മോദി എന്നാല്‍ മാന്‍ ഓഫ് ഡാമേജ് ടു ഇന്ത്യ: സിംഗ്വി
Monday, April 21, 2014 11:13 PM IST
അഹമ്മദാബാദ്: കോണ്‍ഗ്രസിനെ ആര്‍എസ്വിപി(രാഹുല്‍ സോണിയ വാധ്ര പ്രിയങ്ക) മോഡലെന്നു വിളിച്ച് ആക്ഷേപിച്ച മോദിക്ക് അതേ നാണയത്തില്‍ മറുപടിയുമായി പാര്‍ട്ടിവക്താവ് മനു അഭിഷേക് സിംഗ് വി രംഗത്ത്. മോദി എന്ന വാക്കിനര്‍ഥം മാന്‍ ഓഫ് ഡാമേജ് ടു ഇന്ത്യ(ഇന്ത്യയ്ക്കു നാശം വരുത്തുന്ന മനുഷ്യന്‍) എന്നാണെന്നു സിംഗ്വി തിരിച്ചടിച്ചു. ഗുജറാത്തിലെ അഹമ്മദാബാദില്‍ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സിംഗ് വി. ബിജെപി എന്നാല്‍, ഭാരത് ജലാവോ പാര്‍ട്ടിയാണെന്ന് ആക്ഷേപിച്ച സിംഗ്വി , വിഭജനരാഷ്ട്രീയത്തിന്റെയും ഹിംസാത്മക നയത്തിന്റെയും വക്താക്കളാണ് ആ പാര്‍ട്ടിയെന്നും ചൂണ്ടിക്കാട്ടി.

ഗുജറാത്ത് വികസന മാതൃകയെ സിംഗ്വി പുച്ഛിച്ചു തള്ളി. ഗുജറാത്തിനെക്കുറിച്ചു മോദി പറയുന്നതെല്ലാം കളവാണ്. വ്യവസായ വികസനരംഗത്തു ഗുജറാത്താണ് ഒന്നാംസ്ഥാനത്ത് എന്നാണു മോദി പറഞ്ഞു നടക്കുന്നത്. എന്നാല്‍, മഹാരാഷ്ട്രയാണു വ്യവസായ വികസന കാര്യത്തില്‍ രാജ്യത്ത് ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ യഥാക്രമം ഡല്‍ഹി, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്കാണ്. സോഫ്റ്റ്വെയര്‍ കയറ്റുമതിയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുജറാത്ത് 11-ാം സ്ഥാനത്താണ്. മറ്റു വിവിധ മേഖലകളിലും ഈ പിന്നോക്കാവസ്ഥ പ്രകടമാണ്. കായികരംഗത്തും ഗുജറാത്തിന്റെ സംഭാവന വട്ടപ്പൂജ്യമാണ്- സിംഗ്വി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.