മോദി ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും സ്ഥാനാര്‍ഥിയെന്നു അഖിലേഷ് യാദവ്
മോദി ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും സ്ഥാനാര്‍ഥിയെന്നു അഖിലേഷ് യാദവ്
Monday, April 21, 2014 11:09 PM IST
ജോര്‍ജ് കള്ളിവയലില്‍

ലക്നോ: ബിജെപിയിലെ പ്രമുഖ നേതാക്കള്‍ പോലും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. മോദി ബിജെപിയുടെ സ്ഥാനാര്‍ഥിയല്ല, മറിച്ച് ആര്‍എസ്എസിന്റെയും വിശ്വഹിന്ദ് പരിഷത്തിന്റെയും സ്ഥാനാര്‍ഥിയാണ്. പത്രങ്ങളിലും ചാനലുകളിലും മാത്രമേ മോദി തരംഗം ഉള്ളൂ. വര്‍ഗീയ ശക്തികളെ ചെറുത്തു തോല്‍പിക്കുകയാണു രാജ്യത്തിനു ഇത്തവണ പ്രധാനം.

തെരഞ്ഞെടുപ്പിനുശേഷം മതേതര സര്‍ക്കാരുണ്ടാക്കാന്‍ സമാജ്വാദി പാര്‍ട്ടി മുന്‍കൈയെടുക്കും. കോണ്‍ഗ്രസ് അടക്കം മതേതര സ്വഭാവമുള്ള പാര്‍ട്ടികളുമായി ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ സഹകരിക്കുമെന്നും എസ്പി അധ്യക്ഷന്‍ മുലായം സിംഗിന്റെ മകനായ അഖിലേഷ് വ്യക്തമാക്കി.

വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിനിടയിലും മുഖ്യമന്ത്രി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദീപികയുമായി പങ്കുവച്ചു. ലക്നൌവിലെ ഔദ്യോഗിക വസതിയില്‍ ദീപികയുമായി നടത്തിയ സംസാരത്തില്‍ നിന്ന്.

? ഇന്ത്യയില്‍ ഏറ്റവുമധികം എംപിമാരെ തെരഞ്ഞെടുക്കുന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയിലും സമാജ്വാദി പാര്‍ട്ടി നേതാവെന്ന നിലയിലും ലോക്സഭാ തെരഞ്ഞെടുപ്പിനെ എങ്ങിനെയാണു വിലയിരുത്തുന്നത്.

* മതേതര ഇന്ത്യക്കു വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. അതിനാല്‍ തന്നെ വര്‍ഗീയ കക്ഷികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നതാണു പ്രധാനം. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും മതേതരവാദികളാണ്.

യുപിയില്‍ 80 ലോക്സഭാ സീറ്റുകളാണ്. വര്‍ഗീയ ശക്തികളെ ചെറുത്തു തോല്പിക്കാനുള്ള പോരാട്ടത്തില്‍ സമാജ്വാദി പാര്‍ട്ടിക്കു വിട്ടുവീഴ്ചയില്ല. വര്‍ഗീയശക്തികള്‍ രാജ്യത്തെ മുഴുവനാളുകള്‍ക്കും ആപത്താണ്. ബിജെപിയും നരേന്ദ്രമോദിയും വര്‍ഗീയശക്തികളുടെ മുഖംമൂടികളാണ്.

? പക്ഷേ, ബിജെപിയും മോദിയും ഇത്തവണ കൂടുതല്‍ സീറ്റു നേടി മുന്നിലെത്തുമെന്നാണല്ലോ പറയുന്നത്.

* മോദി തരംഗം പത്രങ്ങളിലും ചാനലുകളിലും മാത്രമാണ്. ബിജെപിക്കു വോട്ടുചെയ്യാന്‍ താഴെ തട്ടിലുള്ള സാധാരണക്കാര്‍ ആഗ്രഹിക്കുന്നില്ല. നരേന്ദ്ര മോദി ബിജെപിയുടെ സ്ഥാനാര്‍ഥിയല്ലെന്നാണു ജനം പറയുന്നത്. മറിച്ച് ആര്‍എസ്എസിന്റേയും വിഎച്ച്പിയുടേയും സ്ഥാനാര്‍ഥിയാണ് മോദി. ഉത്തര്‍പ്രദേശിലും ഇന്ത്യയില്‍ പൊതുവേയും ജനങ്ങള്‍ രാമ, കൃഷ്ണ ഭഗവാന്മാരെ ആരാധിക്കുന്നവരാണ്. ഇതു ചൂഷണം ചെയ്യാനാണു ബിജെപി പലപ്പോഴും ശ്രമിക്കുന്നത്. പക്ഷേ വര്‍ഗീയ ചൂഷണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ട ചരിത്രമാണുള്ളത്.

