ലോക്പാല്‍ സമിതിയെ തെരഞ്ഞെടുക്കേണ്ട ചുമതല അടുത്ത സര്‍ക്കാരിനെന്നു കേന്ദ്രം
Friday, April 25, 2014 11:37 PM IST
ന്യൂഡല്‍ഹി: അഴിമതി നിരോധനം ലക്ഷ്യമാക്കിയുള്ള ലോക്പാല്‍ സമിതിയെ തെരഞ്ഞെടുക്കേണ്ട ചുമതല അടുത്ത സര്‍ക്കാരിനാണെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ലോക്പാല്‍ നിയമന രീതിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കെവെയാണു സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലോക്പാലിനെ തെരഞ്ഞെടുക്കാനുള്ള സമിതി മാര്‍ച്ചില്‍ കൂടാനിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. രണ്ടു ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പില്‍ സെര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ചെയ്യുന്ന വ്യക്തികളില്‍ നിന്നു സെലക്ഷന്‍ കമ്മിറ്റിയാണു ലോക്പാലിനെ നിയമിക്കേണ്ടത്.


പക്ഷേ, സെര്‍ച്ച് കമ്മിറ്റിയില്‍നിന്നു ജസ്റീസ് കെ.ടി. തോമസ്, പ്രമുഖ നീതി ന്യായ വിദഗ്ധന്‍ ഹാലി.എസ്. നരിമാന്‍ എന്നിവര്‍ പിന്മാറിയിരുന്നു.

ലോക്പാല്‍ കമ്മിറ്റി അധ്യക്ഷനെയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ആണു ഇക്കാര്യം അറിയിച്ചത്. മേയ് അഞ്ചു വരെ ഇക്കാര്യത്തില്‍ തിരുമാനമെടുക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.