താരപ്പൊലിമയില്‍ മാണ്ഡ്യ
താരപ്പൊലിമയില്‍ മാണ്ഡ്യ
Tuesday, April 15, 2014 12:23 AM IST
മാണ്ഡ്യ: വൊക്കലിഗ ഹൃദയഭൂമിയായ മാണ്ഡ്യയില്‍ വീണ്ടും വിജയക്കൊടി പാറിക്കാന്‍ നടി രമ്യ ഒരുങ്ങുന്നു. എട്ടുമാസം മുമ്പ് ഉപതെരഞ്ഞെടുപ്പിലൂടെയാണു രമ്യ ഇവിടെ എംപിയായത്. അതേസമയം, കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പുപോര് രമ്യക്കു ചെറുതല്ലാത്ത തലവേദന സൃഷ്ടിക്കുന്നു. മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെയും ഭവനമന്ത്രി അംബരീഷിന്റെയും ഗ്രൂപ്പുകളാണു പോരടിക്കുന്നത്. ഇരു ഗ്രൂപ്പുകാരും തമ്മില്‍ പരസ്യമായ ഏറ്റുമുട്ടല്‍വരെയുണ്ടായി.

ഉപതെരഞ്ഞെടുപ്പില്‍ രമ്യയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ച അംബരീഷ് ഇക്കുറി പ്രചാരണരംഗത്ത് ഒട്ടും സജീവമല്ല. സിംഗപൂരില്‍ ചികിത്സയിലായിരുന്ന അംബരീഷ് നാട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ. രമ്യയുടെ പെരുമാറ്റത്തില്‍ അംബരീഷിന്റെ അനുയായികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അംബരീഷിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണു മാണ്ഡ്യ. എന്നാല്‍, രമ്യയുടെ വിജയം അഭിമാനപ്രശ്നമായി കരുതുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നു.

ജെഡി-എസിന്റെ സി.എസ്. പുട്ടരാജുവാണു രമ്യയുടെ പ്രധാന എതിരാളി. പുട്ടരാജുവിനെയാണ് ഉപതെരഞ്ഞെടുപ്പില്‍ രമ്യ പരാജയപ്പെടുത്തിയത്. ബിജെപിക്കു മാണ്ഡ്യയില്‍ കാര്യമായ സ്വാധീനമില്ല. ബി. ശിവലിംഗയ്യ യാണു ബിജെപി സ്ഥാനാര്‍ഥി. സംസ്ഥാന വൊക്കലിഗ സംഘ വൈസ് പ്രസിഡന്റുകൂടിയായ ശിവലിംഗയ്യയ്ക്കു സമുദായ വോട്ടുകള്‍ സ്വാധീനിക്കാനാവും. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രത്തില്‍ 1984, 1998, 2009 തെരഞ്ഞെടുപ്പുകളില്‍ മാത്രമാണു മറ്റു പാര്‍ട്ടികള്‍ക്കു വിജയിക്കാനായത്. വൊക്കലിഗ സമുദായത്തിന് 35 ശതമാനം വോട്ടുള്ള മാണ്ഡ്യയില്‍ ഒബിസി, എസ്സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങളും നിര്‍ണായകമാണ്. അതേസമയം, കര്‍ണാടകയിലെ ഏറ്റവും പ്രബലരായ ലിംഗായത്തുകള്‍ ഇവിടെയില്ല.


കാവേരിപ്രശ്നം കത്തിനില്‍ക്കുന്ന മണ്ഡലമാണു മാണ്ഡ്യ. കാവേരിപ്രശ്നത്തില്‍ സാധാരണ കര്‍ഷകര്‍ക്കു നീതി ഉറപ്പാക്കിയെന്നാണു ജെഡി-എസ് സ്ഥാനാര്‍ഥി പുട്ടരാജുവിന്റെ വാദം. ജയിച്ചാല്‍ പാര്‍ലമെന്റില്‍ കന്നഡയില്‍ പ്രസംഗിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. പ്രമുഖ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഹനുന്തപ്പയാണു എഎപി സ്ഥാനാര്‍ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.