പ്രധാനമന്ത്രിപദം: സോണിയയെ തടഞ്ഞതു രാഹുലെന്നു നട്വര്‍
പ്രധാനമന്ത്രിപദം: സോണിയയെ തടഞ്ഞതു രാഹുലെന്നു നട്വര്‍
Thursday, July 31, 2014 12:01 AM IST
ന്യൂഡല്‍ഹി: 2004 ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ മകന്‍ രാഹുല്‍ഗാന്ധി തടഞ്ഞതായി മുന്‍ വിദേശകാര്യമന്ത്രി നട്വര്‍ സിംഗ്. മുത്തശ്ശിയെയും പിതാവിനെയും പോലെ അമ്മയും കൊല്ലപ്പെടുമെന്നു രാഹുല്‍ ഭയന്നതായി മുമ്പു ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായിരുന്ന നട്വര്‍ സിംഗ്(83) വെളിപ്പെടുത്തി.

ഒന്നാം യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം ഇറാക്കി എണ്ണയ്ക്കു പകരം ഭക്ഷണം പദ്ധതിയില്‍ അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍നിന്നു രാജിവച്ചത്. 2008 ല്‍ കോണ്‍ഗ്രസ് വിട്ട നട്വര്‍സിംഗ് തന്റെ ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. സോണിയഗാന്ധിയുടെ സ്വമേധയായുള്ള തീരുമാനപ്രകാരമാണ് പ്രധാനമന്ത്രിപദത്തില്‍നിന്ന് വിട്ടുനിന്നതെന്നാണു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. ഇത്തരം രഹസ്യങ്ങള്‍ ആത്മകഥയില്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷയും മകള്‍ പ്രിയങ്കയും മാര്‍ച്ച് ഏഴിനു തന്റെ വസതിയില്‍ എത്തിയിരുന്നതായും ഹെഡ്ലൈ ന്‍സ് ടുഡേക്കു വേണ്ടി കരണ്‍ ഥാപ്പറിനു നല്‍കിയ അഭിമുഖത്തില്‍ നട്വര്‍ സിംഗ് പറഞ്ഞു.

വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്: ആന്‍ ഓട്ടോബയോഗ്രഫി എന്നു പേരിട്ടിരിക്കുന്ന ആത്മകഥ നാളെ പുറത്തിറങ്ങും. പ്രധാനമന്ത്രിയായാല്‍ തന്റെ മുത്തശ്ശിയും പിതാവും കൊല്ലപ്പെട്ടതുപോലെ അമ്മയും കൊല്ലപ്പെടുമെന്നു രാഹുല്‍ 2004 മേയ് 18 ന് നടന്ന കോണ്‍ഗ്രസ് ഉന്നതതലയോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ മന്‍മോഹന്‍സിംഗ്, സുമന്‍ ദുബെ, പ്രിയങ്ക എന്നിവരും താനും പങ്കെടുത്തിരുന്നു. പിന്നീടു മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാകാന്‍നിയോഗിക്കുകയായിരുന്നു: നട്്വര്‍ സിംഗ് പറഞ്ഞു.


യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നട്വര്‍ സിംഗിന്റെ ആത്മകഥയില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു വെളിപ്പെടുത്തിയതു പോലെ പ്രധാനപ്പെട്ട ഫയലുകളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അല്ല സോണിയഗാന്ധിയാണു തീരുമാനമെടുത്തതെന്നും പുസ്തകത്തില്‍ പറയുന്നു.

1991 ല്‍ ശങ്കര്‍ ദയാല്‍ ശര്‍മയെ പ്രധാനമന്ത്രിയാക്കാനായിരുന്നു സോണിയയുടെ തീരുമാനം. എന്നാല്‍, ആരോഗ്യകാരണങ്ങളാല്‍ ശര്‍മ പിന്‍വാങ്ങി. പിന്നീട് സോണിയയ്ക്ക് അടുപ്പമില്ലാത്ത പി.വി. നരസിംഹറാവുവിനെ പ്രധാനമന്ത്രിയായി നിയമിച്ചു. ശങ്കര്‍ ദയാല്‍ ശര്‍മയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്ട്രപതിയാക്കി.

രാഷ്ട്രീയത്തില്‍ സോണിയ രാജീവ്ഗാന്ധിയെക്കാള്‍ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നതെന്നും അവര്‍ക്ക് ഹൃദയവിശാലതയുണ്െടന്നും നട്വര്‍സിംഗ് അഭിമുഖത്തില്‍ പറഞ്ഞു. നട്വര്‍സിംഗിന്റെ മകന്‍ രാജസ്ഥാനിലെ ബിജെപി എംഎല്‍എയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.