കേന്ദ്ര കൃഷിമന്ത്രി കുട്ടനാട് സന്ദര്‍ശിക്കും
Wednesday, September 17, 2014 12:22 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിനുള്ള കാലാവധി നീട്ടിത്തരണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെക്കുറിച്ചു പരിശോധിക്കാന്‍ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് കുട്ടനാട് സന്ദര്‍ശിക്കും. കൊച്ചിയില്‍ അടുത്ത മാസം ആറിനു തുടങ്ങുന്ന ഗ്ളോബല്‍ കാര്‍ഷിക മേളയില്‍ പങ്കെടുക്കാനെത്തുമ്പോഴായിരിക്കും കേന്ദ്രമന്ത്രി കുട്ടനാട്ടിലെത്തുകയെന്നും അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസ്ഥാന കൃഷിമന്ത്രി കെ.പി. മോഹനന്‍ വ്യക്തമാക്കി.

പാക്കേജ് നടപ്പിലാക്കുന്നത് രണ്ടു വര്‍ഷംകൂടി നീട്ടിനല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. 1840 കോടി രൂപയുടെ പാക്കേജില്‍ 1518 കോടിയും ജലസേചന പദ്ധതികള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. മഴ മൂലം ജലസേചന പദ്ധതികള്‍ വഴിമുട്ടിയതാണ് പാക്കേജ് നടപ്പാക്കല്‍ വൈകിയതെന്നും അതു കേന്ദ്ര സര്‍ക്കാരിനു ബോധ്യപ്പെട്ടെന്നും മന്ത്രി മോഹനന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പില്‍ കേരളത്തിന്റെ ആവശ്യങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കും.


തിരുവനന്തപുരത്ത് ആനയറയില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉത്പാദനത്തിന് 17.91 കോടി രൂപ ചെലവില്‍ മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ ധാരണയായി. മണ്ണ് പരിശോധനയ്ക്ക് മൊബൈല്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിനായി 1.12 കോടി രൂപയും അനുവദിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുളള കോളജ് ഓഫ് കോര്‍പ്പറേഷന്‍ ആന്‍ഡ് ബാങ്കിംഗിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള ഐസിഎആര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിഎആര്‍ മോഡല്‍ നിയമം നടപ്പിലാക്കരുതെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചാലക്കുടിയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അത്യാധുനിക മാംസ സംസ്കരണ ശാലയുടെ അംഗീകാരത്തെക്കുറിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി ഹര്‍സിമ്രാത്ത് കൌര്‍ ബാദലുമായി ചര്‍ച്ച നടത്തി. 37.40 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി 15 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും കെ.പി. മോഹനന്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.