കൊച്ചി: സംഘർഷ മേഖലകളിൽ സുരക്ഷാഭടന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഇലക്ട്രോണിക് ജാക്കറ്റ് നിർമിച്ച മേക്കർ വില്ലേജ് സ്റ്റാർട്ടപ് ടീം കൊച്ചിയിൽ നടന്ന ഹാക്കത്തോണിൽ ഒന്നാം സ്ഥാനം നേടി. അജയ് സാങ്വാൻ, ടി. രോഹിത്, വിവേക് ജോസ് എന്നിവരടങ്ങിയ ന്യോക്ക എന്ന ടീം രൂപകല്പന ചെയ്തതും കെവ്ലാർ എന്ന സങ്കരപദാർഥം കൊണ്ട് നിർമിച്ചതുമായ ജാക്കറ്റ് എതിരാളികൾ എവിടെയെന്നു കണ്ടുപിടിക്കാനും ഇവരെക്കുറിച്ചുള്ള വിവരം തങ്ങളുടെ നിയന്ത്രണകേന്ദ്രത്തെ അറിയിക്കാനും ശേഷിയുള്ളതുമാണ്.
ഇതിനൊപ്പംതന്നെ ഇവർ രൂപകല്പന ചെയ്ത ഐടി അധിഷ്ഠിത ഉപകരണം അതിർത്തിയിൽ സ്ഥാപിക്കുകയാണെങ്കിൽ അതിർത്തി ലംഘനം നടത്തുന്നവരെ ഇൻഫ്രാറെഡ് രശ്മികളിലൂടെ കൃത്യമായി നിർണയിക്കുകയും ബന്ധപ്പെട്ട അധികൃതർക്കും സമീപവാസികൾക്കും സന്ദേശം നൽകുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് നിർണയിച്ച് മനുഷ്യരെയും മൃഗങ്ങളെയും കൃത്യമായി വേർതിരിച്ച് മനസിലാക്കാനുള്ള ശേഷിയും ഈ ഉപകരണത്തിനുണ്ട്. കളമശേരി കേരള ടെക്നോളജി ഇന്നവേഷൻ സോണിൽ ചെന്നൈ അമേരിക്കൻ കോണ്‍സുലേറ്റിന്റെയും ലേണിംഗ് ലിങ്ക്സ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ’ഹാക്ക് ടു ഹെൽപ്- സോഷ്യൽ ഇന്നവേഷൻ ഹാക്കത്തോൺ’ എന്ന പേരിൽ നടന്ന ദ്വിദിന മത്സരം കേരള സ്റ്റാർട്ടപ് മിഷൻ, മേക്കർ വില്ലേജ്, സയൻസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ 16 വയസിനുമുകളിലുള്ളവർക്കുവേണ്ടിയാണ് സംഘടിപ്പിച്ചത്. നാസ്കോം 1000 സ്റ്റാർട്ടപ്സ് മേധാവി അരുണ്‍ നായർ ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് എൻജിനിയറിംഗിലെ സമീർ ദയാൽ, മായങ്ക് രാജ്, അഭിനവ് ഗൗതം, ശന്തനു ഗാർഗ് എന്നിവരടങ്ങിയ ഹഗ്ഗാമ ടീം രണ്ടാം സ്ഥാനവും, സെയിന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനിയറിംഗിലെ എം.എസ്. ജിതിൻ, വി. ഗോവിന്ദൻ നന്പൂതിരി, ജിബിൻ ജോസഫ്, ക്ലിൻസ് സ്റ്റീഫൻ എന്നിവരടങ്ങിയ കോഡ് റെക്കേഴ്സ് ടീം മൂന്നാം സ്ഥാനവും ചേർത്തല കോളജ് ഓഫ് എൻജിനിയറിംഗിലെ കെ. ശിവപ്രസാദ്, എം.പി. അർഷദ്, മണികണ്ഠൻ വിജയൻ, വി.ആർ. ഗോകുൽദാസ് എന്നിവരുടെ ഡീകോഡേഴ്സ് ടീം നാലാം സ്ഥാനവും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.