ക്രിമിനലുകളെ അയോഗ്യരാക്കിയില്ല; പ്രധാനമന്ത്രി തീരുമാനിക്കട്ടെയെന്നു സുപ്രീംകോടതി
ക്രിമിനലുകളെ അയോഗ്യരാക്കിയില്ല; പ്രധാനമന്ത്രി തീരുമാനിക്കട്ടെയെന്നു സുപ്രീംകോടതി
Thursday, August 28, 2014 11:35 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അഴിമതി, ക്രിമിനല്‍ കേസുകളില്‍ കുറ്റംചുമത്തപ്പെട്ടവരെയും ശിക്ഷ അനുഭവിച്ചവരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നു സുപ്രീംകോടതി പ്രധാനമന്ത്രിയെയും സംസ്ഥാന മുഖ്യമന്ത്രിമാരെയും ഉപദേശിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും വിവേകത്തോടു കൂടിയ തീരുമാനമെടുക്കണമെന്നും ഇതു സംബന്ധിച്ചു പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരെ അയോഗ്യരാക്കണമെന്ന ജസ്റീസ് കുര്യന്‍ ജോസഫിന്റെയും ജസ്റീസ് മദന്‍ ബി. ലോകുറിന്റെയും വിയോജനകുറിപ്പോടെയാണു സുപ്രീം കോടതിയുടെ നിര്‍ണായക വിധി.

അഴിമതി, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണമെന്നും രാഷ്ട്രീയത്തില്‍ കുറ്റവാളികള്‍ വര്‍ധിക്കുന്നതു നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു മനോജ് നറോല നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണു കോടതി വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ സംരക്ഷണചുമതലയുള്ളയാള്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയാണു ഭരണഘടന അനുശാസിക്കുന്ന മര്യാദകള്‍ പാലിക്കുന്ന അനുയോജ്യരായ ആളുകളെ മന്ത്രിമാരാക്കണമെന്ന് നിശ്ചയിക്കേണ്ടത്. എന്നാല്‍, അത്തരത്തിലുള്ള ചുമതല നിറവേറ്റണമെന്ന് ഉത്തരവിടാനാവില്ല. ആരെ മന്ത്രിയാക്കണമെന്നോ ആരെ ഒഴിവാക്കണമെന്നോ എംപിയോ എംഎല്‍എയോ ആകുന്നയാളെ മന്ത്രിമാരാക്കരുതെന്നോ ഭരണഘടനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

പ്രധാനമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്ന ഭരണഘടനയിലെ 75 (ഒന്ന്) ചട്ടത്തില്‍ അയോഗ്യത എന്നത് എഴുതിച്ചേര്‍ക്കാനാവില്ല. എന്നാല്‍, ധാര്‍മികത, സദ്ഭരണം, വിശ്വാസ്യത എന്നിവ കാത്തുസൂക്ഷിക്കുന്നതിനും ഭരണഘടന നല്‍കുന്ന ചുമതല നിറവേറ്റുന്നതിനും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വിവേകപൂര്‍വമായ നടപടി സ്വീകരിക്കണം. കുറ്റകൃത്യങ്ങളിലും കേസുകളിലും പെട്ടവര്‍ എങ്ങനെയാണ് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയെന്നും കോടതി ചോദിച്ചു.


അതേസമയം, കളങ്കിതരായ അംഗങ്ങളെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന നിര്‍ദേശമാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിലെ രണ്ടംഗങ്ങള്‍ മുന്നോട്ടുവച്ചത്. കുറ്റവാളികളെയും കളങ്കിതരായവരെയും സിവില്‍ സര്‍വീസില്‍ ഉള്‍പ്പെടുത്തരുതെന്നു നിയന്ത്രണം കൊണ്ടുവരാമെങ്കില്‍ മന്ത്രിസഭയുടെ കാര്യത്തില്‍ എന്തുകൊണ്ടായിക്കൂടായെന്ന് ജസ്റീസുമാരായ കുര്യന്‍ ജോസഫും മദന്‍ ബി. ലോകുറും ചോദിച്ചു. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഭരണഘടനയില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും വിശ്വാസ്യതയോടും നീതിബോധത്തോടും കൂടി കാര്യങ്ങള്‍ ചെയ്യുമെന്നുമാണ് സത്യപ്രതിജ്ഞ ചൊല്ലാറുള്ളത്. അങ്ങനെയുള്ള അവര്‍ മന്ത്രിസഭാംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ കളങ്കിതരായവരെ ഒഴിവാക്കണം എന്നാണ് കോടതിക്കു പറയാനുള്ളതെന്നു ജസ്റീസ് കുര്യന്‍ ജോസഫ് പ്രത്യേക വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് 2005ലാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തേ കേസ് പരിഗണിച്ച സുപ്രീംകോടതി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും കോടതിക്ക് ഇടപെടാനാകില്ലെന്നും അറിയിച്ചിരുന്നു. പിന്നീട്, പുനഃപരിശോധനയ്ക്കായി സമര്‍പ്പിച്ചതിനെത്തുടര്‍ന്നു കേസ് അഞ്ചംഗ ഭരണഘടന ബെഞ്ചിനു കൈമാറുകയായിരുന്നു. ഇപ്പോഴത്തെ മന്ത്രിസഭയില്‍ 12 പേര്‍ക്കെതിരേയാണു ക്രിമിനല്‍, സിവില്‍ കേസുകളുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.