സ്പെക്ട്രം: വിനോദ് റായിയുടെ ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു മന്‍മോഹന്‍
സ്പെക്ട്രം: വിനോദ് റായിയുടെ ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു മന്‍മോഹന്‍
Tuesday, September 16, 2014 11:50 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം, കല്‍ക്കരി അഴിമതികളുമായി ബന്ധപ്പെട്ടു മുന്‍ സിഎജി വിനോദ് റായിയുടെ ആരോപണങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. താന്‍ തന്റെ കടമ മാത്രമാണു ചെയ്തിട്ടുള്ളതെന്നും മറ്റുള്ളവര്‍ എഴുതുന്നതിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

മകള്‍ ദമന്‍ സിംഗ് എഴുതിയ “സ്ട്രിക്റ്റ്ലി പേഴ്സണല്‍: മന്‍മോഹന്‍ ആന്‍ഡ് ഗുര്‍ശരണ്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ വിവാദ ഇടപാടുകളെല്ലാം പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ അറിവോടെയായിരുന്നു എന്നാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മുന്‍ സിഎജി വിനോദ് റായി ആരോപിച്ചത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി എഴുതിയ പുസ്തകത്തെപ്പറ്റി പറയവേയാണ് മന്‍മോഹന്‍ സിംഗിനെതിരേ വിനോദ് റായി ആരോപണം ഉന്നയിച്ചത്. ചില നേതാക്കളുടെ പേര് സിഎജി റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ തന്റെ വസതിയിലെത്തി സമ്മര്‍ദം ചെലുത്തിയിരുന്നെന്നും വിനോദ് റായി വെളിപ്പെടുത്തിയിരുന്നു.


അതേസമയം, മന്‍മോഹന്‍ സിംഗിനെതിരേ ആരോപണം ഉന്നയിച്ചതിനെതിരേ കോണ്‍ഗ്രസ് നിയമ നടപടികള്‍ തുടങ്ങി. മന്‍മോഹന്‍ സിംഗിനെ വ്യക്തിപരമായി അവഹേളിക്കാനുള്ള ശ്രമമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം വക്കീല്‍ നോട്ടീസ് അയച്ചു. പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.