ബിഹാറിലെ സമവാക്യങ്ങള്‍ തിരുത്തുന്നവര്‍
ബിഹാറിലെ സമവാക്യങ്ങള്‍ തിരുത്തുന്നവര്‍
Thursday, April 24, 2014 12:14 AM IST
പാറ്റ്നയില്‍നിന്ന് ജോര്‍ജ് കള്ളിവയലില്‍

ബിഹാറില്‍ മോദി മാജിക് ഫലിക്കുമോയെന്നു അറിയുന്ന പരീക്ഷണ ശാലയാണ് ഭഗല്‍പൂര്‍ ലോക്സഭാ മണ്ഡലം. ഭഗല്‍പൂരിലെ സിറ്റിംഗ് എംപിയും ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈന്‍ ഇത്തവണ ജയിച്ചാല്‍ ബിഹാറിലും നരേന്ദ്ര മോദി തരംഗമുണ്െടന്നു എതിരാളികളും സമ്മതിച്ചേക്കും. വര്‍ഗീയ കലാപം കൊണ്ടു മുമ്പേ കുപ്രസിദ്ധി നേടിയ ഭഗല്‍പൂരിലെ പാവങ്ങള്‍ എന്നും രാഷ്ട്രീയക്കാരുടെ പരീക്ഷണങ്ങളുടെ ഇരകളായിരുന്നു. 2014ലും സ്ഥിതിയില്‍ കാര്യമായ വ്യത്യാസമില്ലെന്നതാകും ദുഃഖകരം.

വര്‍ഗീയവും ജാതീയവുമായ ധ്രുവീകരണം മറയില്ലാതെ നടത്തിയ ഭഗല്‍പൂരില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ഥി ശൈലേഷ് കുമാറും നിതീഷ് കുമാറിന്റെ ഐക്യജനതാദളിലെ അബു കൈസറും ബിജെപിയുടെ മുസ്ലിം മുഖമായ ഷാനവാസിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ആര്‍ജെഡി, ജെഡിയു സ്ഥാനാര്‍ഥികള്‍ മുസ്ലിം വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലാണ് ഷാനവാസ് ഹുസൈന്റെ പ്രതീക്ഷ.

കോണ്‍ഗ്രസുമായി ചേര്‍ന്നു ആര്‍ജെഡി നേടിയിരിക്കുന്ന വര്‍ധിത വീര്യമാണു ബിഹാറിന്റെ രാഷ്ട്രീയത്തെ വീണ്ടും ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒലിച്ചുപോയ മണ്ണു കുറെയെങ്കിലും വീണ്െടടുക്കാനുള്ള ലാലു പ്രസാദ് യാദവിന്റെ കഠിനപ്രയത്നം എത്രകണ്ടു ഫലിക്കുമെന്നു രണ്ടു ഘട്ടം വോട്ടെടുപ്പു കഴിഞ്ഞപ്പോഴും വ്യക്തമായിട്ടില്ല. യാദവ്- മുസ്ലിം വോട്ടുകളിലാണ് ലാലുവിന്റെ പ്രതീക്ഷ. മോദിയുടെ വരവോടെ മുസ്ലിം സമുദായം പരസ്യമായി തന്നെ കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യത്തെ പിന്തുണയ്ക്കുമെന്ന് മുസ്ലിം മതനേതാക്കളുടെ പ്രസ്താവന ലാലുവിനും കൂട്ടര്‍ക്കും തുണയാകും.

ബിഹാറിലെ ഭൂരിപക്ഷം സീറ്റുകളും ഇക്കുറി തിരിച്ചുപിടിക്കുമെന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് ഇന്നലെ വൈകുന്നേരം പാറ്റ്നയിലെ സര്‍ക്കുലര്‍ റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ദീപികയോടു പറഞ്ഞു. വര്‍ഗീയ ശക്തികളെ തോല്‍പിക്കുകയാണു മുഖ്യം. മോദിയുടെ ഭീഷണികളെ ബിഹാര്‍ ജനത തള്ളിക്കളയുമെന്നതില്‍ സംശയം വേണ്ട. ആര്‍ജെഡി കൂടി ഉള്‍പ്പെട്ട മൂന്നാം യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും ലാലു തറപ്പിച്ചു പറഞ്ഞു.

ബിജെപിയുമായുണ്ടായിരുന്ന 17 വര്‍ഷത്തെ ബാന്ധവം ഏകപക്ഷീയമായി അവസാനിപ്പിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചൂതാട്ടത്തിന്റെ ഇത്തവണത്തെ പരിണിതഫലം അദ്ദേഹത്തിനു പോലും ഉറപ്പിക്കാനാകുന്നില്ല.

ബിഹാറിന്റെ വികസനത്തിലും വളര്‍ച്ചയിലും നിതീഷ് സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നു ബിഹാറിലെ ഭക്ഷ്യമന്ത്രി ശ്യാം രജക്, ജെഡിയു വക്താവ് നീരജ് കുമാര്‍ എന്നിവര്‍ തറപ്പിച്ചു പറയുന്നു.

