബരാജുവിനു മാന്‍ഡലിന്‍ വായിക്കാന്‍ അറിയില്ലായിരുന്നു. അദ്ദേഹം പാടുന്നതു ശ്രീനിവാസ് മാന്‍ഡലിനില്‍ വായിച്ചുതുടങ്ങി. ഒമ്പതാം വയസില്‍ ആന്ധ്രയില്‍ ത്യാഗരാജ ആരാധന സംഗീതോത്സവത്തില്‍ ആദ്യമായി കച്ചേരി അവതരിപ്പിച്ചു. ആദ്യകച്ചേരിയെക്കുറിച്ച് ശ്രീനിവാസ് പിന്നീട് ഓര്‍മിച്ചിട്ടുണ്ട്- കച്ചേരി തുടങ്ങുമ്പോള്‍ കഷ്ടിച്ച് 15 പേര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ കേള്‍വിക്കാരായി. ഒടുക്കം അവിടെ ആയിരത്തോളംപേരുണ്ടായിരുന്നു. ശ്രീനിവാസിനു മാന്‍ഡലിന്‍ ഒരുവിധ അതിരുകളും കല്പിച്ചിരുന്നില്ല. എന്തും വായിക്കാം. സങ്കീര്‍ണ രാഗങ്ങളായ തോടി, ഖരഹരപ്രിയ, ഭൈരവി, കാംബോജി തുടങ്ങിയവപോലും മാന്‍ഡലിന്റെ ശബ്ദത്തില്‍ ആളുകള്‍ മെല്ലെമെല്ലെ സ്വീകരിച്ചുതുടങ്ങി. പിന്നെപ്പിന്നെ കാതുകളും ഹൃദയങ്ങളും കുതൂഹലത്തോടെ കാത്തുകാത്തിരുന്നു. കേട്ടുകേട്ടാഹ്ളാദിച്ചു.


പാശ്ചാത്യ സംഗീതോപകരണമായ മാന്‍ഡലിന് ശരിക്കും എട്ടു സ്ട്രിംഗുകളാണുള്ളത്- നാലു ജോഡി ഇരട്ട സ്ട്രിംഗുകള്‍. കര്‍ണാടക സംഗീതത്തിലെ ഗമകങ്ങള്‍ വായിക്കാന്‍ ഡബിള്‍ സ്ട്രിംഗുകളില്‍ കഴിയാത്ത സാഹചര്യത്തില്‍ ശ്രീനിവാസ് അതില്‍നിന്നു നാലെണ്ണം എടുത്തുകളഞ്ഞു. അച്ഛന്റെ നിര്‍ദേശപ്രകാരം ഒരു സ്ട്രിംഗ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അങ്ങനെ എട്ടിനു പകരം അഞ്ചു സ്ട്രിംഗുകളാണ് ശ്രീനിവാസിന്റെ മാന്‍ഡലിനില്‍ ഉണ്ടായിരുന്നത്. ഗമകങ്ങള്‍ വായിക്കാന്‍ മാന്‍ഡലിന്‍ കൊള്ളില്ലെന്ന വിമര്‍ശകരുടെ വാദം ശ്രീനിവാസ് ചിരിച്ചുകൊണ്ടു തള്ളി. തോടി രാഗം മാന്‍ഡലിനിലെത്തിക്കാന്‍ ശ്രീനിവാസ് നാദസ്വരവിദ്വാന്‍ രാജരത്തിനത്തെ നിരവധിതവണ കേട്ടു. ആ പ്രചോദനം ഉള്‍ക്കൊണ്ടു. മാന്‍ഡലിന്‍ നാദസ്വരത്തെപ്പോലെ തോടിരാഗം വായിച്ചുതുടങ്ങി. ദിവസേന എട്ടുമുതല്‍ പത്തുമണിക്കൂര്‍ വരെയാണ് ശ്രീനിവാസ് പരിശീലനത്തിനായി മാറ്റിവച്ചിരുന്നത്.

