സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റുകള്‍ 150 ആക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ അനുമതി
Wednesday, September 3, 2014 12:45 AM IST
ബാംഗളൂര്‍: സിബിസിഐയുടെ കീഴിലുള്ള ബാംഗളൂരിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ എംബിബിഎസ് സീറ്റുകളുടെ എണ്ണം 150 ആയി വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച സ്ഥാനമൊഴിഞ്ഞ ഡയറക്ടര്‍ റവ.ഡോ. ലോറന്‍സ് ഡിസൂസയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ 60 സീറ്റാണുള്ളത്.

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍നിന്ന് അനുമതി ലഭിച്ചാല്‍ അടുത്ത വര്‍ഷംമുതല്‍ 150 സീറ്റുകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാകും. പ്രധാന കടമ്പയായ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ വൈകാതെ മെഡിക്കല്‍ കൌണ്‍സിലിന്റെ അനുമതിയും ലഭിക്കുമെന്നാണു സൂചന.

സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ പുതിയ ഡയറക്ടറായി തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കോതമംഗലം രൂപതാംഗമായ റവ.ഡോ.പോള്‍ പാറത്താഴം ചുമതലയേറ്റു.


ചടങ്ങില്‍ പുതിയ ലോണ്‍ട്രി ബ്ളോക്കിന്റെയും 2.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന 720 പൊതുവാര്‍ഡുകളും 120 മുറികളുമടങ്ങുന്ന രണ്ട് ആറുനില ബ്ളോക്കുകളുടെയും ശിലാസ്ഥാപനം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ നിര്‍വഹിച്ചു.

കോളജ് ഗവേണിംഗ് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ബര്‍ണാഡ് മോറസ്, ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ഫിനാന്‍സ് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഗ്ളെന്‍ മാസ്ക്രെനാസ്, അസോ.ഡയറക്ടര്‍ ഫാ.ഡ്യുമിംഗ് ഡയസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.