വധശിക്ഷ: പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം തുറന്ന കോടതികളിലെന്നു സുപ്രീംകോടതി
വധശിക്ഷ: പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം തുറന്ന കോടതികളിലെന്നു സുപ്രീംകോടതി
Wednesday, September 3, 2014 12:22 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കെതിരേയുള്ള പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി ഉത്തരവ്. മൂന്നംഗങ്ങളില്‍ കുറയാത്ത ബെഞ്ച് പരസ്യമായി വാദം കേട്ടു തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചു. ഒരംഗത്തിന്റെ വിയോജിപ്പോടെയാണു വിധി. വധശിക്ഷയ്ക്കെതിരേയുള്ള പുനഃപരിശോധന ഹര്‍ജികള്‍ ഒരു മാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാം. എന്നാല്‍, തിരുത്തല്‍ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചാല്‍ പുനഃപരിശോധന ഹര്‍ജി നല്‍കുകയോ തിരുത്തല്‍ ഹര്‍ജി നല്‍കുകയോ മാത്രമേ നിയമപരമായ നടപടികള്‍ക്കു സാധുത നല്‍കുന്നുള്ളു. ഒരിക്കല്‍ വാദം കേട്ട് വിധി പുറപ്പെടുവിച്ചതായതിനാല്‍ പുനഃപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും ജഡ്ജിമാര്‍ ചേംബറിനുള്ളില്‍ പരിശോധിക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതില്‍ വധശിക്ഷയുടെ കാര്യത്തില്‍ മാത്രം വ്യവസ്ഥ മാറ്റാനാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് തീരുമാനിച്ചിരിക്കുന്നത്.

പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കേണ്ടതില്ലെന്നായിരുന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റീസ് ജെ. ചെലമേശ്വര്‍ പ്രത്യേക വിധിന്യായമെഴുതിയത്.

മുംബൈ സ്ഫോടന കേസിലെ പ്രതിയായ യാക്കൂബ് മേമന്‍, ധര്‍മപുരി ബസിനു തീവെച്ച് മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണാ എഡിഎംകെ പ്രവര്‍ത്തകര്‍ തുടങ്ങിയ എട്ടോളം കേസിലെ വധശിക്ഷയ്ക്കെതിരേ നല്‍കിയ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക വിധി. പുനഃപരിശോധനാ ഹര്‍ജികളില്‍ പരസ്യമായ വാദം കേള്‍ക്കേണ്ടതില്ലെന്ന് 1980ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു.


എന്നാല്‍, വധശിക്ഷ പോലുള്ള അപൂര്‍വ സ്വഭാവമുള്ള കേസുകളില്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാമെന്ന് ഈ വിധിയില്‍ പറയുന്നുണ്െടന്നു ജസ്റീസ് രോഹിന്‍ടണ്‍ നരിമാന്‍ എഴുതിയ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെ ചീഫ് ജസ്റീസും ജസ്റീസുമാരായ ജെ.എസ്. കെഹാര്‍, എ.കെ. സിക്രി എന്നിവരും പിന്തുണച്ചിട്ടുണ്ട്.

ഒരാളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ ഏതവസരവും ഉപയോഗിക്കാമെന്നു ഭരണഘടന ഉറപ്പു നല്‍കുന്നുണ്െടന്നും അത്തരം അവസരങ്ങള്‍ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും യാക്കൂബ് മേമന്‍ വാദിച്ചിരുന്നു. ഇതംഗീകരിച്ച കോടതി, പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കാമെന്ന അന്തിമ വിധിയിലെത്തുകയായിരുന്നു. വധശിക്ഷ ഉറപ്പാക്കുന്ന കേസുകള്‍ മൂന്ന് അംഗത്തില്‍ കുറയാത്ത ബെഞ്ച് പരിഗണിക്കണമെന്ന് 2013 ഓഗസ്റ്റില്‍ സുപ്രീം കോടതി ചട്ടത്തില്‍ പരിഷ്കാരം കൊണ്ടുവന്നിരുന്നു. ഇതിന്‍ പ്രകാരമാണ് മൂന്നംഗ ബെഞ്ച്തന്നെ പുനഃപരിശോധന ഹര്‍ജി പരിഗണിക്കണമെന്നും, ഒരു ഹര്‍ജിയിന്മേല്‍ കുറഞ്ഞത് അര മണിക്കൂറെങ്കിലും വാദം കേള്‍ക്കണമെന്നും ഉത്തരവിട്ടത്. നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ പുനഃപരിശോധനാ ഹര്‍ജികള്‍ക്കും പുനഃപരിശോധനാ ഹര്‍ജി തള്ളിയെങ്കിലും ഇനിയും വധശിക്ഷ നടപ്പാക്കിയിട്ടില്ലാത്ത കേസുകള്‍ക്കും ഈ വിധി ബാധകമാകും. നേരത്തെ തള്ളിപ്പോയ അപേക്ഷകര്‍ക്ക് ഒരു മാസത്തിനുള്ളില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിക്കാനും കോടതി അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍, തിരുത്തല്‍ ഹര്‍ജികള്‍ തള്ളിയ കേസുകളില്‍ വീണ്ടും വാദം കേള്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.