കാലവര്‍ഷം കുറയും, കാരണം എല്‍ നീനോ
Friday, April 18, 2014 11:07 PM IST
ന്യൂഡല്‍ഹി: പസഫിക് സമുദ്രത്തില്‍ എല്‍ നീനോ പ്രതിഭാസം രൂപപ്പെട്ടതിനാല്‍ ഇക്കൊല്ലം ഇന്ത്യയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) മഴ കുറവാ കും. സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാനിരീക്ഷണസ്ഥാപനത്തിന്റേതാണു പ്രവചനം.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് രാജ്യത്തെ പ്രധാന മഴക്കാലമായ കാലവര്‍ഷം. രാജ്യത്ത് കിട്ടുന്ന മഴയുടെ മൂന്നില്‍ രണ്ടും ഇക്കാലത്താണ്.

സ്കൈമെറ്റിന്റെ പ്രവചനം ഇക്കൊല്ലം കാലവര്‍ഷം ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനമാകും എന്നാണ്. കഴിഞ്ഞവര്‍ഷം 106 ശതമാനവും 2012-ല്‍ 93 ശതമാനവുമായിരുന്നു.

പസഫിക് സമുദ്രത്തിന്റെ മധ്യ-പൂര്‍വ മേഖലകളില്‍ ഉപരിതല താപനില പതിവിലും കൂടുന്നതാണ് എല്‍നീനോ പ്രതിഭാസം. ഇതു സംഭവിക്കുമ്പോള്‍ ഇന്തോനേഷ്യക്കു കിഴക്കുള്ള ചൂടേറിയ സമുദ്രജലം മധ്യപസഫിക്കിലേക്കു നീങ്ങും. തത്ഫലമായി മധ്യപസഫിക്കില്‍ ചൂട് കൂടും. പസഫിക്കില്‍നിന്ന് ഇന്ത്യാ സമുദ്രത്തിലേക്കുള്ള വാണിജ്യവാതങ്ങള്‍ തടസപ്പെടും. ഈ വാണിജ്യവാതങ്ങള്‍ വഹിക്കുന്ന മഴമേഘങ്ങളാണു കാലവര്‍ഷത്തില്‍ ഓസ്ട്രേലിയയിലും ഇന്ത്യയടക്കം തെക്കന്‍ ഏഷ്യയിലും മഴയായി വീഴുന്നത്. വാണിജ്യവാതങ്ങള്‍ തടസപ്പെടുമ്പോള്‍ ഓസ്ട്രേലിയയിലും തെക്കന്‍ ഏഷ്യയിലും മഴ കുറയും, ചിലപ്പോള്‍ വരള്‍ച്ചയുണ്ടാകും.

എല്‍ നീനോ ഉള്ള എല്ലാഅവസരങ്ങളിലും ഇന്ത്യയില്‍ മഴ കുറയണമെന്നില്ല. 130 വര്‍ഷത്തെ കണക്കു സൂചിപ്പിക്കുന്നത് എല്‍നീനോ ഉള്ളവയില്‍ 60 ശതമാനം അവസരങ്ങളില്‍ ഇന്ത്യന്‍ കാലവര്‍ഷം കുറഞ്ഞെന്നാണ്. മറ്റവസരങ്ങളില്‍ കാലവര്‍ഷം കൂടുതലായിരുന്നു.


ഇക്കൊല്ലം പടിഞ്ഞാറന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലുമാണ് മഴദൌര്‍ലഭ്യം വരിക എന്ന് സ്കൈമെറ്റ് ചീഫ് എക്സിക്യൂട്ടീവ് ജതിന്‍സിംഗ് പറഞ്ഞു. കൊങ്കണ്‍, ഗോവ, വടക്കന്‍ കര്‍ണാടകം, തെലുങ്കാന, മറാത്ത്വാഡ, മധ്യമഹാരാഷ്ട്ര, വിദര്‍ഭ, ഗുജറാത്ത്, സൌരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാലവര്‍ഷം ഏറ്റവും ദുര്‍ബലമാകുമെന്നാണു പ്രവചനം. കര്‍ണാടകത്തിലും കൊങ്കണിലും കാലവര്‍ഷ ത്തുടക്കവും വൈകും. കഴിഞ്ഞ ദശകത്തില്‍ മൂന്നുതവണ രാജ്യത്ത് വരള്‍ച്ചയുണ്ടായി. 2002-ല്‍ മഴ 22 ശതമാനവും 2004-ല്‍ 17 ശതമാനവും 2009-ല്‍ 27 ശതമാനവും കുറവായി.

എല്‍ നീനോ ഏറ്റവും ശക്തമായി അനുഭവപ്പെട്ട 1997, 98 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കാലവര്‍ഷം പതിവിലും കൂടുതലായിരുന്നു.

എല്‍ നീനോ തെക്കുകിഴക്കന്‍ ഏഷ്യയിലെ റബര്‍, എണ്ണപ്പന, കുരുമുളക്, ഓസ്ട്രേലിയയിലെ ഗോതമ്പ്, ബ്രസീലിലെ കാപ്പി, സോയാ കൃഷികളെ ദോഷകരമായി ബാധിക്കും. മലേഷ്യയിലും ഇന്തോനേഷ്യയിലും പാമോയില്‍ ഉത്പാദനം കുറയുമെന്ന ധാരണയില്‍ പാമോയിലടക്കം ഭക്ഷ്യഎണ്ണകള്‍ക്കു വില കയറിത്തുടങ്ങി. ആഗോള പാമോയില്‍ ഉത്പാദനത്തിന്റെ 86 ശതമാനം ഈ രണ്ടു രാജ്യങ്ങളിലാണ്. റബറിന്റെ ഉത്പാദനത്തിലും കുറവുണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. ഇന്ത്യയില്‍ കാലവര്‍ഷം ആറുശതമാനം കുറവാകുമെന്ന പ്രവചനത്തില്‍ വലിയ ആശങ്ക അധികമാരും പ്രകടിപ്പിക്കുന്നില്ല. ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗികപ്രവചനം 25-നേ വരൂ. അതിനുശേഷമേ പ്രതികരിക്കാനുള്ളൂ എന്നാണു മിക്ക വാണിജ്യമണ്ഡലങ്ങളുടെയും നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.