ഇന്ത്യയിലെ മുസ്ലിംകള്‍ രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയാറുള്ളവരാണെന്നു മോദി
ഇന്ത്യയിലെ മുസ്ലിംകള്‍ രാജ്യത്തിനുവേണ്ടി മരിക്കാന്‍ തയാറുള്ളവരാണെന്നു മോദി
Saturday, September 20, 2014 11:36 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകള്‍ രാജ്യത്തിനുവേണ്ടി ജീവിക്കാനും മരിക്കാനും തയാറുള്ളവരാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കു ദോഷകരമായി എന്തെങ്കിലും സംഭവിക്കണമെന്ന് അവര്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല. അവരെ തീവ്രവാദത്തിനായി ഉപയോഗിക്കാമെന്ന അല്‍ക്വയ്ദയുടെ ധാരണ തെറ്റാണെന്നും ജിഹാദിനു തയാറാകാനുള്ള അല്‍ക്വയ്ദയുടെ ആഹ്വാനം അവര്‍ തള്ളിക്കളയുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി സിഎന്‍എനു നല്‍കിയ അഭിമുഖത്തിലാണു മോദിയുടെ അഭിപ്രായ പ്രകടനം.

ഇന്ത്യയിലെ മുസ്ലിംകള്‍, പ്രത്യേകിച്ചു ജമ്മു-കാഷ്മീരിലെ മുസ്ലിംകള്‍ ജിഹാദിനു തയാറാകണമെന്ന് ആവശ്യപ്പെടുന്ന അല്‍ക്വയ്ദ വീഡിയോ സന്ദേശത്തെക്കുറിച്ചാണ് മോദി പ്രതികരിച്ചത്. ഇന്ത്യയില്‍ 17 കോടി മുസ്ലിംകള്‍ ഉണ്െടന്നാണ് കണക്കാക്കുന്നത്. അതില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് അല്‍ക്വയ്ദയോട് അനുഭാവം കാട്ടിയത്. അവര്‍ തന്നെ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമാണ്. അങ്ങനെയുള്ള വിഭാഗം ഈ ആഹ്വാനത്തിനു വഴങ്ങുമെന്ന് എങ്ങനെ പറയാനാകും? അല്‍ക്വയ്ദയുടെ താളത്തിനൊത്തു തുള്ളുന്നവരല്ല ഇന്ത്യയിലെ മുസ്ലിംകള്‍.


ഭീകരവാദം ഏതെങ്കിലും സമുദായത്തിനെതിരായ ആക്രമണമല്ല. അതു മനുഷ്യത്വത്തിനെതിരേയുള്ള യുദ്ധമാണ്. ഭീകരവാദത്തിലൂടെ ലോകം മുഴുവനും മനുഷ്യത്വം പ്രതിരോധത്തിലാകുകയാണെന്നും പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മില്‍ പല കാര്യങ്ങളില്‍ സാമ്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഡല്‍ഹിയിലും വാഷിംഗ്ടണിലും മാത്രമായി ഒതുങ്ങില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.