സബ്സിഡി സിലിണ്ടര്‍: മാസത്തില്‍ ഒന്ന് എന്ന നിയന്ത്രണം നീക്കി
സബ്സിഡി സിലിണ്ടര്‍: മാസത്തില്‍ ഒന്ന് എന്ന നിയന്ത്രണം നീക്കി
Thursday, August 28, 2014 12:11 AM IST
ന്യൂഡല്‍ഹി: സബ്സിഡി നിരക്കില്‍ പാചക വാതക സിലിണ്ടറുകള്‍ മാസത്തില്‍ ഒന്നു മാത്രം എന്ന നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇന്നലെ ചേര്‍ന്ന കാബിനറ്റു യോഗത്തിലാണു തീരുമാനം. എന്നാല്‍, വര്‍ഷത്തില്‍ 12 സിലിണ്ടറുകള്‍ എന്നതില്‍ മാറ്റമുണ്ടാകില്ല. മാസത്തില്‍ ഒന്ന് എന്ന നിരക്കില്‍ ഉപയോഗിച്ചില്ലെങ്കിലും ഉപയോക്താക്കള്‍ക്കു വര്‍ഷത്തില്‍ 14.2 കിലോയുള്ള 12 സിലിണ്ടറുകള്‍ ലഭിക്കുമെന്നു കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സബ്സിഡി നിരക്കില്‍ ഒരു സിലിണ്ടറിനു ഡല്‍ഹിയില്‍ 414 രൂപയാണ്. വര്‍ഷത്തില്‍ 12 സിലിണ്ടറുകളിലധികം വാങ്ങുന്നവര്‍ ഒരു സിലിണ്ടറിനു 920 രൂപ വിപണി വില നല്‍കേണ്ടി വരും.


മാസത്തിലൊന്ന് എന്ന നിയന്ത്രണം പലപ്പോഴും ആളുകള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നതായും കാബിനറ്റ് വിലയിരുത്തി. പലപ്പോഴും ചില കുടുംബങ്ങളില്‍ എല്ലാ മാസങ്ങളിലും സിലിണ്ടറുകള്‍ ഉപയോഗിച്ചു തീര്‍ന്നു പുതിയതു വാങ്ങേണ്ട ആവശ്യം വരാറില്ല. ചില കുടുംബങ്ങളില്‍ ഒരു മാസം തികയുന്നതിനു മുമ്പേ പുതിയ സിലിണ്ടര്‍ ആവശ്യമായി വരികയും ചെയ്യും. അതിനാല്‍ നിയന്ത്രണം ഒഴിവാക്കിയത് ഇപ്പോള്‍ ഉപയോക്താക്കള്‍ക്കു ഏറെ പ്രയോജനം ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.