ചപ്പാത്തി തീറ്റിച്ച സംഭവം: കേന്ദ്രം ഖേദം പ്രകടിപ്പിച്ചു
Saturday, July 26, 2014 12:07 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സദനില്‍ റംസാന്‍ നോമ്പിലായിരുന്ന ജീവനക്കാരനെ ബലപ്രയോഗത്തിലൂടെ ചപ്പാത്തി തീറ്റിക്കാന്‍ ശിവസേന എംപി ശ്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ചു കേന്ദ്രസര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. സംഭവം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ പൌരന്മാര്‍ക്ക് ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യ്രം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. മത സൌഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിനുള്ള ശ്രമം പാര്‍ലമെന്റ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നു മന്ത്രി അഭ്യര്‍ഥിച്ചു.

ഈ മാസം 17നു സംഭവം നടന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചതായി മന്ത്രി അറിയിച്ചു. മഹാരാഷ്ട്ര സദനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു ചില എംപിമാര്‍ കാന്റീന്‍ നടത്തിപ്പില്‍നിന്ന് ഐആര്‍സിടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് മഹാരാഷ്ട്ര സദന്‍ റെസിഡന്റ് കമ്മീഷണറുടെ അടുക്കളമുറിയില്‍ പോയി എംപിമാര്‍ എതിപ്പു പ്രകടിപ്പിച്ചു. ഭക്ഷണത്തിന്റെ നിലവാരം സംബന്ധിച്ച് ഒഴികഴിവു പറഞ്ഞ ഐആര്‍സിടിസി റെസിഡന്റ് മാനേജര്‍ അര്‍ഷാദ് സുബൈറിനെ ഒരു ചപ്പാത്തി തീറ്റിക്കാന്‍ ശ്രമിച്ചുവെന്നും രാജ്നാഥ് വ്യക്തമാക്കി. തൊട്ടടുത്ത ദിവസം തന്നെ ഐആര്‍സിടിസി മാഹരാഷ്ട്ര സദനുമായുള്ള കരാര്‍ അവസാനിപ്പിച്ചു കത്തയച്ചു. തങ്ങളുടെ തീരുമാനം അന്തിമമാണെന്നും അത് മാറ്റുന്ന പ്രശ്നമില്ലന്നും ഐആര്‍സിടിസി അറിയിച്ചിട്ടുണ്ട്. എന്നാല്‍, അര്‍ഷാദ് സുബൈര്‍ ലോക്കല്‍ പോലീസില്‍ ഇതു സംബന്ധിച്ച് പരാതിയൊന്നും നല്‍കിയെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര റെസിഡന്റ് കമീഷണര്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസിനെ വിവരമറിയിച്ചിരുന്നതാണെങ്കിലും അദ്ദേഹവും ഒരു പരാതിയും നല്‍കിയില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.


വിഷയം ഉന്നയിച്ച നേതാക്കളാരും ഈ സമയത്ത് സഭയില്‍ ഇല്ലാതിരുന്ന സമയത്താണു കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തിനായി തെരഞ്ഞെടുത്തത്. സ്വകാര്യ ബില്‍ മാത്രമായിരുന്നു അജണ്ടയിലെന്നതിനാല്‍ രാജ്യസഭയില്‍ പ്രതിപക്ഷനിര പൂര്‍ണമായും ഒഴിഞ്ഞുകിടന്നു. പ്രസ്താവന തൃപ്തികരമല്ലെന്ന് സഭയിലുണ്ടായിരുന്ന സിപിഐ നേതാവ് ഡി. രാജ പറയാന്‍ ശ്രമിച്ചെങ്കിലും ചട്ടം അനുവദനീയമായിരുന്നില്ല.

അതിനിടെ നോമ്പുകാരന്റെ വായില്‍ ചപ്പാത്തി തിരുകിയ ശിവസേനാ എംപി രാജന്‍ വിച്ചാറെക്കെതിരെ അഭിഭാഷകനായ ഇംറാന്‍ അലി ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, അര്‍ഷാദ് നേരിട്ടു പരാതി നല്‍കിയിട്ടില്ലെന്നും മറ്റൊരാള്‍ നല്‍കിയ പരാതിയായതിനാല്‍ അക്രമത്തിനിരയായ ആളോടു ചോദിച്ച ശേഷമേ നടപടി എടുക്കാന്‍ കഴിയൂ എന്നുമാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. ശിവസേനയുടെ താനെയിലെ എംപി രാജന്‍ വിചാരെ മഹാരാഷ്ട്ര സദനിലെ കാന്റീന്‍ ജീവനക്കാരന്‍ അര്‍ഷാദിന്റെ വായില്‍ ചപ്പാത്തി ബലം പ്രയോഗിച്ചു വച്ചു കൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു സംഭവം വിവാദമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.