ഉമ്മന്‍ ചാണ്ടിയും ബാബുവും ഹൈക്കമാന്‍ഡിനെ കാണാതെ മടങ്ങി
ഉമ്മന്‍ ചാണ്ടിയും ബാബുവും ഹൈക്കമാന്‍ഡിനെ കാണാതെ മടങ്ങി
Sunday, August 31, 2014 11:21 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എക്സൈസ് മന്ത്രി കെ. ബാബുവും പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാ ന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങി.

ടൈറ്റാനിയം കേസ്, മദ്യനയം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ഇരുവരും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേ ഷം ഇന്നലെ കേരളത്തിലേക്കു മടങ്ങി.

സംസ്ഥാനത്തിന്റെ ചുമതല യുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ റിപ്പോര്‍ട്ടിനു ശേഷമേ ഈ വിഷയങ്ങളില്‍ കേരള നേതൃത്വവുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തുകയുള്ളൂവെന്നു പാര്‍ട്ടി വക്താവ് മനു അഭിഷേക് സിംഗ്വി വ്യാഴാഴ്ച തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ബാര്‍ വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ഇക്കാര്യത്തില്‍ തനിക്കുള്ള അതൃപ്തിയും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നായിരുന്നു കരുതിയിരുന്നത്.

പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) വിഴിഞ്ഞത്തിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല യോഗം അടുത്തമാസം അഞ്ചിനു ഡല്‍ഹിയില്‍ നടക്കും.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ. ബാബുവും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഭൂവികസനം തുടങ്ങി വിവിധ മേഖലകളില്‍ വിജിഎഫ് പരിഗണിക്കാനാവില്ലെന്നാണു കേന്ദ്രത്തിന്റെ നിലപാട്. ഇതു തിരുത്തി വിജിഎഫ് പരമാവധി ഉയര്‍ത്തണമെന്നാണു കേരളത്തിന്റെ ആവശ്യം. ആവശ്യത്തോടു ധനമന്ത്രി അനുകൂലമായാണു പ്രതികരിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞു.


പദ്ധതികളുടെ കരാറുകാര്‍ക്കുള്ള സഹായമെന്ന നിലയില്‍ മൊത്തം പദ്ധതി വിഹിതത്തിന്റെ 20 ശതമാനമാണ് വിജിഎഫ് ആയി നല്‍കുന്നത്. ഫണ്ട് മൊത്തം മുതല്‍മുടക്കിന്റെ 20 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നു നിര്‍ദേശമുണ്ട്. 6640 കോടി രൂപ മുതല്‍മുടക്കു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് 720 കോടി രൂപ അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരുന്ന തുറമുഖങ്ങളുടെ സൌകര്യങ്ങള്‍ കണക്കാക്കിയാണു വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം വ്യവസ്ഥകള്‍ മുന്നോട്ടുവച്ചത്. ഇതു കേന്ദ്രസര്‍ക്കാരിനും സംസ്ഥാ നത്തിനും ഗുണം ചെയ്യില്ലെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുമെന്നും അരുണ്‍ ജയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ധനവകുപ്പ് സെക്രട്ടറി അരവിന്ദ് മായാറാം, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടര്‍ എ.എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ അരുണ്‍ ജയ്റ്റ്ലിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

അര്‍ജുന അവാര്‍ഡ് നേടിയ വോളിബോള്‍ താരം ടോം ജോസ ഫിനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെ. ബാബുവും ഡല്‍ഹി കേരള ഹൌസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.