കര്‍ണാടക സംഗീതമാണ് എല്ലാ തരത്തിലുമുള്ള കലാകാരന്മാര്‍ക്കുമൊപ്പം കച്ചേരികള്‍ നടത്താന്‍ തന്നെ സഹായിക്കുന്നതെന്നു ശ്രീനിവാസ് പറയാറുണ്ട്. എല്‍. ശങ്കര്‍, എല്‍. സുബ്രഹ്മണ്യന്‍, ലാല്‍ഗുഡി ജയരാമന്‍, എം.എസ്. സുബ്ബലക്ഷ്മി തുടങ്ങിയവര്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തെ ലോകസംഗീത വേദികളില്‍ എത്തിച്ചു. അവര്‍ നടന്ന വഴികളിലൂടെ സഞ്ചരിക്കാന്‍ ശ്രീനിവാസ് എന്നും ഇഷ്ടപ്പെട്ടു. ജര്‍മനിയില്‍ 1995ല്‍ നടന്ന ഇന്റര്‍നാഷണല്‍ മാന്‍ഡലിന്‍ ഫെസ്റിവലില്‍ 15 രാജ്യങ്ങളില്‍നിന്നുള്ള മാന്‍ഡലില്‍ വാദകര്‍ക്കൊപ്പമാണ് ശ്രീനിവാസും സഹോദരന്‍ യു. രാജേഷും പങ്കെടുത്തത്. മാന്‍ഡലിനിലൂടെ കര്‍ണാടക സംഗീതത്തെ ലോകമെമ്പാടും എത്തിക്കുക എന്നതു ശ്രീനിവാസിന്റെ സ്വപ്നമായിരുന്നു. വലിയൊരളവോളം സഫലമായ മനോഹര സ്വപ്നം. സ്വന്തം സ്ഥാപനമായ ശ്രീനിവാസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് വഴിയെല്ലാം അദ്ദേഹം പരിശ്രമിച്ചിരുന്നത് അതിനുവേണ്ടിത്തന്നെയായിരുന്നു.

ഓര്‍മകളില്‍ ചില വേദികള്‍ തെളിഞ്ഞുവരും- ശ്രീനിവാസ് ഒറ്റയ്ക്കും, അതേ പ്രതിഭയുള്ള വിവിധ കലാകാരന്മാര്‍ ചേര്‍ന്നുമുള്ള സ്വപ്നവേദികള്‍. മറുനാട്ടില്‍നിന്നു ഗിറ്റാറുമായെത്തി ഇന്ത്യന്‍ ശാസ്ത്രീയസംഗീതത്തെ അതിഗംഭീരമായി അവതരിപ്പിച്ച ജോണ്‍ മാക്ലോഫ്ലിന്‍, തബലയില്‍ മായാജാലം വിടര്‍ത്തുന്ന ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഘടത്തില്‍ വേഗവിരല്‍പ്പെരുക്കവുമായി ശെല്‍വഗണേശ് വിനായകന്‍, സ്വരശുദ്ധിയുടെ ആള്‍രൂപമായി ശങ്കര്‍ മഹാദേവന്‍... ഇവര്‍ക്കിടയില്‍ സ്വതസിദ്ധമായ ചിരിയുമായി മാന്‍ഡലിന്‍ മടിയിലൊതുക്കിപ്പിടിച്ച് യു. ശ്രീനിവാസ്... വര്‍ഷങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സില്‍ ജാസ് ഫെസ്റിവലില്‍ യാഥാര്‍ഥ്യമായ ഇതുപോലൊരു കച്ചേരി ഇനിയുണ്ടാവുക അസാധ്യം.

കച്ചേരികളില്‍ വായിക്കാതിരുന്നാല്‍ തനിക്കു വല്ലാതെ മടുപ്പുതോന്നുമെന്നു മുമ്പൊരിക്കല്‍ ശ്രീനിവാസ് പറഞ്ഞിരുന്നു. മരണമേ, നിനക്കെന്നാണ്, എങ്ങനെയാണ് മടുപ്പു തോന്നുന്നത്?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.