ചൌട്ടാല ആശുപത്രിയില്‍; കോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: ജെബിടി കുംഭകോണക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഹരിയാന മുന്‍ മുഖ്യമന്ത്രി ചൌട്ടാല, മറ്റൊരു അനധികൃത സ്വത്തുസമ്പാദന കേസില്‍ വിചാരണയ്ക്കു ഹാജരാകാഞ്ഞതുമായി ബന്ധപ്പെട്ട് കോടതി വിശദീകരണം തേടി. എഴുപത്തെട്ടുകാരനായ ചൌട്ടാല ആരോഗ്യകാരണങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്നാണു കോടതിയില്‍ ഹാജരാകാതിരുന്നത്.

2000ത്തിലാണു ജെബിടി കുംഭകോണവുമായി ബന്ധപ്പെട്ടു ചൌട്ടാലയെ കോടതി പത്തുവര്‍ഷത്തേക്കു തടവിനു ശിക്ഷിച്ചത്. മറ്റൊരു അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഇന്നലെ സിബിഐ പ്രത്യേക ജഡ്ജിയുടെ മുമ്പില്‍ ഹാജരാകേണ്ടിരുന്ന ചൌട്ടാല ദഹനസംബന്ധമായ ആരോഗ്യ പ്രശ്നങ്ങളുടെ പേരിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ചൌട്ടാലയുടെ ആരോഗ്യസ്ഥിതി കോടതിയില്‍ കൃത്യസമയത്തു ബോധിപ്പിക്കാതിരുന്ന ജയില്‍ അധികാരികളോടു കോടതി ചൌട്ടാലയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വിശദീകരണം ആവശ്യപ്പെടു കയായിരുന്നു.