കൊച്ചേട്ടന്റെ കത്ത് / അമിതാശ്രയത്വത്തിന്റെ അഴിയാക്കുരുക്കുകൾ
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
വടവൃക്ഷങ്ങളും അപകടകരമായി വളർന്ന വൻ മരങ്ങളും മുറിക്കുന്ന മരംവെട്ടുകാരുണ്ട്. ഏറെ സാഹസികതയും ധൈര്യവും ആരോഗ്യവും ആവശ്യമുള്ള ഒരു ജോലിയാണത്. വലിയ ശിഖരങ്ങളും മരത്തടികളും മുറിച്ചുമാറ്റുന്പോൾ, ഇവർ ചെയ്യുന്ന ഒരു കാര്യമുണ്ട്. മരം മുറിച്ചു വീഴ്ത്തുന്പോൾ നിലത്തുറച്ചു നിൽക്കുന്ന ഭാഗം അതിവേഗം ഇരുവശത്തേക്കും ഇളകിയാടും. അപ്പോൾ മരംവെട്ടുകാരൻ മരത്തിൽനിന്നു പിടിവിട്ട് തെറിച്ചുവീഴാതിരിക്കാൻ വെട്ടു തുടങ്ങുന്നതിനു മുന്പേതന്നെ അയാളുടെ ശരീരം തായ്ത്തടിയോടു ചേർത്ത് കയറുകൊണ്ട് ചുറ്റിക്കെട്ടും. മരം മുറിച്ചുകഴിയുന്പോൾ കെട്ടഴിച്ചു താഴെയിറങ്ങും.
എന്നാൽ, കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിൽനിന്നും കേട്ടത് ഏറെ ദുഃഖാർദ്രമായ ഒരു വാർത്തയാണ്. ചെറുപ്പക്കാരനായ ഒരു മരംവെട്ടുവിദഗ്ധൻ! അയാൾ മരത്തിനു മുകളിൽ കയറി, ശിഖരങ്ങൾ വെട്ടിവീഴ്ത്തി. അവസാനം, തായ്ത്തടിയുടെ മുകൾഭാഗം മുറിക്കുന്നതിനു മുന്പ് തന്റെ ശരീരം മരത്തോടുചേർത്തു കെട്ടി. തുടർന്ന് മരംവെട്ടി. എന്നാൽ, മുറിഞ്ഞ ഭാഗം നിലത്തേക്കു വീണതിന്റെ ആയാസത്തിൽ നിലത്തുറച്ചുനിന്ന ഭാഗംകൂടി മണ്ണിലേക്കു മറിഞ്ഞുവീണു. കാരണം, മരത്തിന്റെ വേരുകൾ ഉണങ്ങിപ്പോയതായിരുന്നു. മരത്തോടു ചേർത്തു കെട്ടിയിരുന്നതിനാൽ, ആ പാവം ദാരുണമായി ജീവൻ വെടിഞ്ഞു.
മനസിനെ നടുക്കുന്ന ഈ ദുരന്തത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കുഞ്ഞുമക്കളുടെയും അഗാധദുഃഖത്തിൽ നമുക്കും ഹൃദയം ചേർത്തുവച്ച് പ്രാർത്ഥിക്കാം. ഒപ്പം സംഭവം നല്കുന്ന ജീവിതപാഠങ്ങൾ ശ്രദ്ധിക്കുകയും ചെയ്യാം.
ഇതുപോലെയാണ് നമ്മിൽ പലരും! അറിഞ്ഞോ അറിയാതെയോ നാം മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നു. നമ്മളേക്കാൾ ഉറപ്പുണ്ടെന്ന് നമുക്കു തോന്നുന്നവരോട് നമ്മെത്തന്നെ ചേർത്തു നിർത്തുക എന്നത് പലർക്കും ആശ്വാസമാണ്. നാം ആശ്രയിക്കുന്നവരുടെ അടിസ്ഥാനം ഒരിക്കലും ഇളകില്ലെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ടം.
അമിതമായ ആശ്രയഭാവം ആരോടും ഒന്നിനോടും നന്നല്ല എന്നാണ് ഈ സംഭവത്തിന്റെ ഒന്നാംപാഠം. ചിലർ പണത്തെ അമിതമായി ആശ്രയിക്കുന്നു. പണമുള്ളവരെ അന്ധമായി വിശ്വസിക്കുന്നു. അവരോടു ചേർന്നുനിൽക്കാനും സ്വന്തം നിലനില്പിനെത്തന്നെ അവരോടു ചേർത്തു പറയാനും ഇക്കൂട്ടർക്ക് അമിതമായ ആവേശമാണ്. ചിലർ പ്രശസ്തിയേയും പദവിയേയും പ്രശസ്തരേയും ആശ്രയിക്കുന്നു! ചിലർ ഭരണാധികാരികളുടെ ആശ്രിതരാകുന്നതിൽ മത്സരിക്കുന്നു. ഇവരോടൊക്കെ ഒട്ടിനിന്നാൽ തന്റെ ഭാവി ഭദ്രമായി എന്നാണിക്കൂട്ടരുടെ മൂഢവിശ്വാസം!
