വിരുതുകാട്ടാന്‍ വിരുദുനഗര്‍
വിരുതുകാട്ടാന്‍ വിരുദുനഗര്‍
Thursday, April 24, 2014 12:15 AM IST
പഴയ ശിവകാശിയാണു വിരുദുനഗറായി രൂപാന്തരം പ്രാപിച്ചത്. എം.ജി. രാമചന്ദ്രന്‍, കെ. കാമരാജ്, ഒ.പനീര്‍ ശെല്‍വം എന്നീ മൂന്നു മുഖ്യമന്ത്രിമാരെ സൃഷ്ടിച്ച നാട്. പിന്നെയുമുണ്ട് ഈ മണ്ഡലത്തിന്റെ സവിശേഷത-രാജ്യത്തെ പടക്കനിര്‍മാണത്തിന്റെ 98 ശതമാനം ശിവകാശിയിലാണ്.

തീപ്പൊരി നേതാവ് വൈകോയാണ് വിരുദുനഗറിലെ ശ്രദ്ധാകേന്ദ്രം. തമിഴ്നാട്ടില്‍ യഥാര്‍ഥ ചതുഷ്കോണ മത്സരം നടക്കുന്ന വിരുദുനഗറില്‍ വൈകോയുടെ പ്രധാന എതിരാളി കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപിയും യുവനേതാവുമായ മാണിക്ക ടാഗോറാണ്. അഞ്ചാംവട്ടം മത്സരിക്കുന്ന വൈകോ രണ്ടു തവണ ലോക്സഭാംഗമായിട്ടുണ്ട്. കഴിഞ്ഞതവണ മാണിക്ക ടാഗോറിനോടു വൈകോ പരാജയപ്പെട്ടത് 15,000 വോട്ടുകള്‍ക്കു മാത്രമായിരുന്നു. വൈകോ-മാണിക്ക ടാഗോര്‍ പോരാട്ടത്തില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി ഡി. രാധാകൃഷ്ണനും ഡിഎംകെ സ്ഥാനാര്‍ഥി എസ്. രത്തിനവേലുവും പിന്നോക്കം പോയിരിക്കുന്നു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന അപൂര്‍വം മണ്ഡലങ്ങളിലൊന്നാണു വിരുദുനഗര്‍.

ജാതിയാണു വിരുദുനഗറിലെ താരം. ശിവകാശിയില്‍ കഴിഞ്ഞ പത്തു തെരഞ്ഞെടുപ്പുകളില്‍ ജയിച്ചുകയറിയിട്ടുള്ളത് മുക്കുളത്തര്‍, തെലുങ്കു സംസാരിക്കുന്ന നായ്ക്കര്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമാണ്.

മുക്കുളത്തര്‍ 30 ശതമാനമുണ്ട്. നാടാര്‍മാര്‍ നാലു ലക്ഷമുണ്ട്. കമ്മ, കമ്പളത്തര്‍, പട്ടികജാതി വിഭാഗങ്ങള്‍ നിര്‍ണായകമാണ്. കമ്മ നായിഡു സമുദായമാണു വൈകോയുടെ പിന്‍ബലം.

വിരുദുനഗര്‍, ശിവകാശി, അരുപ്പുക്കോട്ട, സത്തൂര്‍, തിരുപ്പാരക്കുന്ദ്രം, തിരുമംഗലം എന്നിവയാണു വിരുദുനഗറിലെ നിയമസഭാ മണ്ഡലങ്ങള്‍. 1977ല്‍ അരുപ്പുക്കോട്ടയില്‍ വിജയിച്ചാണു എംജിആര്‍ ആദ്യമായി മുഖ്യമന്ത്രിയായത്.


പവര്‍കട്ട്, കുടിവെള്ളം, തൊഴിലില്ലായ്മ എന്നിവയാണു മണ്ഡലത്തിലെ പ്രധാന പ്രചാരണവിഷയങ്ങള്‍. വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണു മാണിക്ക ടാഗോര്‍ വോട്ടു തേടുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും വ്യത്യസ്ത പ്രചാരണശൈലിയാണു ടാഗോര്‍ ഉപയോഗിക്കുന്നത്. നഗരമേഖലകളില്‍ തന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ലഘുലേഖയില്‍ അക്കമിട്ടു നിരത്തുന്ന ടാഗോര്‍ ഗ്രാമങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയെന്ന തുറുപ്പുചീട്ട് പുറത്തെടുക്കുന്നു.

ബിജെപി അധികാരത്തിലെത്തിയാല്‍ തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കുമെന്നു ടാഗോര്‍ ഗ്രാമീണര്‍ക്കു മുന്നറിയിപ്പു നല്കുന്നു. രാഹുല്‍ ബ്രിഗേഡിലെ അംഗമായ മാണിക്ക ടാഗോര്‍ തമിഴ്നാട്ടിലെ പ്രമുഖ യുവനേതാവാണ്.

ശിവകാശയിലെ മിക്ക ഫാക്ടറികളും അടച്ചുപൂട്ടല്‍ ഭീഷണിയിലാ ണ്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങളും ചൈനീസ് പടക്കങ്ങളുടെ കടന്നുവരവും ശിവകാശിയെ ലോകപ്രശസ്തമാക്കിയ പടക്കനിര്‍മാണ മേഖലയെ തകര്‍ച്ചയിലേക്കു നയിക്കുന്നു. ഡിഎംകെയില്‍നിന്നു പുറത്താക്കിയ അഴഗിരിക്കു സ്വാധീനമുള്ള മേഖലയാണിത്. ഇതു ഡിഎംകെ സ്ഥാനാര്‍ഥിയെ വിഷമത്തിലാക്കുന്നു. സ്ഥാനാര്‍ഥിനിര്‍ണയത്തിനെതിരേ അഴഗിരി രംഗത്തുവന്നു കഴിഞ്ഞു. എന്നത്തെയുമെന്നപോലെ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങളും തമിഴ് ദേശീയതയുമാണു വൈകോയുടെ പ്രചാരണവിഷയങ്ങള്‍. തമിഴ്നാട്ടില്‍ ഭൂമിയുള്ള മലയാളികള്‍ തന്നെ പരാജയപ്പെടുത്താന്‍ പണവുമായി ഇറങ്ങിയിരിക്കു ന്നുവെന്നാണു വൈകോയുടെ കണ്ടുപിടിത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.