വിദ്യാഭ്യാസം രാഷ്ട്രീയവത്കരിക്കുന്നുവെന്നു കോണ്‍ഗ്രസ്
വിദ്യാഭ്യാസം രാഷ്ട്രീയവത്കരിക്കുന്നുവെന്നു കോണ്‍ഗ്രസ്
Wednesday, September 3, 2014 12:21 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം എന്‍ഡിഎ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുകയാണെന്നു കോണ്‍ഗ്രസ്. വിലക്കയറ്റവും വാഗ്ദാനലംഘനങ്ങളും ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയും 600 വര്‍ഗീയ സംഘര്‍ഷങ്ങളുമാണു നരേന്ദ്ര മോദി സര്‍ക്കാരിന്റെ 100 ദിനങ്ങളിലെ സംഭാവനെയെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. ദയനീയ പരാജയമായി മാറിയ മോദി സര്‍ക്കാര്‍ ഭരണകൂട ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി കോണ്‍ഗ്രസ് പറഞ്ഞു. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ശിക്ഷാ ബചാവോ ആന്ദോളന്‍ സമിതി, വിദ്യാഭാരതി എന്നിവയാണു വിദ്യാഭ്യാസമേഖലയെ നയിക്കുന്നത്. യുവമനസുകളെയും ചിന്തകളെയും മലീമസപ്പെടുത്താന്‍ മാത്രമേ ഇതുപകരിക്കൂ. ഐസിഎച്ച്ആര്‍ പോലുള്ള ഗവേഷണ സ്ഥാപനങ്ങളില്‍പ്പോലും ആര്‍എസ്എസ് നോമിനികളെയാണു നിയമിക്കുന്നത്. ഐഐടികളുടെയും സര്‍വകലാശാലകളുടെയുമൊക്കെ സ്വയംഭരണാധികാരം കവര്‍ന്നെടുക്കാനും ശ്രമം നടക്കുന്നു.

വിദ്യാഭ്യാസമേഖല എന്തിനാണു രാഷ്ട്രീയവത്കരിക്കുന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ചെറിയ സ്കൂള്‍ കുട്ടികളെ പോലും നിര്‍ബന്ധിപ്പിച്ചു കേള്‍പ്പിക്കാനുള്ള ശ്രമം ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നടപടിയാണെന്നു കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കുന്നതിനു മുമ്പു സംസ്ഥാനങ്ങളോടു കേന്ദ്രം അഭിപ്രായം തേടിയില്ല.

എന്‍ഡിഎ സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കെതിരേ ക്രിമിനല്‍ കേസുണ്െടന്നും ആനന്ദ് ശര്‍മ ആരോപിച്ചു. അധികാരം ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കാനാണ് മോദിയുടെ ശ്രമം. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ പോലും സ്വാതന്ത്യ്രമില്ല.


ഇല്ലാത്ത നേട്ടങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും യുപിഎ സര്‍ക്കാരിന്റെ പദ്ധതികളുടെ പിതൃത്വം അവകാശപ്പെടാനുമാണു മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് ആനന്ദ് ശര്‍മ പരിഹസിച്ചു.

തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടര്‍ച്ച മാത്രമാണു പിന്നിട്ട 100 ദിനങ്ങള്‍. വിലക്കയറ്റം മാറ്റമില്ലാതെ തുടരുന്നു. പാല്‍, പഞ്ചസാര, ഭക്ഷ്യധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയുടെ വില കുതിക്കുകയാണ്.

തക്കാളിയുടെ വിലയാണെങ്കില്‍ പെട്രോളിന്റെ വിലയേക്കാള്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷം ഇതേസമയം 7.90 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റം ഈ വര്‍ഷം 9.36 ശതമാനമായി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ സമ്മതിക്കുന്നു.

പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളിലെ സംഘര്‍ഷം അനുദിനം വര്‍ധിച്ചുവരുന്നു. നുഴഞ്ഞു കയറ്റ ശ്രമങ്ങളും കൂടി. സ്ത്രീകളുടെ സുരക്ഷ തെരഞ്ഞെടുപ്പു പ്രചരണവേളയിലെ മോദീ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. എന്നാല്‍, സ്വന്തം മന്ത്രിസഭയിലെ അംഗത്തില്‍നിന്നു തന്നെ ഒരു സ്ത്രീക്ക് ലൈംഗിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നു. പീഡനത്തിനിരയായ സ്ത്രീയില്‍നിന്നു പരാതി ലഭിച്ചിട്ടും ഒരു നടപടിയുണ്ടായില്ല.

വിദേശരാജ്യത്തുള്ള 85 ലക്ഷത്തോളം കോടി രൂപ അധികാരത്തിലെത്തി 100 ദിവസത്തിനകം തിരികെപ്പിടിക്കുമെന്ന അവകാശവാദവും പൊള്ളയായി. അഴിമതി തടയാന്‍ ലോകായുക്തയെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി പോലും രൂപീകരിച്ചിട്ടില്ല. ലോകായുക്തയെ നിയമിക്കുന്നതിലെ കാലവിളംബത്തിനെതിരേ സുപ്രീംകോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗുജറാത്ത് മോഡല്‍ കേന്ദ്രത്തിലും ആവര്‍ത്തിക്കാനാണു സര്‍ക്കാര്‍ ശ്രമം. അഴിമതിക്കാരായ മന്ത്രിമാര്‍ക്കു തുടരാന്‍ കഴിയുമെന്നാണു മോദി ചിന്തിക്കുന്നതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.