െകാച്ചി: കുടുംബങ്ങളിൽ ലാളിത്യത്തിന്റെ സംസ്കാരം വളർത്തണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. കേരള റീജണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) ഇരുപത്തിയൊന്‍പതാമതു ദ്വിദിന ജനറൽ അസംബ്ലി ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നസ്രത്തിലെ കുടുംബത്തിന്റെ സമ്പന്നത, ലാളിത്യത്തിന്റെ സമ്പന്നതയായിരുന്നു. അമിത ചെലവും ആർഭാടവും മൂലം നശിച്ച നിരവധി കുടുംബങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. പത്തു കിട്ടിയാൽ നൂറു ചെലവാക്കുന്ന രീതിയാണു നമ്മെ എങ്ങും എത്തിക്കാതെ പോയത്. മക്കൾ വഴിതെറ്റുന്നു എന്നു വിലപിക്കുന്ന മാതാപിതാക്കൾ തങ്ങൾ ശരിയായ വഴിയിലാണോ സഞ്ചരിക്കുന്നതെന്നു പരിശോധിക്കണം.
മാതാപിതാക്കൾ മക്കളുടെ ആദ്യത്തെ വിദ്യാലയമായി മാറണം. നമ്മുടെ യുവാക്കളെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകളായി മാറുന്ന മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരേ ശക്തമായ ബോധവത്കരണം നടത്താൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഓർമിപ്പിച്ചു.
ആധുനിക മനുഷ്യൻ ഏകാന്തതയുടെ തടവറയിലാണെന്നും ഇതിൽനിന്നു മനുഷ്യനെ മോചിപ്പിക്കാതെ കുടുംബങ്ങളുടെ വീണ്ടെടുപ്പിനെക്കുറിച്ചു ചിന്തിക്കുന്നതു വ്യർഥമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ കെആർഎൽസിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം ചൂണ്ടിക്കാട്ടി. യെമനിൽ തീവ്രവാദികളുടെ പിടിയിലുള്ള ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പ്രത്യേക പ്രാർഥനയോടെയാണു കേരളത്തിലെ 12 ലത്തീൻ രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും വൈദിക, സന്യസ്ത അൽമായ പ്രതിനിധികളും സംബന്ധിക്കുന്ന സമ്മേളനം ആരംഭിച്ചത്.
കൊച്ചി രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോസഫ് കരിയിൽ, ശാലോം ടിവി ചീഫ് എഡിറ്റർ ഷെവ. ബെന്നി പുന്നത്തറ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, സെക്രട്ടറി തോമസ് കെ. സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു. കുടുംബങ്ങളുടെ വീണ്ടെടുപ്പ് എന്ന മുഖ്യചർച്ചാവിഷയത്തെക്കുറിച്ചുള്ള രേഖയുടെ പ്രസക്തഭാഗങ്ങൾ താലന്ത് ചീഫ് എഡിറ്റർ റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി അവതരിപ്പിച്ചു. ഡോ. മേരി റെജീന, ഡോ. എഡ്വേർഡ് എടേഴത്ത് എന്നിവർ പങ്കെടുത്തു. ഫാ. ഫ്രാൻസിസ് ഡിക്സണ്‍ ഫെർണാണ്ടസ് മോഡറേറ്ററായിരുന്നു.
പഠനരേഖയെക്കുറിച്ചു രൂപതകളിൽ നടന്ന ചർച്ചകളുടെ അവതരണം മോണ്‍. സെബാസ്റ്റ്യൻ ജെക്കോബി, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ഡോ. ബിജു ടെറൻസ് എന്നിവർ മോഡറേറ്റ് ചെയ്തു. മൂന്നാം സെഷനിൽ വിശ്വധർമം എഡിറ്റർ മാർഷൽ ഫ്രാങ്ക്, കോഴിക്കോട് ഡയറ്റ് അധ്യാപകൻ ടി.എഫ്. ജോയ്, ജോസഫ് ജൂഡ് എന്നിവർ ആനിമേറ്റർമാരായിരുന്നു.റിന്യുവൽ ഓഫ് ക്രിസ്റ്റ്യൻ ഫാമിലിസ് ഇൻ ദി ലൈറ്റ് ഓഫ് അമോരിസ് ലെത്തിസിയ എന്ന വിഷയത്തിൽ അമേരിക്കയിൽ നിന്നുള്ള ഡോ. റാൽഫ് മാർട്ടിൻ പ്രഭാഷണം നടത്തി.
തുടർന്നു നടന്ന ദിവ്യബലിയിൽ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി മുഖ്യകാർമികത്വം വഹിച്ചു. ഓപ്പണ്‍ ഫോറം റവ. ഡോ. പ്രസാദ് തെരുവത്ത് മോഡറേറ്റ് ചെയ്തു.
സമാപനദിനമായ ഇന്നു രാവിലെ 6.45ന് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. കെആർഎൽസിബിസി അൽമായ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല വചനപ്രഘോഷണം നടത്തും. വിവിധ സെഷനുകളിൽ സാമൂഹിക, രാഷ്ട്രീയ പ്രമേയാവതരണം, കർമപദ്ധതിയുടെ രൂപീകരണം, പ്രവർത്തന റിപ്പോർട്ട് അവതരണം തുടങ്ങിയവ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.