ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്: നിലവറ ജുഡീഷല്‍ നിയന്ത്രണത്തിലാകും
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്: നിലവറ ജുഡീഷല്‍ നിയന്ത്രണത്തിലാകും
Thursday, April 24, 2014 11:42 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തു വിവരം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അതീവ ഗൌരവമുള്ളതാണെന്നു സുപ്രീംകോടതി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംബന്ധിച്ച് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണു ജസ്റീസുമാരായ ആര്‍.എം. ലോധ, എ.കെ. പട്നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇതു സംബന്ധിച്ച സുപ്രധാന നിരീക്ഷണം നടത്തിയത്.

അമിക്കസ് ക്യൂറിയുടെ ചില ശിപാര്‍ശകളില്‍ അടിയന്തര നടപടി നിര്‍ദേശിച്ച സുപ്രീംകോടതി, അമിക്കസ് ക്യൂറിക്കു നേരേ ആരും വിരല്‍ ചൂണ്ടരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഇന്നു പുറപ്പെടുവിക്കുന്ന ഇടക്കാല ഉത്തരവില്‍ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഇതോടെ വ്യക്തമായി.

ക്ഷേത്രത്തിന്റെ സ്വത്ത്, നിലവറയുടെ താക്കോല്‍, കാണിക്ക, പുതിയ ഭരണസമിതി, വിദഗ്ധ സമിതി തുടങ്ങിയ വിഷയങ്ങളില്‍ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെയോ അതല്ലെങ്കില്‍ ജഡ്ജി നിര്‍ദേശിക്കുന്ന ജുഡീഷല്‍ ഓഫീസറെയോ ഏല്പിക്കണമെന്നതാണ് ഒന്നാമത്തേത്. കാണിക്കകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതില്‍ കൂടുതല്‍ വ്യക്തത വരേണ്ടിയിരിക്കുന്നു. സ്വര്‍ണവും വെള്ളിയും പ്രത്യേകം തരം തിരിക്കണം. മൂന്നു ദിവസത്തിലൊരിക്കല്‍ കാണിക്കകള്‍ എണ്ണിത്തിട്ടപ്പെടുത്തണമെന്നതാണു രണ്ടാമ ത്തെ കാര്യം.

അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയതു പോലെ അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തുക്കള്‍ തിരിച്ചുപിടിക്കണമെന്നതാണ് അടിയന്തരമായി പരിഗണിക്കേണ്ട മൂന്നാമത്തെ കാര്യം. ക്ഷേത്രത്തില്‍ ഭക്തര്‍ക്കു നല്‍കുന്ന പ്രസാദം പുറത്തു തയാറാക്കിയ ശേഷമാണു ക്ഷേത്രത്തിലെത്തിക്കുന്നത്. ഈ രീതി തുടരണോയെന്നതാണു നാലാമത്തെ പ്രധാന കാര്യം. ക്ഷേത്രത്തിലെ പദ്മതീര്‍ഥം വൃത്തിയാക്കുന്നതു സംബന്ധിച്ച കാര്യമാണ് ഏറ്റവും ഒടുവിലത്തേതെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തില്‍ വ്യാപക ക്രമക്കേടാണു നടക്കുന്നതെന്നും, ഇക്കാര്യത്തില്‍ രാജകുടുംബവും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അമിക്കസ് ക്യൂറി കോടതിയില്‍ വാദിച്ചു. ക്ഷേത്രത്തിലെ പ്രധാന കല്ലറകളില്‍ ചിലതു തുറന്നു കിടക്കുകയാണെന്നും അതിനാല്‍ത്തന്നെ എല്ലാ കല്ലറകളും സീല്‍ ചെയ്തു താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നുമുള്ള അമിക്കസ് ക്യൂറിയുടെ നിര്‍ദേശം സ്വാഗതംചെയ്ത കോടതി, പ്രസ്തുത നിര്‍ദേശം യുക്തിഭദ്രമാണെന്നും കൂട്ടിച്ചേര്‍ത്തു. ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ ജീവനക്കാരെ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


അതിനിടെ, ക്ഷേത്രസ്വത്തുക്കളില്‍ വന്‍ ക്രമക്കേടു കാണിച്ചെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ രാജകുടുംബം എതിര്‍ത്തു. എഴുത്തുകാരന്റെ ഭാവനയോടെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയാറാക്കിയതെന്നു രാജകുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ ആരോപിച്ചു. അമിക്കസ് ക്യൂറി അനുവാദമില്ലാതെ കടന്നുവരുന്ന കമാന്‍ഡോയെപ്പോലെയാണു പെരുമാറിയതെന്നും രാജകുടുംബം ആരോപിച്ചു. ഭരണസമിതിയില്‍നിന്നു രാജകുടുംബത്തെ ഒഴിവാക്കാന്‍ പറ്റില്ലെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. എന്നാല്‍, അമിക്കസ് ക്യൂറിയെ നിയമിച്ചതു കോടതിയാണെന്നും അദ്ദേഹ ത്തോട് അപമര്യാദയായി പെരുമാറാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്നലെ സുപ്രീംകോടതിയില്‍ ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന വാദത്തിനൊടുവിലാണു കോടതി അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തിനുള്ള ആദായ നികുതി ഇളവ് പിന്‍വലിക്കുക, ക്ഷേത്രത്തിനു ലഭിക്കുന്ന കാണിക്കകള്‍ ഓഡിറ്റ് ചെയ്തു തിട്ടപ്പെടുത്തുക, നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ടു പുതിയ ഭരണസമിതിയെ നിയോഗിക്കുക, എന്നീ നിര്‍ദേശങ്ങളും അമിക്കസ് ക്യൂറി കോടതിക്കു മുന്നില്‍ അവതരിപ്പിച്ചു.

ക്ഷേത്രസ്വത്തിന്റെ കാര്യത്തില്‍ രാജകുടുംബവുമായി ഒത്തുകളിച്ചിട്ടില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ക്ഷേത്രത്തിന്റെ പദ്മതീര്‍ഥക്കുളം ശുചീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നു രാജകുടുംബം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അതേസമയം, കേസില്‍ തങ്ങള്‍ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ മാത്രം പ്രതി രോധിച്ചാല്‍ മതിയെന്ന നിലപാടാണു സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സ്വീകരിച്ചത്. സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.വി. വിശ്വനാഥന്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.