പൊതുമുതല്‍ നശിപ്പിച്ചല്ല നേതാവാകേണ്ടത്: സുപ്രീംകോടതി
പൊതുമുതല്‍ നശിപ്പിച്ചല്ല നേതാവാകേണ്ടത്: സുപ്രീംകോടതി
Friday, August 29, 2014 11:34 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിച്ചിട്ടല്ല നേതാവാകേണ്ട തെന്നും നേതാവാകാന്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കരുതെന്നും സുപ്രീംകോടതി. ക്രിമിനലുകള്‍ നിയമനിര്‍മാണ സഭകളിലെത്തുന്നതു തടയാന്‍ നടപടി സ്വീകരിക്കണമെന്നും അതു വേഗത്തില്‍ നടപ്പിലാക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. കുന്നംകുളം നിയമസഭ മണ്ഡലത്തില്‍നിന്നു വിജയിച്ച സിപിഎമ്മിലെ ബാബു എം. പാലിശേരിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി. ജോണ്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബാബു എം. പാലിശേരിയെ തടവിനു ശിക്ഷിച്ചിരുന്നതാണെന്നും അതു തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും സി.പി. ജോണിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റീസുമാരായ ഇബ്രാഹിം ഖലീഫുള്ള, ശിവകീര്‍ത്തി സിംഗ് എന്നിവരുടെ ബെഞ്ച് ഇടപെട്ടത്. രാഷ്ട്രീയത്തിന്റെ ക്രിമിനല്‍വത്കരണം തടയാന്‍ അടുത്തിടെയായി സുപ്രീംകോടതി നിരവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്െടന്നും ഈ കേസിലെ വിധിയും സുപ്രധാനമായ ഒന്നായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.


പൊതുമുതല്‍ നശിപ്പിച്ചിട്ടല്ല നേതാവാകേണ്ടത്. നേതാവാകാന്‍ ആരും കുറുക്കുവഴികള്‍ സ്വീകരിക്കരുത്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരെയാണ് രാഷ്ട്രീയക്കാര്‍ മാതൃകയാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരു വര്‍ഷത്തിനു താഴെയുള്ള തടവുശിക്ഷകളെ ക്കുറിച്ചു സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തേണ്ടതില്ലെന്നായിരുന്നു ബാബു പാലിശേരിയുടെ അഭിഭാഷകന്‍ മറുപടി നല്‍കിയത്. തുടര്‍ന്നു കേസ് വിധി പറയാനായി മാറ്റി.

ഏറനാട് എംഎല്‍എ മുസ്ലിം ലീഗിലെ പി.കെ. ബഷീറിന്റെ തെരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന പി.വി. അന്‍വര്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ഇന്നലെ സുപ്രീംകോടതി വാദം പൂര്‍ത്തിയാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.