ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതു സംസ്ഥാനങ്ങളുമായി ആലോചിച്ചശേഷമെന്നു കേന്ദ്രം
Wednesday, September 3, 2014 12:20 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: പശ്ചിമഘട്ട മേഖലകളിലെ ഓരോ ഗ്രാമത്തിലെയും യഥാര്‍ഥ സ്ഥിതി വിശദമായി പരിശോധിച്ച ശേഷം ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ആലോചിച്ചു മാത്രമേ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുകയുള്ളൂവെന്നു കേന്ദ്ര വനം-പരി സ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളുടെ പ്രത്യാഘാതം സംബന്ധിച്ച ഗ്രൌണ്ട് ട്രൂത്തിംഗ് (ഗ്രാമങ്ങളിലെ യഥാര്‍ഥ സ്ഥിതി) വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ട മേഖലയില്‍ വരുന്ന ഏഴു സംസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പശ്ചിമഘട്ടത്തിലെ ഗ്രാമീണരുടെ അഭിപ്രായം അറിയേണ്ട തുണ്ട്. ഓരോ ഗ്രാമത്തിലെയും ജനങ്ങളുടെ സമിതികള്‍ക്കു പറയാനുള്ളതു കേള്‍ക്കും. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നടപടികള്‍ സംബന്ധിച്ച യഥാര്‍ഥ സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചര്‍ച്ച നടത്തിയ ശേഷമേ മാധവ് ഗാഡ്ഗില്‍, കെ. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂ- എന്‍ഡിഎ സര്‍ക്കാരിന്റെ 100 ദിന നേട്ടങ്ങള്‍ വിശദീകരിക്കാന്‍ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വനം- പരിസ്ഥിതി മന്ത്രാലയങ്ങളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ജാവഡേക്കര്‍ വിശദീകരിച്ചു.

ഇതേസമയം, ഗാഡ്ഗില്‍ അല്ല, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാത്രമാണു കേന്ദ്രം ഇപ്പോള്‍ പരിഗണിക്കുന്നതെന്നു ദേശീയ ഹരിത ട്രൈബൂണലിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിന്മേല്‍ ഗ്രൌണ്ട് ടൂത്തിംഗ് നടത്തിയ ശേഷം ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്നാണു മന്ത്രി ഇന്നലെ പറഞ്ഞത്. കേരളം മാത്രമാണു ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ ബാധിക്കുന്ന പ്രദേശങ്ങളിലെ യാഥാര്‍ഥ സ്ഥിതിവിശേഷത്തിന്റെ സത്യാവസ്ഥ ഗ്രാമങ്ങളില്‍ ചെന്നു പരിശോധിച്ചു വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുള്ളത്. മറ്റ് ആറു സംസ്ഥാനങ്ങളുടെ ഗ്രൌണ്ട് ട്രൂത്തിംഗ് റിപ്പോര്‍ട്ട് കിട്ടാന്‍ മാസങ്ങള്‍ വേണ്ടി വന്നേക്കും. എല്ലാ സംസ്ഥാനങ്ങളുടെയും റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും ഇതേക്കുറിച്ചു മുഖ്യമന്ത്രിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തുക.


വിവിധ പദ്ധതികള്‍ക്കു പരി സ്ഥിതി ക്ളിയറന്‍സിനും വനം ക്ളിയറന്‍സിനുമായി ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതു വന്‍വിജയമാണെന്നു മന്ത്രി ജാവഡേക്കര്‍ പറഞ്ഞു. ഈ രംഗത്തെ അഴിമതി ഇല്ലാതാക്കാനും സുതാര്യത ഉറപ്പാക്കാനും കഴിഞ്ഞ ജൂലൈ ഒന്നു മുതല്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ സംവിധാനം സഹായിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ പരിസ്ഥിതി അനുമതിക്കായി 219 അപേക്ഷകളും വനം അനുമതിക്കായി 46 അപേക്ഷകളും ഓണ്‍ലൈനില്‍ കിട്ടിയിട്ടുണ്ട്. വനം-പരിസ്ഥിതി ക്ളിയറന്‍സിനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിനു പുതിയ സംവിധാനം കാരണമാകും. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും മറ്റും ഇടപെടല്‍ തീര്‍ത്തും കുറയ്ക്കാനും കഴിയും. ഡല്‍ഹിയില്‍ വരാതെ തന്നെ പദ്ധതികളുടെ പരിസ്ഥിതി ആഘാതത്തിന്റെ നിജസ്ഥിതി വിലയിരുത്തി അനുമതി വേഗത്തില്‍ ലഭ്യമാക്കും. ഓരോ അപേക്ഷയുടെയും പുരോഗതി കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നിരീക്ഷിക്കാനുമാകുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനു പുറമേ പരിസ്ഥിതി ആഘാതം വിലയിരുത്താനുള്ള സംസ്ഥാന തല സമിതികള്‍ക്കു കൂടുതല്‍ അധികാരം കൈമാറിക്കൊണ്ടു ജൂണ്‍ 25നു കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്. നേരത്തേ സംരക്ഷിത മേഖലകള്‍, പരി സ്ഥിതി ദുര്‍ബല മേഖലകള്‍, അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ തുടങ്ങിയവയുടെ 10 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന പദ്ധതികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ അനുമതി നിര്‍ബന്ധമായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ഈ ദൂരപരിധി അഞ്ചു കിലോമീറ്ററാക്കി ചുരുക്കിയെന്നു വനം-പരിസ്ഥിതി മന്ത്രി പറഞ്ഞു. വനവത്കരണത്തിനായി 30,000 കോടി രൂപയുടെ ഫണ്ട് (കാംപ) സംസ്ഥാനങ്ങള്‍ക്കു കൈമാറാനും കേന്ദ്രം നടപടി സ്വീകരിച്ചതായി ജാവഡേക്കര്‍ അറിയിച്ചു. സിമിന്റ് ഫാക്ടറികളുടെ മലിനീകരണം കുറയ്ക്കുന്നതിനു കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതായും ഗംഗ നദീ സംരക്ഷണത്തിനു പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.