ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ വന്‍വീഴ്ച വരുത്തിയതായി ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദേശീയ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. 2005-2007 കാലയളവില്‍ കേരളം 349.59 കോടി രൂപയുടെ തൊഴില്‍ ദിനങ്ങള്‍ പാഴാക്കി. തൊഴില്‍ ആവശ്യമുള്ളവരെ കണ്െടത്താന്‍ നാലു ജില്ലകളിലെ 39 പഞ്ചായത്തുകളില്‍ വീടുവീടാന്തരം പരിശോധന നടത്തിയിട്ടില്ല. കൂലി നല്‍കുന്നതില്‍ 23 മുതല്‍ 138 ദിവസങ്ങള്‍ വരെ കേരളം കാലതാമസം വരുത്തി. അനുവദിക്കാന്‍ പാടില്ലാത്ത ജോലികള്‍ക്കാണ് 2,252.43 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതെന്നും 6,547.35 കോടി രൂപ ഈടുനില്‍ക്കുന്ന ആസ്തികള്‍ക്കു വേണ്ടിയല്ല ഉപയോഗിച്ചിരിക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ കോട്ടയം, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ നടപ്പാക്കലാണ് സിഎജി പരിശോധിച്ചത്. 87,280 തൊഴില്‍ ദിനങ്ങളാണ് കേരളം പാഴാക്കിയത്. ഇവിടങ്ങളില്‍ വിനിയോഗിച്ച തുകയില്‍ 299.48 കോടി രൂപ ഈടുനില്‍ക്കുന്ന ആസ്തികളുടെ രൂപീകരണത്തിനായിട്ടല്ല ഉപയോഗിച്ചിരിക്കുന്നതെന്നും കണ്െടത്തി. 6.7 കോടി രൂപ അധിക ഭരണച്ചെലവാണ്. പണി പൂര്‍ത്തിയായോ എന്നു വിലയിരുത്താതെ 12.86 ലക്ഷം രൂപയും വിതരണം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഹാജര്‍ രേഖപ്പെടുത്തിയവയില്‍ തിരുത്തല്‍ കണ്െടത്തിയിട്ടുണ്ട്. കൂലി നല്‍കിയതിനെക്കുറിച്ച് തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടില്ല. പലയിടത്തും പരാതി പുസ്തകമില്ല. സ്വകാര്യഭൂമിയില്‍ മരം മുറിച്ചുമാറ്റിയതിന് മുപ്പത്തി രണ്ടു ലക്ഷം രൂപ നല്കിയശേഷം ഒരു ഗ്രാമപഞ്ചായത്ത് ഇത് മഴവെള്ള ശേഖരണത്തിനാണെന്ന് എഴുതിവച്ചു. കടലാക്രമണം ചെറുക്കാന്‍ അമ്പത്തഞ്ച് ലക്ഷം രൂപ ചെലവാക്കിയെങ്കിലും സംസ്ഥാന ജലസേചനവകുപ്പിന്റെ സഹകരണം തേടാത്തതിനാല്‍ ഇതു പാഴായി.


എന്നിരുന്നാലും പദ്ധതിയുടെ പ്രയോജനത്തില്‍ 90 ശതമാനം തൃപ്തരായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. മിക്ക സംസ്ഥാനങ്ങളിലും നൂറു ദിവസം തൊഴിലുറപ്പ് എന്നത് 43 ദിവസമായി ചുരുങ്ങി. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിഹാറിലും 20 ശതമാനം തുക മാത്രമേ ചെലവാക്കിയിട്ടുള്ളൂ.

അതേസമയം, സാമ്പത്തിക ക്രമക്കേടല്ല പദ്ധതി നടത്തിപ്പിലെ വീഴ്ചകളാണു സിഎജി റിപ്പോര്‍ട്ടിലുള്ളതെന്നും വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്റാം രമേശ് അറിയിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ സ്ത്രീപങ്കാളിത്തമുണ്െടന്ന സിഎജിയുടെ പരാമര്‍ശം പദ്ധതിയുടെ വിജയം തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, കേരളം നിര്‍ദേശിച്ച എല്ലാ പദ്ധതികളും തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.