ഹിമാചലില്‍ പ്രതിഭ സിംഗ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Friday, April 18, 2014 10:09 PM IST
മണ്ഡി(ഹിമാചല്‍): മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ ഭാര്യ പ്രതിഭ സിംഗ് മണ്ഡി സീറ്റില്‍ നിന്ന് പത്രിക നല്‍കി. മൂന്നാംതവണയാണ് പ്രതിഭ മണ്ഡി സീറ്റില്‍നിന്ന് ജനവിധി തേടുന്നത്. റെയില്‍വേയുടെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് വോട്ടര്‍മാര്‍ക്കു പ്രതിഭ സിംഗ് നല്‍കുന്ന പ്രധാന വാഗ്ദാനം.

ചെറിയ ട്രെയിനുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതിനുപകരം അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിച്ച് റെയില്‍ഗതാഗതം സുരക്ഷിതമാക്കും. മൂന്നാംതവണയും പ്രതിഭ വിജയം ഉറപ്പിച്ചുകഴിഞ്ഞതായി അനുയായികള്‍ വിലയിരുത്തുന്നു. ഏറ്റവുമൊടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1.30 ലക്ഷംവോട്ടിനാണ് ജയിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം ഉയരുമെന്ന വിശ്വാസത്തിലാണ് അനുയായികള്‍. മോദി തരംഗമൊന്നും ഹിമാചലില്‍ ഇല്ലെന്ന് സ്ഥാനാര്‍ഥി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. വികസനം മുന്‍നിര്‍ത്തി ജനങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുമെന്നും പ്രതിഭ പറയുന്നു.


ബിജെപി സ്ഥാനാര്‍ഥി രാം സ്വരൂപ് ശര്‍മയാണ് പ്രതിഭയുടെ മുഖ്യഎതിരാളി. സാധാരണക്കാരനെന്നു സ്വയംപരിചയപ്പെടുത്തിയാണ് രാം സ്വരൂപ് വോട്ടര്‍മാരെ സമീപിക്കുന്നത്. മേയ് ഏഴിനാണ് ഇവിടെ വോട്ടെടുപ്പ്.

രാജസ്ഥാനിലെ ബാര്‍മര്‍ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമാണു മണ്ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.