ബിഹാറിന്റെ നന്മ ആഗ്രഹിക്കുന്നവരും മതേതര വോട്ടര്‍മാരും ജെഡിയുവിന്റെ കൂടെയാണെന്നു പാറ്റ്നയിലെ വീര്‍ചന്ദ് പട്ടേല്‍ റോഡിലുള്ള പാര്‍ട്ടി കേന്ദ്ര ഓഫീസിലിരുന്നു ശ്യാം രജക്കും നീരജ് കുമാറും ദീപികയോടു വിശദീകരിച്ചു. ബിജെപി, കോണ്‍ഗ്രസ് മുന്നണികളെ ഒരുപോലെ ജനം തള്ളും. കേന്ദ്രത്തില്‍ ജെഡിയുവും ഇടതുപാര്‍ട്ടികളും അടക്കമുള്ള പ്രബല പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്നു മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും. വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്താന്‍ അനുവദിക്കില്ല. ബിജെപിയും ആര്‍ജെഡിയും കോണ്‍ഗ്രസും ഒരുപോലെ ജെഡിയുവിനെയാണു ആക്രമിക്കുന്നത്. എന്നാല്‍ ബിഹാറിന് പ്രത്യേക പദവി ആഗ്രഹിക്കുന്ന ജനം നിതീഷ് കുമാറിനെ തുണയ്്ക്കുമെന്നു ഇരുനേതാക്കളും പറഞ്ഞു.

ഇതേസമയം, നിതീഷും ജെഡിയുവും പോയെങ്കിലും ദളിത് വോട്ടര്‍മാരുടെ പിന്തുണയുള്ള രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയെ കൂടെ കിട്ടിയത് ബിജെപിക്ക് പ്രതീക്ഷയേകുന്നു. ഇതേസമയം, മോദിക്കും ബിജെപിക്കും എതിരായ മുസ്ലിം വോട്ടുകളുടെ ധ്രൂവീകരണം, ഫലത്തില്‍ മറുവശത്തു ഹിന്ദുത്വ ധ്രൂവീകരണത്തിലൂടെ ബിജെപിക്കു ഗുണം ചെയ്യുമെന്നാണു ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍. ഭൂരിപക്ഷ വോട്ടുകളുടെ ശക്തമായ ധ്രൂവീകരണത്തിനായി സംഘപരിവാര്‍ സംഘടനകള്‍ ബിഹാറിലെങ്ങും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം മോദി മാജിക്കിലും ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്നു.


ബിജെപിയെയും ബിഹാര്‍ ജനതയെയും വഞ്ചിച്ച നിതീഷിനും ജെഡിയുവിനും ജനം കനത്ത തിരിച്ചടി നല്‍കുമെന്നു ബിജെപി ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് മംഗള്‍ പാണ്ഡെ ലേഖകനോടു പ റഞ്ഞു. ബിഹാറില്‍ ബിജെപി- എല്‍ജെപി സഖ്യവും കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യവും തമ്മിലാണു മല്‍സരം. നിതീഷും ജെഡിയു വും മൂന്നാം സ്ഥാനത്തേക്കു തഴയപ്പെടും. ജെഡിയുവിനെ ജനം തള്ളിക്കഴിഞ്ഞുവെന്നും മംഗള്‍ പാണ്ഡെയും സംഘടനാ കാര്യങ്ങളുടെ ചുമതലയലുളള ജനറല്‍ സെക്രട്ടറി നാഗേന്ദ്രയും അവകാശപ്പെട്ടു. രാജ്യത്തെയും ബിഹാറിനെയും കട്ടുമുടിച്ച കോണ്‍ഗ്രസിനെയും ആര്‍ജെഡിക്കും ബിഹാര്‍ ജനത തിരിച്ചടി നല്‍കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ഭഗല്‍പൂര്‍ അടക്കം ബിഹാറില്‍ ഇന്നു മൂന്നാം ഘട്ടം വോട്ടെടുപ്പു നടക്കുന്ന ഏഴു ലോക്സഭാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മല്‍സരമാണു നടക്കുന്നത്.

2009ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രമുഖ സഖ്യകക്ഷിയായിരുന്ന ബിഹാര്‍ ഭരിക്കുന്ന ജെഡിയു ഇത്തവണ ബിജെപിയുടെ കടുത്ത എതിരാളിയായതാണു ബിഹാറിലെ രാഷ്ട്രീയം പ്രവചനാതീതമാക്കുന്നത്. ഒപ്പം ലാലു പ്രസാദിനെയും കൂട്ടരെയും എഴുതിത്തള്ളാനാകില്ലെന്ന രാഷ്ട്രീയ യാഥാര്‍ഥ്യവും.

