പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധൃതി വേണ്െടന്നു ധനമന്ത്രി
പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധൃതി വേണ്െടന്നു ധനമന്ത്രി
Thursday, August 21, 2014 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധൃതി വേണ്െടന്നു സംസ്ഥാന ധനമന്ത്രി കെ.എം. മാണി. സമ്പൂര്‍ണ മദ്യ നിരോധനം വേണമെന്ന ആശയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍, ഇത് ഒരു ദിവസം കൊണ്ട് നടപ്പാക്കാനാവില്ല. ഇക്കാര്യങ്ങള്‍ യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യേണ്ടതാണെന്നും മന്ത്രി മാണി വ്യക്തമാക്കി.

മദ്യനിരോധനത്തിന് നിരവധി പ്രശ്നങ്ങളുണ്ട്. തൊഴിലാളികളുടെ കാര്യം നോക്കണം. മദ്യമില്ലാതാകുമ്പോള്‍ കള്ളവാറ്റ് കൂടും. ഇതൊക്കെ പരിഗണിച്ചു മാത്രമേ അതു പ്രായോഗികമാക്കാനാകൂ. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ച നല്ലതാണ്. മദ്യത്തിന്റെ ലഭ്യത കുറച്ചു കുറച്ച് ഇല്ലാതാക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. മദ്യനിരോധനം കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണെന്നും കെ.എം. മാണി വിശദമാക്കി.


സംസ്ഥാനത്ത് നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ ധൃതി വയ്ക്കേണ്ടതില്ല. എത്ര അടഞ്ഞു കിടക്കുന്നോ അത്രയും നല്ലത്. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അവ പൂട്ടിയത്. അതവിടെ കിടക്കും. വിശാല താത്പര്യം കണക്കാക്കുമ്പോള്‍ ബാറുകളില്‍നിന്നു സര്‍ക്കാരിന് കിട്ടുന്ന വരുമാനം കണക്കിലെടുക്കേണ്ടതില്ല. മദ്യ നിരോധനത്തിന്റെ കാര്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ നിലപാടു തന്നെയാണ് തങ്ങള്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.