മോദി സര്‍ക്കാരില്‍ ക്രിമിനല്‍ കേസ് നേരിടുന്ന മന്ത്രിമാര്‍ 12
Thursday, August 28, 2014 12:06 AM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിലെ 45 മന്ത്രിമാരില്‍ 12 പേര്‍ (27 ശതമാനം) ഒന്നോ അതിലധികമോ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. 13 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഉമാ ഭാരതിയാണു പട്ടികയില്‍ മുന്നിലുള്ളത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാ റ്റിക് റിഫോംസ്(എഡിആര്‍) എന്ന സന്ന ദ്ധസംഘടനയുടെ പഠനത്തിലാണ് ഇക്കാ ര്യം വ്യക്തമായത്.

പതിനാറാം ലോക്സഭയിലെ 34 ശതമാനം എംപിമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭരണകക്ഷിയായ ബിജെപിയുടെ 280 എംപിമാരില്‍ 35 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കേന്ദ്രത്തില്‍ പുതുതായി അധികാരമേറ്റ 45 അംഗ മോദി മന്ത്രിസഭയില്‍ 13 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായിരുന്നു. ഇതില്‍ എട്ടു പേര്‍ക്കെതിരേ അതീവ ഗുരുതരമായ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഗോപിനാഥ് മുണ്െട ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനു വാഹനാപകടത്തില്‍ മരണമടഞ്ഞു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാര്‍ എന്‍ഡിഎ ഘടകകക്ഷികളില്‍ പെട്ടവരാണ്.

1. ഉമാ ഭാരതി

ഉത്തര്‍പ്രദേശിലെ ഝാന്‍സി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമാ ഭാരതി ജലവിഭവം, നദീവികസനം, ഗംഗാ പുനരുജ്ജീവനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. ഉമാ ഭാരതിക്കെതിരേ 13 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ എട്ടെണ്ണം അതീവ ഗുരുതര സ്വഭാവമുള്ളവയാണ്. രണ്ടു കൊലപാതകശ്രമ കേസുകള്‍, സാമുദായിക മൈത്രി തകര്‍ക്കുന്നതരത്തിലുള്ള പ്രവര്‍ത്തനം, സാമുദായിക സൌഹാര്‍ദത്തിനുള്ള ഭംഗം വരുന്ന തരത്തിലുള്ള പ്രസംഗം, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുക എന്നിവയാണ് ഉമാ ഭാരതിക്കെതിരേയുള്ള പ്രധാന ക്രിമിനല്‍ കേസുകള്‍.

2. ഡോ. ഹര്‍ഷവര്‍ധന്‍

ഡല്‍ഹിയില്‍ ചാന്ദ്നിചൌക്ക് മണ്ഡലത്തിലെ എംപിയായ ഡോ. ഹര്‍ഷവര്‍ധന്‍ കേന്ദ്ര ആരോഗ്യമന്ത്രിയാണ്. ഗുരുതരമായി മുറിവേല്‍പ്പിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ പരിക്കേല്‍പ്പിക്കല്‍ എന്നിങ്ങനെ രണ്ടു ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്.

3. മേനക ഗാന്ധി

ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധാനം ചെയ്യുന്ന മേനക ഗാന്ധി വനിത-ശിശുക്ഷേമ മന്ത്രിയാണ്. ആക്രമണവും കുറ്റകരമായ ഭീഷണിപ്പെടുത്തലുമാണു മേനക ഗാന്ധിക്കെതിരേയുള്ളത്.


4. നിതിന്‍ ഗഡ്കരി

മഹാരാഷ്ട്രയിലെ നാഗ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിതിന്‍ ഗഡ്കരി കേന്ദ്ര റോഡ്, ഗതാഗത, ഷിപ്പിംഗ് മന്ത്രിയാണ്. കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ നാലു ക്രിമിനല്‍ കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്.

5. വി.കെ. സിംഗ്

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ എംപിയായ വി.കെ. സിംഗ് മുന്‍ കരസേനാ മേധാവിയാണ്. വിദേശകാര്യം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുടെ ചുമതലയുള്ള സഹമന്ത്രിയായ വി.കെ. സിംഗിനെതിരേ ദുരുദ്ദേശ്യത്തോടെ ദുരാരോപണം ഉന്നയിച്ചതിനു കേസുണ്ട്.

6. ഉപേന്ദ്ര കുഷ്വാഹ

ബിഹാറിലെ കാരാക്കട്ട് എംപിയായ ഉപേന്ദ്ര കുഷ്വാഹ എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവാണ്. ഗ്രാമവികസനം, പഞ്ചായത്തിരാജ് വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ഇദ്ദേഹം. കോഴക്കേസ് ഉള്‍പ്പെടെ കുഷ്വാഹയ്ക്കെതിരേ നാലു ക്രിമിനല്‍ കേസുകളുണ്ട്.

7. രാം വിലാസ് പാസ്വാന്‍

ബിഹാറിലെ ഹജിപുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാം വിലാസ് പാസ്വാന്‍ കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രിയാണ്. എന്‍ഡിഎ ഘടകകക്ഷിയായ എല്‍ജെപിയുടെ അധ്യക്ഷനാണ്. കോഴക്കേസാണ് പാസ്വാന്‍ നേരിടുന്ന പ്രധാന കേസ്.

8. നരേന്ദ്ര സിംഗ് തോമര്‍

മധ്യപ്രദേശിലെ ഗ്വാളിയര്‍ എംപിയായ തോമര്‍ ഖനി, ഉരുക്ക്, തൊഴില്‍ വകുപ്പ് മന്ത്രിയാണ്. ഇദ്ദേഹത്തിനെതിരേ ഒരു ക്രിമിനില്‍ കേസുണ്ട്.

9. ജുവല്‍ ഒറാം

ഒഡീഷയിലെ സുന്ദര്‍ഗഡ് എംപിയായ ജുവല്‍ ഒറാം ആദിവാസി ക്ഷേമമന്ത്രിയാണ്. ഒറാമിനെതിരേ ഒരു ക്രിമിനല്‍ കേസുണ്ട്.

10. ദാദാറാവു ദാന്‍വേ

മഹാരാഷ്ട്രയിലെ ജല്‍ന എംപിയായ ദാദറാവു ഡാന്‍വേ ഭക്ഷ്യ സിവില്‍ സപ്ളൈസ് സഹമന്ത്രിയാണ്. ഇദ്ദേഹത്തിനെതിരേ നാലു ക്രിമിനല്‍ കേസുകളുണ്ട്.

11. സഞ്ജീവ്കുമാര്‍ ബലിയാന്‍

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ എംപി. കൃഷി, ഭക്ഷ്യസംസ്കരണ സഹമന്ത്രി. ഇദ്ദേഹത്തിനെതിരേ ഒരു ക്രിമിനല്‍ കേസാണുള്ളത്.

12. ധര്‍മേന്ദ്ര പ്രധാന്‍

ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗമായ ധര്‍മേന്ദ്ര പ്രധാന്‍ പെട്രോളിയം, പ്രകൃതിവാതക വകുപ്പു മന്ത്രിയാണ്. ഇദ്ദേഹത്തിനെതിരേ രണ്ടു ക്രിമിനല്‍ കേസുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.