അതിനാല്‍ തന്നെ രാഷ്ട്രീയത്തെക്കാളുപരി ബിഹാറിന്റെ എക്കാലത്തെയും ചേരുവയായ ജാതി, മത ചേരിതിരിവുകളിലാണ് ഇക്കുറിയും ജനവിധിയുടെ പൊരുള്‍. ഭൂരിപക്ഷ- ന്യൂനപക്ഷ വോട്ടുകളുടെ ധ്രൂവീകരണത്തില്‍ ഒരു പാര്‍ട്ടിയും മുക്തരല്ല.

ഭൂരിപക്ഷ സമുദായവും മുസ്ലിം ന്യൂനപക്ഷവും ഒരുപോലെ ശക്തമായ മണ്ഡലങ്ങളിലെല്ലാം മല്‍സരം ഫോട്ടോഫിനിഷിംഗിലേക്കാണു നീങ്ങുന്നത്.

ബിജെപിയുടെ ഷാനവാസ് ഹുസൈന്‍, എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, ആര്‍ജെഡിയുടെ മുന്‍ കേന്ദ്രമന്ത്രി മുഹമ്മദ് തസ്ലിമുദീന്‍ എന്നിവരാണു ബിഹാറില്‍ ഇന്നു ജനവിധി തേടുന്ന പ്രമുഖര്‍. ആര്‍ജെഡി സ്ഥാനാര്‍ഥി ദിലീപ് കുമാര്‍ ജയ്സ്വാളിനു വേണ്ടി അവസാന നിമിഷം മല്‍സരത്തില്‍ നിന്നു ജെഡിയു സ്ഥാനാര്‍ഥി അക്തറുള്‍ ഇമാം പിന്മാറിയ കിഷന്‍ഗഞ്ചും ശ്രദ്ധാകേന്ദ്രമാണ്. ജെഡിയു സ്ഥാനാര്‍ഥി പിന്മാറിയത് ആര്‍ജെഡിയുടെ വിജയം ഉറപ്പിക്കുന്നുവെന്നാണു ബിഹാറുകാരനായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സംഘര്‍ഷന്‍ ഠാക്കൂറിന്റെ അഭിപ്രായം.

ഭഗല്‍പൂരും കിഷന്‍ഗഞ്ചും ഉള്‍പ്പെടെ ഇന്നു പോളിംഗ് നടക്കുന്ന ഏഴു ലോക്സഭാ മണ്ഡലങ്ങളിലും അതീവ പ്രശ്നബാധിതമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിഹാറിലെ സീമാഞ്ചല്‍ മേഖലയിലാണ് ഈ മണ്ഡലങ്ങളെല്ലാം. കണ്ണൂരില്‍ കേരളം കണ്ടതിനേക്കാള്‍ അതീവ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണു 9,840 പോളിംഗ് ബൂത്തുകളിലും ഒരുക്കിയിരിക്കുന്നത്. ഭഗല്‍പൂര്‍, കിഷന്‍ഗഞ്ച്, സുപുവാല്‍, അരാരിയ, പുര്‍നിയ, കാതിഹാര്‍, ബങ്ക എന്നീ മണ്ഡലങ്ങളിലെ ഒരു കോടിയിലേറെ വോട്ടര്‍മാരാണു ഇന്നു ബൂത്തുകളിലെത്തുക.

ഇരട്ട ഭാര്യമാരായ സഹോദരിമാരുടെ രക്തബന്ധം രാഷ്ട്രീയം വൈര്യം മാറ്റിമറിച്ച ഖഗാരിയ മണ്ഡലത്തില്‍ നാലാം ഘട്ടത്തിലാണു വോട്ടെടുപ്പ്. ആര്‍ജെഡി മുന്‍ എംഎല്‍എയും ജന്മിയും യാദവ നേതാവുമായ രണ്‍ബീറിന്റെ രണ്ടാം ഭാര്യയാണ് ഖഗാരിയയില്‍ ആര്‍ജെഡി ടിക്കറ്റില്‍ മല്‍സരിക്കുന്ന കൃഷ്ണകുമാരി യാദവ്. കൃഷ്ണകുമാരിയുടെ മൂത്ത സഹോദരിയും രണ്‍ബീറിന്റെ ആദ്യഭാര്യയും ജെഡിയുവിന്റെ സിറ്റിംഗ് എംഎല്‍എയുമായ പൂനം ദേവി യാദവ്, തന്റെ രാഷ്ട്രീയ എതിരാളിയായിരുന്ന അനുജത്തിക്കുവേണ്ടി പരസ്യമായി വോട്ടുപിടിക്കാനിറങ്ങിയതാണ് പാറ്റനയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഖഗാരിയയെ ശ്രദ്ധാകേന്ദ്രമാക്കിയത്. പൂനത്തെ കഴിഞ്ഞയാഴ്ച ജെഡിയുവില്‍നിന്നു പുറത്താക്കുകയും ചെയ്തു. മൂന്നര ലക്ഷം യാദവ വോട്ടര്‍മാര്‍ക്കു പുറമേ മുസ്ലിം വോട്ടുകളും കിട്ടുമെന്നതിനാല്‍ കൃഷ്ണകുമാരി പാര്‍ലമെന്റിലെത്താനാണു സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.