? ബിജെപിക്കു മുന്‍തൂക്കം ഇല്ലെന്നാണോ.

* ബിജെപിയുടെ കാപട്യം ജനം തിരിച്ചറിയും. പ്രചാരണത്തിന്റെ തുടക്കത്തില്‍ ബിജെപിക്കു ചിലയിടങ്ങളില്‍ നേരിയ മുന്‍തൂക്കമുണ്െടന്ന തോന്നലുണ്ടായിരുന്നു. എന്നാലിപ്പോള്‍ രാഷ്ട്രീയസ്ഥിതി മതേതരപാര്‍ട്ടികള്‍ക്കു പൂര്‍ണമായും അനുകൂലമാണ്. ഇന്ത്യയില്‍ മതേതര സര്‍ക്കാരിനു മാത്രമേ സാധ്യതയുള്ളൂ.

ബിജെപിക്കും എന്‍ഡിഎയ്ക്കും ഭരണത്തിനു വേണ്ട എംപിമാരെ കിട്ടില്ല. മോദി നല്ല ഇവന്റ് മാനേജറാണെന്നാണു ബിജെപി നേതാക്കള്‍ പോലും പറയുന്നത്. അതുകൊണ്ടു മാത്രം തെരഞ്ഞെടുപ്പു ജയിക്കാനാകില്ലെന്നു അടുത്ത മാസം ഫലം വരുമ്പോള്‍ വ്യക്തമാകും. ഇത്തരം വിപണനം രാഷ്ട്രീയത്തില്‍ നടത്തണോയെന്നും എല്ലാവരും ചിന്തിക്കണം.

? നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ഒട്ടേറെ പേര്‍ രാജ്യത്തുണ്ടല്ലോ.

* മോദി പ്രധാനമന്ത്രിയാകുന്നതിനോടു അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ നേതാക്കള്‍ക്കു പോലും താത്പര്യമില്ല. ബിജെപിയിലെ ചില നേതാക്കള്‍ ഇക്കാര്യം പരസ്യമായി സൂചിപ്പിച്ചിട്ടുമുണ്ട്. ആര്‍എസ്എസും ബിജെപിയിലെ ഒരു വിഭാഗവുമൊഴികെ മറ്റാരും മോദി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ല.

? തൂക്കു പാര്‍ലമെന്റ് വന്നാല്‍ സമാജ്വാദി പാര്‍ട്ടിയുടെ നിലപാട് എന്തായിരിക്കും.

* ഇപ്പോഴത്തെ നിലയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത ലോക്സഭയ്ക്കാണു കൂടുതല്‍ സാധ്യത. രാജ്യത്തു മതേതര സര്‍ക്കാര്‍ ഉണ്ടാക്കാനായിരിക്കും സമാജ്വാദി പാര്‍ട്ടിയുടെ ശ്രമം. തികച്ചും മതേതരവും സഫലവുമായ സര്‍ക്കാരിനെയാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തൊരു മതേതര സര്‍ക്കാരുണ്ടാകണം എന്നാണു സമാജ്വാദി പാര്‍ട്ടിയുടെയും ആഗ്രഹം. പരമാവധി മതേതര കക്ഷികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ എസ്പി ശ്രമം നടത്തും. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മതേതര സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കാന്‍ നേതാജി (പിതാവ് മുലായം സിംഗ് യാദവ്) മുന്‍കൈയെടുക്കും.


? ബിജെപിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി വീണ്ടും സഹകരിക്കുമോ.

* കോണ്‍ഗ്രസുമായി ആവശ്യമെങ്കില്‍ സഹകരിക്കുന്നതിനു തടസമില്ല. ഇപ്പോള്‍ തന്നെ യുപിഎ സര്‍ക്കാരിനു എസ്പി പുറമേനിന്നു പിന്തുണ നല്‍കുന്നുണ്ടല്ലോ. മതേതര ശക്തികളുടെ കൂട്ടായ്മ പ്രധാനമാണ്.

? കേന്ദ്രത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കുന്നതിന് ആവശ്യമായ എംപിമാരെ താങ്കളുടെ പാര്‍ട്ടിക്കു കിട്ടുമോ. യുപിയില്‍ പോലും ബിജെപിക്കു കൂടുതല്‍ സീറ്റുകിട്ടുമെന്നാണല്ലോ സര്‍വേകളുടെ കണ്െടത്തല്‍.

* കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാളും കൂടുതല്‍ സീറ്റില്‍ ജയിക്കും. ബിജെപിയെ പോലുള്ള വര്‍ഗീയശക്തികളെ ചെറുത്തു തോല്‍പ്പിക്കാമെന്ന് ഉറച്ച പ്രതീക്ഷയുണ്ട്. രാജ്യത്താകെ എസ്പി അടക്കമുള്ള മതേതര പാര്‍ട്ടികളിലാണു ജനങ്ങളുടെ പ്രതീക്ഷ. എസ്പിയുടെ ശക്തി തെളിയിക്കും. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ പ്രബല പ്രാദേശിക പാര്‍ട്ടികള്‍ക്കു നിര്‍ണായക സ്വാധീനമുണ്ടാകും.