എന്നാൽ, അനീതികൾക്കു മുകളിൽ പണിയുന്ന കൊട്ടാരങ്ങളോട് ഒട്ടരുത്. അന്യായത്തിനു മുകളിൽ പണിയുന്ന മട്ടുപ്പാവുകളിൽ വിരുന്നുണ്ണരുത്. അധാർമികതയുടെ ചിതൽ തിന്നുതീർത്ത അടിത്തറയ്ക്ക് ഉറപ്പില്ല. അഹങ്കാരത്തിന്റെ എലി കരണ്ട് അകംപൊള്ളയായ ചെതുക്കു തടികൾക്ക് നിങ്ങളെ രക്ഷിക്കാനാകില്ല. സ്വന്തം രക്ഷയ്ക്കുള്ള വഴി സ്വയം കരുതിവയ്ക്കാത്തവർ എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം.
കൂട്ടുകാർ ആരേയും ചാരിനിൽക്കേണ്ട. സ്വന്തം കാലിൽ നിൽക്കുക. കൂട്ടുകെട്ടുകളിൽ അമിതാശ്രയത്വം വേണ്ടേവേണ്ട. കൂട്ടുകാരുടെ ചുവടുകൾ എപ്പോൾ വേണമെങ്കിലും ഇടറാം. ഇടറാത്ത ഒരേയൊരിടമേയുള്ളൂ, ആശ്രയിക്കാൻ. അത് ദൈവമാണ്. നമുക്കു ജീവൻ നൽകിയ, ജീവിതം നൽകിയ ദൈവം. നമുക്ക് ഇന്നത്തെ നില നൽകിയ, നിലപാടു നല്കിയ ദൈവം. ആ ദൈവത്തോടൊട്ടി നിൽക്കാം. ഏതു ഭൂമികുലുക്കത്തിലും, സുനാമിയിലും നമ്മുടെ ഭാവി തകരില്ല. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം നല്കുന്ന ആത്മവിശ്വാസത്തിൽ ഉറച്ചുനിന്നു വളരുക. വിജയിക്കുക. ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
പത്തനംതിട്ട, ആലപ്പുഴ പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റുകൾ ജൂലൈ എട്ടിന്
ആലപ്പുഴ: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റും പ്രവർത്തനോദ്ഘാടനവും ജൂലൈ എട്ടിന് ആലപ്പുഴ പഴവങ്ങാടി കാർമ്മൽ അക്കാദമി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.രാവിലെ ഒൻപതിനു ചേരുന്ന സമ്മേളനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്യും.
തുടർന്ന് ശാഖാ ഡയറക്ടർമാർക്കായി പരിശീലന ക്ലാസും ഉണ്ടായിരിക്കും. പ്രവിശ്യ കോ-ഓർഡിനേറ്റർ വി.കെ. മറിയാമ്മ, മേഖലാ ഓർഗനൈസർമാരായ അഡോൾഫ് സേവ്യർ, ആലീസ് എൻ.എം., അനൂപ് കെ. സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ ശാഖാ ഡയറക്ടർമാരും എത്തിച്ചേരണമെന്ന് കോ-ഓർഡിനേറ്റർ വി.കെ. മറിയാമ്മ അറിയിച്ചു.
കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം പത്തനംതിട്ട പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റ് ജൂലൈ എട്ടിന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് 1.30-ന് പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ ഉദ്ഘാടനം ചെയ്യും. കേന്ദ്രസമിതിയംഗം ജോസ് മണിമല, മേഖലാ ഓർഗനൈസർമാരായ ആൻസി മേരി ജോൺ, ബാബു ടി. ജോൺ,. മാത്യുസൺ ടി. തോമസ്, സിസ്റ്റർ ദീപ്തി മരിയ, സിസ്റ്റർ ഗ്ലാഡിസ് എന്നിവർ നേതൃത്വം നൽകും.
ശാഖാ ഭാരവാഹികൾ
ഫാത്തിമ എച്ച്.എസ് മ്ലാമല പ്രവീണ പി.വി. - ലീഡർ, പ്രിൻസ് ചാക്കോ - ഡെപ്യൂട്ടി ലീഡർ, മരിയ ജൂവൽ ജോസഫ്, ജോയ്സ് ജോസഫ് - കൗൺസിലർമാർ, ആൽബി നോബിൾ, അലൻ നോബിൾ - സെക്രട്ടറിമാർ, ആര്യ ശിവാനന്ദൻ - പ്രോജക്ട് സെക്രട്ടറി, ഉവൈസ് ഒ.എഫ്. - ട്രഷറർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.