വനിതാബില്ലിനുവേണ്ടി സമ്മര്‍ദം ചെലുത്തുമെന്ന് സോണിയഗാന്ധി
വനിതാബില്ലിനുവേണ്ടി സമ്മര്‍ദം ചെലുത്തുമെന്ന് സോണിയഗാന്ധി
Thursday, August 21, 2014 12:16 AM IST
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ എത്രയും വേഗം പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുമെന്നു യുപിഎ അധ്യക്ഷ സോണിയഗാന്ധി. ഇതിനായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുവാന്‍ ശക്തമായി അവശ്യപ്പെടും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വനിതാ ബില്‍ പാസാക്കാന്‍ കഴിയാത്തതില്‍ കടുത്ത ഖേദമുണ്െടന്നും സോണിയ കൂട്ടിച്ചേര്‍ത്തു. ഏറെത്താമസിയാതെ തന്നെ കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവു നടത്തുമെന്നും സോണിയ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപതാം ജന്മദിനത്തില്‍ മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സോണിയ. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളുമാണു ബിജെപി ഇപ്പോള്‍ ഏറ്റെടുത്തു നടപ്പാക്കുന്നത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തിലേറിയത്. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കെണിയില്‍ വീഴ്ത്തുകയായിരുന്നു. യുപിഎയുടെ ഭരണനേട്ടങ്ങളെ മറച്ചുവയ്ക്കുകയും ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങള്‍ സമ്മാനിക്കുകയുമായിരുന്നു ബിജെപി ചെയ്തതെന്നും സോണിയ ആരോപിച്ചു.


കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതു മുതല്‍ രാജീവ് ഗാന്ധി ഊന്നല്‍ കൊടുത്തത് സ്ത്രീ ശാക്തീകരണത്തിനായിരുന്നു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് രാജീവ് ആഗ്രഹിച്ചിരുന്നു. രാജ്യത്തെ പകുതി ആളുകള്‍ മാത്രം വിചാരിച്ചാല്‍ വികസനക്കുതിപ്പ് ഉണ്ടാകില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിന്റെ മരണത്തിനുശേഷം ആരും തന്നെ ആ പ്രശ്നം ഏറ്റെടുത്തില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനു സ്ത്രീ ശാക്തീകരണം അത്യാവശ്യ ഘടകമാണെന്നു പരിപാടിയില്‍ സംസാരിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സ്ത്രീകള്‍ പല മേഖലകളിലും അടിച്ചമര്‍ത്തപ്പെടുകയാണെന്നും നഗരങ്ങളില്‍ സ്ത്രീകള്‍ അരക്ഷിതരാണെന്നും രാഹുല്‍ പറഞ്ഞു. വരുന്ന അസംബ്ളി തെരഞ്ഞെടുപ്പിലും വനിതകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.