സുരാജിന്റേതു തന്‍മയത്വത്തോടെയുള്ള അഭിനയം: ജൂറി ചെയര്‍മാന്‍
Thursday, April 17, 2014 12:15 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അതൊരു പൊളപ്പന്‍ തമാശയായിരുന്നു. സുരാജ് എന്ന മഹാ തമാശക്കാരന്‍ പെട്ടെന്നൊരു നിമിഷം വല്ലാതെ സീരിയസായി മാറുന്നു. ഡല്‍ഹിയിലെ മീഡിയ സെന്ററില്‍ ഇന്നലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം ജൂറി ചെയര്‍മാന്‍ സയീദ് അക്തര്‍ മിര്‍സയെ വളഞ്ഞ മലയാളി മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചു. സാര്‍, മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സുരാജ് മലയാളത്തിലെ ഒരു കോമഡി നടനാണെന്നറിയാമോ. ഇല്ലേയില്ല. അങ്ങനെയൊരു കാര്യം ഇപ്പോഴാണറിയുന്നതെന്നായിരുന്നു മിര്‍സയുടെ മറുപടി. ഇനി കോമേഡിയന്‍ ആണെങ്കില്‍ തന്നെ എന്താണ്. അയാളുടെ അഭിനയത്തിലെ മാറ്റത്തെ അഭിനന്ദിക്കുകയാണു വേണ്ടത്. അവിശ്വസനീയമായ അഭിനയ പാടവമാണു സുരാജ്, പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്നു മിര്‍സ പറഞ്ഞു.

സുരാജിന്റെ അഭിനയത്തെക്കുറിച്ചു വാചാലനാകുന്നതിനിടെ മിര്‍സ വാസ്തുഹാര എന്ന ചിത്രത്തിലെ മോഹന്‍ലാലിലേക്കെത്തി. ആ ചിത്രത്തില്‍ മോഹന്‍ലാല്‍ വളരെ തന്‍മയത്വത്തോടെയാണു അഭിനയിച്ചത്. അതിനോടു കിടപിടിക്കുന്ന അഭിനയ വൈദഗ്ധ്യമാണു സുരാജ് പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നതെന്നു മിര്‍സ പറഞ്ഞു. അങ്ങേയറ്റം പ്രതിഭാധനന്‍മാരായ കലാകാരന്‍മാരോടു കിടപിടിക്കുന്ന അഭിനയ പാടവമാണു ചിത്രത്തില്‍ സുരാജ് കാഴ്ചവച്ചിരിക്കുന്നതെന്നും മിര്‍സ വിലയിരുത്തി.


സുരാജിനൊപ്പം മികച്ച നടനുള്ള അവാര്‍ഡു പങ്കിട്ട രാജ്കുമാറും അനിതര സാധാരണമായ അഭിനയ വൈഭവത്തിനുടമയാണ്. പുരസ്കാര നിര്‍ണയവേളയില്‍ ഇരുവരുടെയും കഴിവുകളില്‍ ജൂറിയിലെ അംഗങ്ങള്‍ മുഴുവന്‍ ഒരേ അഭിപ്രായക്കാരായിരുന്നു. സുരാജിന്റെയും രാജ്കുമാറിന്റെയും അഭിനയം ഒന്നിനൊന്നു പുറകില്‍ പോകാതെ ഒരുമിച്ചു മുന്നിട്ടു നിന്നു. ഒരാളെ തഴഞ്ഞു മറ്റൊരാള്‍ക്കു പുരസ്കാരം നല്‍കാന്‍ തീരുമാനമുണ്ടായിരുന്നെങ്കില്‍ അത് വല്ലാത്തെ കുറ്റബോധത്തിനിടയാക്കുമായിരുന്നെന്നും സയീദ് അക്തര്‍ മിര്‍സ പ്രതികരിച്ചു. പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ സമൂഹത്തിന്റെ താഴേക്കിടയില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്റെ വേദനയും അതിജീവനത്തിന്റെ പ്രാരാബ്ദങ്ങളും വാക്കുകള്‍ക്കതീതമായി ശരീരഭാഷ കൊണ്ട് അവതരിപ്പിക്കുന്നതില്‍ സുരാജിന്റെ പ്രകടനം വേറിട്ടു നിന്നുവെന്നാണു ജൂറിയുടെ വിലയിരുത്തല്‍. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇക്കുറി പുരസ്കാരം നേടിയ മലയാള ചിത്രങ്ങളുടെ പ്രാമുഖ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇത്തവണ ഈ വിവിധ മേഖലകളില്‍ മുന്നേറിയ ഹിന്ദി സിനിമാ മേഖലയെ മലയാള സിനിമ നോക്കിക്കാണേണ്ടതുണ്െടന്നും ജൂറി ചെയര്‍മാന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.