? ഗുജറാത്ത് മുഖ്യമന്ത്രിയായ മോദി താങ്കളുടെ സംസ്ഥാനത്തു മല്‍സരിക്കാനെത്തിയതിനെ എങ്ങിനെ കാണുന്നു.

* സംസ്ഥാനത്ത് പലതരത്തില്‍ വര്‍ഗീയതയും ഇളക്കിവിടാനാണു ബിജെപി ശ്രമിക്കുന്നത്. ഇതിനായി പലതരം പ്രചാരണങ്ങളാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. എന്നാല്‍ വാരാണസിയില്‍ അടക്കം യുപിയിലെ ജനങ്ങള്‍ സമാജ്വാദി പാര്‍ട്ടിയേയും സോഷ്യലിസത്തേയുമാണു പിന്തുണയ്ക്കുന്നത് എന്നതാണു യാഥാര്‍ഥ്യം. ഇതോടൊപ്പം കഴിഞ്ഞ രണ്ടു വര്‍ഷത്തെ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ക്കറിയാം. വാരാ ണസി നഗരത്തിന്റെ വികസന ത്തിനും നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. അതുകൊണ്ടുതന്നെ വാരാ ണസിയിലെ വോട്ടര്‍മാര്‍ സമാജ്വാദി പാര്‍ട്ടിയെ പിന്തുണയ്ക്കും.

? വാരാണസിയില്‍ അടക്കം ആം ആദ്മി പാര്‍ട്ടി മല്‍സരരംഗ ത്തുള്ളത് ആര്‍ക്കാണു ഗുണം ചെയ്യുക.

* ഉത്തര്‍പ്രദേശില്‍ ഒരു ചല നവും ഉണ്ടാക്കാന്‍ എഎപിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഭീഷണിയാകുമെന്ന് കരുതുന്നുമില്ല. വാരാണസിയില്‍ അരവിന്ദ് കേജരിവാള്‍ മത്സരിക്കാനെത്തിയത് മോദിയെ എതിര്‍ക്കാനല്ല, സഹായിക്കാനാണ്.

? ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളുടെ മുന്നില്‍ മറ്റു പാര്‍ട്ടികള്‍ പകച്ചുപോകുകയാണോ.

* ബിജെപിക്ക് ഇത്രയധികം പണം എവിടെ നിന്നാണെന്ന ചോദ്യം വളരെ പ്രസക്തമാണ്. അഴിമതിയില്‍ നിന്നല്ലാതെ എങ്ങിനെയാണ് ഇതുപോലെ പണമൊഴുക്കാനാകുക. സ്വയം മാര്‍ക്കറ്റിംഗ് ആണ് മോദി നടത്തുന്നത്. പക്ഷേ ബിസിനസിലേതു പോലെ വിപണന തന്ത്രങ്ങള്‍ കൊണ്ടു മാത്രം ജനങ്ങളുടെ വോട്ടു കിട്ടില്ല.

? വര്‍ഗീയത മാത്രമാണോ തെരഞ്ഞെടുപ്പിലെ വിഷയം.

* രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനമാണ്. എന്നാല്‍ വികസനം, തൊഴിലവസരങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളും പ്രധാനപ്പെട്ടവയാണ്. രാജ്യത്തെ മിടുക്കരായ ലക്ഷക്കണക്കിനു യുവാക്കളുടെ കാര്യമാണു ചിന്തിക്കേണ്ടത്. യുവാക്കള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കാനും പരമാവധി അവസരങ്ങള്‍ സൃഷ്ടിക്കാനുമാകണം സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും ഊന്നല്‍ നല്‍കേണ്ടത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിട്ട് വര്‍ഗീയമായ മുതലെടുപ്പിനാണു ബിജെപി ശ്രമിക്കുന്നത്.

? രാജ്യത്തിന്റെ വികസനത്തിനു മോദി സര്‍ക്കാര്‍ വരണമെന്നല്ലേ ബിജെപി പറയുന്നത്.

* വിദേശ നയം മുതല്‍ മഹാഭൂരിപക്ഷം വരുന്ന കര്‍ഷകരെ സഹായിക്കാന്‍ എന്തു ചെയ്യും എന്നു വരെയുള്ള കാര്യങ്ങളിലെ ബിജെപിയുടെ നയമെന്തെന്ന് ആര്‍ക്കും അറിയില്ല.

സൈന്യത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വ്യക്തമല്ല. മോദിയും ബിജെപിയും ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.