ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന മഹാരാഷ്ട്രക്കാരന്‍ കൊല്ലപ്പെട്ടു
ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന മഹാരാഷ്ട്രക്കാരന്‍ കൊല്ലപ്പെട്ടു
Thursday, August 28, 2014 11:34 PM IST
മുംബൈ: ഇറാക്കില്‍ സര്‍ക്കാരിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ പോരടിക്കുന്ന ഇസ്ലാമിക് സ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ പ്രവര്‍ത്തകനായ ഇന്ത്യക്കാരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി ആരിഫ് ഫയാസ് മജീദ്(22) ആണ് കൊല്ലപ്പെട്ടത്. ഇറാക്കി നഗരമായ മൊസൂളില്‍ സര്‍ക്കാര്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിനിടെയുണ്ടായ സ്ഫോടനത്തിലാണ് ആരിഫ് കൊല്ലപ്പെട്ടത്. ആരിഫിനൊപ്പം കല്യാണില്‍നിന്നുള്ള സാഹിന്‍ ഫറൂഖി ടാങ്കി, ഫഹാദ് ഷെയ്ക്ക്, അമാന്‍ ടാന്‍ഡെല്‍ എന്നീ മൂന്നു സുഹൃത്തുക്കള്‍ക്കൂടി ഇറാക്കിലുണ്ടത്രെ. ഇവരില്‍ സാഹിന്‍ ടാങ്കിയാണു കഴിഞ്ഞ ചൊവ്വാഴ്ച ആരിഫിന്റെ വീട്ടില്‍ ഫോണ്‍ മുഖേന മരണവാര്‍ത്ത അറിയിച്ചത്. സ്ഫോടനത്തിലാണ് ആരിഫ് കൊല്ലപ്പെട്ടതെന്ന് ഇയാള്‍ അറിയിച്ചതായി ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു.

കല്യാണ്‍ വെസ്റിലെ ദുത് നാകാ-ഗോവിന്ദ് വാഡിയിലാണ് ആരിഫിന്റെയും സുഹൃത്തുക്കളുടെയും വീട്. നവി മുംബൈയിലെ കാല്‍സെകാര്‍ എന്‍ജിനിയറിംഗ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണു നാലുപേരും. കല്യാണില്‍ ഡോക്ടറായ ഇജാസ് മജീദിന്റെ മകനാണ് ആരിഫ്. മാതാപിതാക്കളെ അറിയിക്കാതെ കഴിഞ്ഞ മേയ് 23നാണ് ഇറാക്കിലെ വിശുദ്ധ നഗരമായ കര്‍ബാലയിലേക്കു മഹാരാഷ്ട്രയില്‍നിന്നുള്ള 22 അംഗ തീര്‍ഥാടകസംഘത്തിനൊപ്പം നാലുപേരും വീട്ടില്‍നിന്നു തിരിച്ചത്. പോകുന്നതിനുമുമ്പ് ആരിഫ് അമ്മയ്ക്കു കത്തെഴുതി വച്ചിരുന്നു. എന്തുകൊണ്ട് അള്ളാഹുവിന്റെ നാട്ടിലേക്കു നീ കുടിയേറിയില്ലെന്നു മരണത്തിന്റെ മാലാഖ തന്നോടു ചോദിക്കുമെന്നും നമുക്കെല്ലാം പറുദീസയില്‍വച്ചു കാണാമെന്നും കത്തില്‍ എഴുതിയിരുന്നു. മേയ് 24ന് വീട്ടിലേക്കു വിളിച്ച ആരിഫ് വീട്ടുകാരോടു ചോദിക്കാതെ യാത്ര പുറപ്പെട്ടതില്‍ ക്ഷമചോദിക്കുകയും ജോലി തേടിയാണ് ഇറാക്കിലേക്കു പോകുന്നതെന്നും പറഞ്ഞിരുന്നു. 25ന് വീണ്ടും വീട്ടിലേക്കു വിളിച്ച ആരിഫ് താന്‍ സുഖമായിരിക്കുന്നുവെന്നു പറഞ്ഞു. പിന്നീടൊരിക്കല്‍ ആരിഫ് വീട്ടിലേക്ക് അയച്ച കത്തില്‍ ഇസ്ലാമിനെ സംരക്ഷിക്കാനുള്ള യുദ്ധത്തില്‍ താനും അണിചേരുകയാണെന്ന് അറിയിച്ചിരുന്നു. പിന്നീടു നാലുപേരെക്കുറിച്ചും വിവരമൊന്നുമുണ്ടായില്ല. ബാഗ്ദാദില്‍നിന്നു തങ്ങളുമായി വേര്‍പിരിഞ്ഞ യുവാക്കള്‍ ടാക്സിയില്‍ ഫല്ലൂജയിലേക്കു പോയതായി തീര്‍ഥാടകസംഘം വെളിപ്പെടുത്തിയിരുന്നു.


ബാഗ്ദാദിലെത്തിയെന്നു പറഞ്ഞു മകന്‍ കഴിഞ്ഞ മേയ് 26ന് തന്നെ ഫോണില്‍ വിളിച്ചതായി ആരിഫിന്റെ പിതാവ് ഡോ. ഇജാസ് മജീദ് പറഞ്ഞിരുന്നു. മകനെ ചിലര്‍ ചേര്‍ന്നു മയക്കി ഭീകരസംഘടനയില്‍ ചേര്‍ത്തിരിക്കുകയാണെന്നും അവനെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗിനെ സന്ദര്‍ശിച്ച് ഇജാസ് മജീദ് ആവശ്യപ്പെട്ടിരുന്നു. താനെയിലുള്ള ചില ബിസിനസുകാരാണു യുവാക്കളെ മയക്കി ഐഎസ് സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതും ചെലവിനാവശ്യമായ ഫണ്ട് നല്‍കിയതെന്നും സൂചനയുണ്ട്.

യുവാക്കള്‍ ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്നതിനു തെളിവായി ഇവര്‍ നടത്തിയ പണമിടപാടു മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് കണ്െടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 14ന് ഭീകരവിരുദ്ധ സ്ക്വാഡ് നാലുപേരുടെയും വീടുകളില്‍ നടത്തിയ തെരച്ചിലില്‍ ഏതാനും പെന്‍ഡ്രൈവുകളും ലാപ്ടോപ്പുകളും കണ്െടടുത്തിയിരുന്നു. സംഘം നടത്തിയ പണമിടപാടു സംബന്ധിച്ച വിവരങ്ങള്‍ ലാപ്ടോപ്പില്‍നിന്നു ലഭിക്കുകയും ചെയ്തു.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നു പാവപ്പെട്ട കുടുംബങ്ങളില്‍നിന്നുള്ള യുവാക്കളെ പണം നല്‍കി മോഹിപ്പിച്ച് ഐഎസ് ഭീകരസംഘടനയിലേക്കു ചേര്‍ക്കുന്നുണ്െടന്നു കഴിഞ്ഞ ദിവസം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്റര്‍നെറ്റിലൂടെയാണു റിക്രൂട്ട്മെന്റ് നടക്കുന്നത്. ഇതു ശരിവയ്ക്കുന്നതാണു പുതിയ സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.