കാൻസർ ബോധവത്കരണ സന്ദേശയാത്ര ഇന്ന് ആരംഭിക്കുന്നു
കാൻസർ ബോധവത്കരണ സന്ദേശയാത്ര ഇന്ന് ആരംഭിക്കുന്നു
Friday, December 9, 2016 4:34 PM IST
കോട്ടയം: കേരളത്തിന്റെ വിദ്യാർഥി സമൂഹവും യുവതലമുറയും ആവേശത്തോടെ ഏറ്റുവാങ്ങിയ കാൻസർ ബോധവത്കരണ പരിപാടിയായ ക്യാപ്*കാമ്പസ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. മലയാളത്തിലെ ആദ്യപത്രമായ ദീപികയും സർഗക്ഷേത്രവും മേളം ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്നതാണു ക്യാപ്*കാമ്പസ് പദ്ധതി.

കാൻസർ ബോധവത്കരണ സന്ദേശവുമായി കാസർഗോട്ടുനിന്നു തിരുവനന്തപുരത്തേക്കു നടക്കുന്ന സന്ദേശയാത്രയ്ക്ക് ഇന്നു കാഞ്ഞങ്ങാട്ട് തുടക്കമാകും. യാത്രയുടെ ഭാഗമായി സെമിനാറുകൾ, കാൻസർ ചികിത്സാ കേന്ദ്രങ്ങളിലെ സന്ദർശനം, കലാലയ സന്ദർശനം എന്നിവ നടക്കും. കാൻസർ കെയർ ഹോമുകൾ എന്നിവ സന്ദർശിച്ചു കാൻസർ രോഗബാധിതർക്കൊപ്പം ചെലവഴിക്കും. സമഗ്ര ബോധവത്കരണ കർമപദ്ധതി തയാറാക്കി സർക്കാരിനു കൈമാറും.

പ്രമുഖർ പങ്കെടുക്കും

ഇന്നു മുതൽ 23 വരെ നടത്തുന്ന സന്ദേശയാത്രയുടെ സംസ്‌ഥാനതല ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന് രാജപുരം സെന്റ് പയസ് ടെൻത് കോളജ് അങ്കണത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കും. ദീപിക കണ്ണൂർ റെസിഡന്റ് മാനേജർ ഫാ.സെബാൻ ഇടയാടിയിൽ, സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളം സിഎംഐ, ഡോ.കുര്യൻ ജോൺ മേളാംപറമ്പിൽ, വർഗീസ് ആന്റണി, ജിജി കോട്ടപ്പുറം, ജിജി ഫ്രാൻസിസ് എന്നിവർ പ്രസംഗിക്കും.


ഡിസംബർ 10 മനുഷ്യാവകാശദിനത്തിൽ തുടങ്ങുന്ന സന്ദേശയാത്ര 11ന് കണ്ണൂർ ജില്ലയിലും 12ന് കോഴിക്കോട്ടും 13ന് പാലക്കാട്ടും പര്യടനം നടത്തും. തൃശൂരിൽ 14നും എറണാകുളത്ത് 15നും 16ന് ഇടുക്കിയിലും യാത്രയെത്തും. 17, 18 തീയതികളിൽ കോട്ടയത്തും 19ന് ആലപ്പുഴയിലും 20ന് പത്തനംതിട്ട, 21ന് കൊല്ലം, 22–23 തീയതികളിൽ തിരുവനന്തപുരം ജില്ലകളിലും പര്യടനം നടത്തും.

വർഗീസ് ആന്റണി, ടിനോ, ടോമി, എം.ടി. കലേഷ്, സിറിയക് ചാഴികാടൻ, ദീപിക പ്രതിനിധികൾ എന്നിവർ യാത്രാസംഘത്തിനു നേതൃത്വം നൽകും. മത– രാഷ്ട്രീയ– സാമുദായിക – സാംസ്കാരിക രംഗങ്ങളിലെ ഒട്ടേറെ പ്രമുഖർ സന്ദേശയാത്രയിൽ അണിചേരുമെന്നു സർഗക്ഷേത്ര ഡയറക്ടർ ഫാ.അലക്സ് പ്രായിക്കളവും ഭാരവാഹികളും അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനാണു ക്യാപ് *പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ലോഗോ പ്രകാശനം ചെയ്തത് നടൻ മമ്മൂട്ടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.