കൊച്ചി: സീറോ മലബാർ ഡയക്ടറിയുടെ പരിഷ്കരിച്ച പതിപ്പ് കാക്കനാട് മൗണ്ട് സെന്റ് തോമസിലെ കൂരിയ ആസ്ഥാനത്തു പ്രകാശനം ചെയ്തു. പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്തിന് ആദ്യപ്രതി നൽകി മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം നിർവഹിച്ചു.
സിഎംഐ പ്രിയോർ ജനറൽ റവ. ഡോ. പോൾ ആച്ചാണ്ടി, ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, വൈസ് ചാൻസലർമാരായ റവ. ഡോ. സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, റവ. ഡോ. പോൾ റോബിൻ തെക്കത്ത്, റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ, സിസ്റ്റർ ലിസ്തെരേസ്, സിസ്റ്റർ അരുണ എന്നിവർ പങ്കെടുത്തു.
സീറോ മലബാർ സഭയുടെ ചരിത്രം, രൂപതകൾ, മെത്രാന്മാർ, വൈദികർ, അല്മായർ, സന്യാസസമൂഹങ്ങൾ, പ്രവാസികളുടെ അജപാലന സംവിധാനങ്ങൾ, സ്ഥിതിവിവരക്കണക്കുകൾ, സഭയിലെ വിശുദ്ധർ-വാഴ്ത്തപ്പെട്ടവർ-ധന്യർ-ദൈവദാസർ എന്നിവരെ സംബന്ധിച്ച സംക്ഷിപ്ത വിവരണങ്ങൾ തുടങ്ങിയ വിവരങ്ങൾ പരിഷ്കരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മേജർ ആർച്ച്ബിഷപ് പറഞ്ഞു.
സീറോ മലബാർ സഭയ്ക്ക് ആഗോളവ്യാപകമായി 32 രൂപതകളാണുള്ളത് (ഇന്ത്യയിൽ 29, വിദേശത്ത് 3). ഷിക്കാഗോ, മെൽബൺ, ഗ്രേറ്റ് ബ്രിട്ടൻ എന്നിവയാണു വിദേശത്തെ രൂപതകൾ. കാനഡയിൽ അപ്പസ്തോലിക് എക്സാർക്കേറ്റും ഇന്ത്യ, ന്യൂസിലൻഡ്, യൂറോപ്പ് എന്നിവിടങ്ങളിൽ അപ്പസ്തോലിക് വിസിറ്റേഷനുകളും ഉണ്ട്. ആകെ വിശ്വാസികളുടെ എണ്ണം 49,23,490. സഭയിൽ 59 മെത്രാന്മാരാണ് ആകെയുള്ളത്. ഇവരിൽ 17 പേർ വിരമിച്ചവരും എട്ടു പേർ സഹായമെത്രാന്മാരുമാണ്. 9166 വൈദികർ സീറോ മലബാർ സഭയ്ക്കുണ്ട്. ഇതിൽ 4487 പേർ രൂപതവൈദികരും 4679 പേർ സന്യാസസമൂഹങ്ങളിലുള്ളവരുമാണ്. 207 സന്യാസസഹോദരങ്ങളും 36053 സന്യാസിനികളും സീറോ മലബാർ സഭയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.