തളിപ്പറമ്പ്: റവന്യുവകുപ്പില്‍ ഇനി അഡീഷണൽ തഹസില്‍ദാര്‍ തസ്തികയില്ല. പകരം തഹസില്‍ദാര്‍(ഭൂരേഖ) എന്ന തസ്തിക സൃഷ്ടിച്ചു സർക്കാർ ഉത്തരവ് പുറത്തിറക്കി. 1998 -ല്‍ റവന്യു ബോര്‍ഡ് നിര്‍ത്തലാക്കിയപ്പോഴാണ് അഡീഷണല്‍ തഹസില്‍ദാര്‍ എന്ന തസ്തിക സൃഷ്ടിച്ചത്.
സ്ഥലപരിശോധന ഉള്‍പ്പെടെ ഫീല്‍ഡ് ജോലികള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥനായതിനാലും ഭൂരേഖയുടെ കൃത്യമായ പരിപാലനമടക്കം ഭൂമിസംബന്ധമായ എല്ലാ ജോലികളും നിര്‍വഹിക്കാന്‍ ചുമതലപ്പെട്ടതിനാലുമാണ് അഡീഷണല്‍ തഹസില്‍ദാരുടെ തസ്തിക തഹസില്‍ദാര്‍(ഭൂരേഖ) എന്നാക്കിയതെന്ന് ലാൻഡ് റവന്യു കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
പോക്കുവരവ്, ഭൂമി ഏറ്റെടുക്കല്‍, വില്ലേജ് ഓഫീസുകളുടെ ഓഡിറ്റ്, ഭവനപദ്ധതികള്‍, പിഎല്‍ആര്‍ തഹസില്‍ദാരുടെ ജോലികള്‍, ഭവനനിര്‍മാണ വായ്പ, സാമൂഹ്യക്ഷേമ പദ്ധതികള്‍, ജലസേചന നികുതി, വനഭൂമിയുടെ സംയുക്തപരിശോധന, കോഫി രജിസ്ട്രേഷന്, ഏലം രജിസ്ട്രേഷന്, കുടിശിക ഫയലുകളുടെ തീര്‍പ്പാക്കല്‍, ഭൂവികസന വായ്പ, മിച്ചഭൂമി ഏറ്റെടുക്കലും വിതരണവും ഒഴികെയുള്ള ഭൂപരിഷ്കരണ ജോലികള്‍, പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട്, ഫയല്‍ വര്‍ക്ക്ഷോപ്പ്, എജി ഓഡിറ്റും ഇന്റേണല്‍ ഓഡിറ്റും, പരാതി പരിഹാരം, ഭൂസംരക്ഷണം, ഭൂമിവിട്ടൊഴിയല്‍, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍, ഭൂവിനിയോഗ ഉത്തരവ്, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം, വെണ്ടര്‍ ലൈസന്‍സിനുള്ള റിപ്പോര്‍ട്ടുകള്‍, അതിര്‍ത്തിതര്‍ക്ക പരിഹാരം, സര്വേപ്ലാനുകള്ക്കുള്ള അപേക്ഷ, സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റം, ടൈറ്റില്‍ അപ്രൂവല്‍, ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുത്ത മിച്ചഭൂമിയുടെ വിതരണവും പരിപാലനവും എന്നീ വിഷയങ്ങളായിരിക്കും പുതിയ തസ്തികയിലുള്ള തഹസില്‍ദാര്‍(ഭൂരേഖ) കൈകാര്യം ചെയ്യുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.