ബദാവുന്‍ പെണ്‍കുട്ടികള്‍ മാനഭംഗത്തിന് ഇരയായിട്ടില്ലെന്നു റിപ്പോര്‍ട്ട്
Thursday, August 21, 2014 12:14 AM IST
ന്യൂഡല്‍ഹി: വിവാദമായ ബദാവുന്‍ മാനഭംഗക്കേസ് പുതിയ വഴിത്തിരിവിലേക്ക്. ബദാവുനില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്െട ത്തിയ സഹോദരിമാരായ കുട്ടികള്‍ മാനഭംഗത്തിനിരയായിട്ടില്ലെന്നു ഡിഎന്‍എ റിപ്പോര്‍ട്ട്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സെന്റര്‍ ഫോര്‍ ഡിഎന്‍എ ഫിംഗര്‍പ്രിന്റിംഗ് ആന്‍ഡ് ഡയഗ്നോസ്റിക്സ്(സിഡിഎഫ്ഡി)ആണു പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും വിശ്വാസ്യതയുള്ള സര്‍ക്കാര്‍ ലാബില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ട് വളരെ സുപ്രധാനമാണെന്നു സിബിഐ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.മാത്രമല്ല, കുറ്റാരോപിതരായവരുടെ നുണ പരിശോധനാ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും തമ്മില്‍ സാമ്യമില്ല. ഇതോടെ കുടുംബാംഗങ്ങളിലേക്കാണു സംശയത്തിന്റെ നിഴല്‍ നീങ്ങുന്നതെന്നു സിബിഐ അറിയിച്ചു. മാനം കാക്കല്‍ കൊലയുടെ ഇരകളാണോ പെണ്‍കുട്ടികള്‍ എന്ന സംശയമാണു ശക്തമാകുന്നത്. ലാബ് റിപ്പോര്‍ട്ട് കൂടുതല്‍ വിലയിരുത്തലിനായി മൂന്നംഗ മെഡിക്കല്‍ പാനലിനു കൈമാറും. മൂന്നു സഹോദരങ്ങളും രണ്ടു പോലീസ് കോണ്‍സ്റബിള്‍മാരുമാണു പ്രതികളായിട്ടുള്ളത്. ഇവര്‍ക്കെതിരേ വ്യക്തമായ തെളിവില്ലാത്തതിനാല്‍ ഇവരുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നു സിബിഐ പറഞ്ഞു.


മേയ് അവസാനമായിരുന്നു 15ഉം 14ഉം വയസുള്ള പെണ്‍കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്െടത്തിയത്. രാജ്യമെമ്പാടും പ്രതിഷേധത്തിന്റെ അലകളുയര്‍ത്തിയ സംഭവമായിരുന്നു ഇത്. യുപിയിലെ സമാജ് വാദി സര്‍ക്കാരിനെതിരേയും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രമസമാധാനനില തകര്‍ന്നെന്നും സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

ആദ്യഘട്ടത്തില്‍തന്നെ പെണ്‍കുട്ടികളിലൊരാള്‍ മാനഭംഗത്തിന് ഇരയായതായി സ്ഥിരീകരണമില്ലെന്നു യുപി ഡിജിപി എ.എല്‍.ബാനര്‍ജി പറഞ്ഞിരുന്നു. ഇതു പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് ആക്ഷേപമുയര്‍ന്നതോടെയാണു യുപിസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.