2ജി കേസില്‍ സര്‍ക്കാരിതര സംഘടനയുടെ വാദം കളവെന്നു സിബിഐ
2ജി കേസില്‍ സര്‍ക്കാരിതര സംഘടനയുടെ വാദം കളവെന്നു സിബിഐ
Thursday, August 28, 2014 12:10 AM IST
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണം തടസപ്പെടുന്നുണ്െടന്ന ഒരു സര്‍ക്കാര്‍ ഇതര സംഘടനയുടെ വാദം കളവാണെന്നും സിബിഐ. സിബിഐ ഡയറക്ടര്‍ കേസ് അട്ടിമറിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി പരിഗണിച്ചിരുന്നു.

ഇതേ സംഘടന ഡല്‍ഹി ഹൈക്കോടതിയിലും സമാനമായ പരാതി നല്കിയിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണു സുപ്രീംകോടതിയില്‍ ഇവര്‍ക്കുവേണ്ടി ഹാജരാകുന്നത്.

അതേസമയം, നിരവധി കോടതികളില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ നല്കുന്നത് അന്വേഷണം തടസപ്പെടുത്താനാ ണെന്നു സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു. സിബിഐ ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സന്തോഷ് രസ്തോഗി, 2ജി കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദംമൂലം രസ്തോഗിയെ സ്ഥലംമാറ്റിയെന്നുമാണു സര്‍ക്കാര്‍ ഇതര സംഘടന സുപ്രീംകോടതിയെ അറിയിച്ചത്.

എന്നാല്‍, 1998 മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ രസ്തോഗി, 2ജി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിലില്ലെന്നും നാലു മാസംമുമ്പ് രസ്തോഗി തന്നെയാണു സ്ഥലംമാറ്റം ആവശ്യപ്പെട്ടതെന്നും സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു. ഈ വിവരം കോടതിയെ ധരിപ്പിക്കും. സുപ്രീംകോടതിയില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലിന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്െടന്നും കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ഇതു ബോധിപ്പിക്കുമെന്നും രഞ്ജിത് സിന്‍ഹ പറഞ്ഞു.


ടാറ്റാ ഗ്രൂപ്പിനു 2ജി ലൈസന്‍സ് ലഭിക്കാന്‍ യുണിടെക് എന്ന സ്ഥാപനം മുന്‍പന്തിയില്‍നിന്നതായി സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന്‍ കമ്പനികാര്യവകുപ്പിലെ അന്വേ ഷണ ഉദ്യോഗസ്ഥനോടു സിബിഐ ആവശ്യപ്പെട്ടിരുന്നു.

2ജി ലൈസന്‍സിനുവേണ്ടി റിലയന്‍സ് ടെലികോം ലിമിറ്റഡിന്റെ ബിനാമിയായി പ്രവര്‍ത്തിച്ച സ്വാന്‍ ടെലികോം, യൂണിഫൈഡ് ആക്സസ് സര്‍വീസ് ലൈസന്‍സ്(യുഎഎല്‍എല്‍) ചട്ടം അട്ടിമറിച്ചാണ് ലൈസന്‍സ് കരസ്ഥമാക്കി യതെന്നു മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ലൈസന്‍സ് ലഭിച്ചപ്പോള്‍ സ്വാന്‍ ടെലികോം എന്ന കമ്പനിയെ റിലയന്‍സ് ഉപേക്ഷിച്ചു. റിലയന്‍സിനെതിരേ പരാതികളൊന്നുമില്ലെന്ന നിയമമന്ത്രാലയത്തിന്റെ അഭിപ്രായമാണ് അന്വേഷണവേളയില്‍ സിബിഐ സ്വീകരിച്ചത്. സിബിഐ ഡയറക്ടര്‍ ഇപ്പോള്‍ സംസാരിക്കുന്നത് ഈ നിര്‍ദേശപ്രകാരമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.