കൊച്ചി: യമനിൽ പ്രേഷിതപ്രവർത്തനം നടത്തിവന്ന മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ ബന്ദിയാക്കപ്പെട്ടിട്ടു മാർച്ച് നാലിന് ഒരു വർഷം തികയുന്നു. വാർഷികദിനത്തിൽ കേരള കത്തോലിക്കാ മെത്രാൻസമിതിയും (കെസിബിസി) സലേഷ്യൻ സഭയുടെ (എസ്ഡിബി) ബംഗളൂരു പ്രോവിൻസും സംയുക്തമായി കൊച്ചിയിൽ പ്രാർഥനാകൂട്ടായ്മയും പൊതുസമ്മേളനവും നടത്തും.
യമനിലെ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റീസ് സന്യാസിനിമാർ നടത്തിവന്ന അഗതിമന്ദിരത്തിനുനേരേ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണു ഫാ. ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയത്. നാലു സന്യാസിനികളും പന്ത്രണ്ട് അന്തേവാസികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അഗതിമന്ദിരത്തിലെ ചാപ്പലിൽ ദിവ്യബലിയർപ്പിച്ചശേഷം പ്രാർഥിച്ചുകൊണ്ടിരിക്കെയാണു ഫാ. ഉഴുന്നാലിലിനെ ഭീകരർ ബന്ദിയാക്കിയത്. പാലാ രാമപുരം ഉഴുന്നാലിൽ കുടുംബാംഗമായ ഫാ. ടോം ഏഡനിൽ സന്യാസിനി സമൂഹങ്ങളുടെയും പ്രവാസി കത്തോലിക്കരുടെയും ആത്മീയകാര്യങ്ങൾക്കൊപ്പം ഇടവകയുടെ ചുമതലയും നിർവഹിച്ചു വരികയായിരുന്നു.
ബന്ദിയാക്കപ്പെട്ടശേഷം കഴിഞ്ഞ ജൂണിലും ഡിസംബറിലും ഫാ. ടോം തന്റെ ഫേസ്ബുക്ക് പേജിലൂടെ സഹായമഭ്യർഥിക്കുന്ന വീഡിയോകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ശാരീരികമായി അവശനിലയിലാണു വീഡിയോയിൽ ഫാ. ടോം കാണപ്പെട്ടത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വത്തിക്കാനും യുഎഇ സർക്കാരും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമങ്ങൾ തുടരുന്നുണ്ട്. ഭാരത കത്തോലിക്കാ മെത്രാൻസമിതിയും സലേഷ്യൻ കോണ്‍ഗ്രിഗേഷനും കൂട്ടായി വിവിധതലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും കഴിഞ്ഞ ഏഴിനു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നു കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു വ്യക്തമാക്കിയിരുന്നു.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജും വിഷയത്തിൽ താത്പര്യമെടുത്തിരുന്നു. ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രാർഥനക്കൂട്ടായ്മകളും നടന്നു.
മത, സമുദായ, സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ മോചനശ്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടു പൊതുസമ്മേളനങ്ങളും ഒരു വർഷത്തിനിടെ തുടർച്ചയായി നടത്തി. ഫാ. ഉഴുന്നാലിലിന്റെ തിരോധാനത്തിന്റെ ഒന്നാം വാർഷികദിനമായ മാർച്ച് നാലിനു വൈകുന്നേരം അഞ്ചിന് എറണാകുളം ടൗണ്‍ ഹാളിലാണു പ്രാർഥനക്കൂട്ടായ്മയും സമ്മേളനവും നടക്കുന്നത്.
സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വിവിധ മെത്രാന്മാർ, എസ്ഡിബി ബംഗളൂരു പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോയ്സ് തോണിക്കുഴിയിൽ, എംപിമാർ, എംഎൽഎമാർ, ജനപ്രതിനിധികൾ, മത, സമുദായ, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.