മാനസ സരോവറിലേക്കു പുതിയ പാത
Friday, September 19, 2014 11:34 PM IST
ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ചത് 15 കരാറുകള്‍. ഇതില്‍ മൂന്നെണ്ണം ബുധനാഴ്ച അഹമ്മദാബാദിലും ബാക്കി ഇന്നലെ ഇവിടെയുമാണ് ഒപ്പിട്ടത്.

കൈലാസ്-മാനസസരോവര്‍ യാത്രയ്ക്കു പുതിയൊരു പാതകൂടി തുറക്കുന്നതടക്കമുള്ളതാണു കരാറുകള്‍. പുതിയ വഴി സിക്കിമിലെ നാഥു ലാ ചുരം വഴിയാണ്. ഇപ്പോഴുള്ളത് ഉത്തരാഖണ്ഡിലെ ലിപുലെഖ് ചുരം വഴിയാണ്. നാഥു ലാ ചുരം വഴി യാത്ര കുറേക്കൂടി ആയാസം കുറഞ്ഞതാണ്. യാത്രാസമയവും കുറയും. വിദേശകാര്യമന്ത്രിമാരായ സുഷമ സ്വരാജും വാംഗ് ലിയുമാണ് ഈ കരാറില്‍ ഒപ്പിട്ടത്.

ഇന്നലെ ഒപ്പിട്ട മറ്റു കരാറുകള്‍:

1. റെയില്‍വേയില്‍ സഹകരണം കൂട്ടുന്നതിനുള്ളത്. ഇന്ത്യയില്‍ റെയില്‍വേ യൂണിവേഴ്സിറ്റി തുടങ്ങുന്നതും അതിവേഗ ട്രെയിനുകള്‍ ഓടിക്കുന്നതും ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ക്കു പരിശീലനം നല്കുന്നതും കരാറില്‍ പെടുന്നു.

2. തെരഞ്ഞെടുക്കപ്പെട്ട റെയില്‍വേ പദ്ധതികളില്‍ സഹകരണം കൂട്ടല്‍.


3. ഇന്ത്യ-ചൈന വാണിജ്യവും വ്യാപാരവും കൂട്ടുന്നതിനുള്ള പഞ്ചവര്‍ഷ പദ്ധതി. വാണിജ്യ അസന്തുലനം കുറയ്ക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ചൈന 2000 കോടി ഡോളര്‍ (1,20,000 കോടി രൂപ) മൂലധനനിക്ഷേപം നടത്തും.

4. ഇന്ത്യ-ചൈന സംയുക്ത സാമ്പത്തിക ഗ്രൂപ്പിന്റെ 10-ാം സമ്മേളന മിനിറ്റ്സ് അംഗീകരിച്ചു.

5. സംയുക്തമായി ദൃശ്യ-ശ്രാവ്യ ചിത്രങ്ങള്‍ നിര്‍മിക്കുന്നതിനു തീരുമാനിച്ചു.

6. കസ്റംസ് കാര്യങ്ങളില്‍ പരസ്പര സഹകരണത്തിനു ധാരണയായി.

7. ബഹിരാകാശത്തു സമാധാനപരമായ സഹകരണത്തിനു ധാരണയിലെത്തി.

8. സാംസ്കാരിക സഹകരണം കൂട്ടുന്നതിനു തീരുമാനിച്ചു.

9. ചൈന 2016-ലെ ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയറില്‍ പങ്കെടുക്കുന്നതിനു ധാരണയിലെത്തി.

10. ഔഷധമേഖലയില്‍ (പരമ്പരാഗത ഔഷധങ്ങളടക്കം) സഹകരിക്കാന്‍ ധാരണ.

11. മുംബൈയും ഷാങ് ഹായിയും സഹോദര നഗരങ്ങളാക്കാന്‍ ധാരണയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.