സൌദിയില്‍നിന്നു മടങ്ങുന്നവരുടെ യാത്രച്ചെലവ് സ്പോണ്‍സര്‍മാര്‍ വഹിക്കും
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്വദേശിവത്കരണ നിയമം നടപ്പിലാക്കുന്നതു മൂലം സൌദി അറേബ്യയില്‍നിന്നു നാട്ടിലേക്കു മടങ്ങുന്നവരുടെ യാത്രച്ചെലവ് സ്പോണ്‍സര്‍മാര്‍ വഹിക്കുമെന്നു ഇന്ത്യയിലെ സൌദി അംബാസഡര്‍. സ്പോണ്‍സര്‍മാരില്ലാത്തതായി കണ്െടത്തുന്നവരുടെ യാത്രച്ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ നിലവില്‍ പദ്ധതിയുണ്െടന്നും അംബാസഡര്‍ സൌദ് അല്‍ സാദി ഇടത് എംപിമാരുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു. നിതാഖാത്ത് നിയമം നടപ്പിലാക്കുന്നതിനിടെ മടക്കി അയയ്ക്കുന്ന പ്രവാസികളുടെ പാസ്പോര്‍ട്ടില്‍ തിരികെ വരാനാകാത്ത വിധത്തിലുള്ള രേഖപ്പെടുത്തല്‍ നടത്തില്ലെന്നും സൌദി അംബാസഡര്‍ ഉറപ്പു നല്‍കി.

സ്പോണ്‍സര്‍മാരാണു നിയമ വിധേയമായി ജോലിക്കാരെ നിയമിക്കേണ്ടതെന്നതിനാല്‍ റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നു ജോലി നഷ്ടപ്പെടുന്നവരുടെ മടക്കയാത്രച്ചെലവ് സ്പോണ്‍സര്‍മാരാണു വഹിക്കേണ്ടത്. മതിയായ രേഖകളില്ലാതെ പിടിക്കപ്പെടുന്നവരെ നാട്ടിലേക്കു മടക്കി അയയ്ക്കുന്നതിനുള്ള ചെലവു വഹിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.

സ്വദേശിവത്കരണം നടപ്പിലാക്കുന്നതു മൂലം മടങ്ങിപ്പോകേണ്ടുന്ന സ്പോണ്‍സര്‍മാരില്ലാത്തവരുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കുമെന്നും അംബാസഡര്‍ എംപിമാരെ അറിയിച്ചു. മടങ്ങിയെത്തുന്ന പ്രവാസികളുടെ യാത്ര ച്ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നാണ് നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചിരുന്നത്.


റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുന്നവര്‍ക്ക് ഗ്രീന്‍ കാറ്റഗറിയിലുള്ള കമ്പനിയില്‍ ജോലി ചെയ്യുന്നതിനും മടങ്ങിപ്പോയാല്‍ വീണ്ടും സൌദിയിലെ മറ്റു രാജ്യങ്ങളിലോ മടങ്ങിയെത്തുന്നതിനു തടസമുണ്ടാകില്ലെന്നും അംബാസഡര്‍ വ്യക്തമാക്കി. ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തവരൊഴികെയുള്ളവരുടെ പാസ്പോര്‍ട്ടിലോ രേഖകളിലോ ഇത്തരത്തില്‍ ഒരു കാര്യവും രേഖപ്പെടുത്തില്ല.

തിരിച്ചുപോകേണ്ടിവരുന്നവര്‍ക്കും അറസ്റിലാകുന്നവര്‍ക്കും അവരുടെ സമ്പാദ്യവും സാധനങ്ങളും തിരികെ കൊണ്ടുവരുന്നതിന് അനുവദിക്കുന്ന നിയമം സൌദിയിലുണ്െടന്നും, ഇതേക്കുറിച്ചു പ്രവാസികള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. എംപിമാരായ പി. കരുണാകരന്‍, പി. രാജീവ്, എം.പി. അച്യുതന്‍, എം.ബി. രാജേഷ്, കെ.എന്‍. ബാലഗോപാല്‍, സി.പി. നാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.