സിംബാബ് വേയുടെ ദേശീയ പുഷ്പം ചിന്നാർ വനത്തിൽ വിരിഞ്ഞു
സിംബാബ് വേയുടെ ദേശീയ പുഷ്പം ചിന്നാർ വനത്തിൽ വിരിഞ്ഞു
Friday, December 9, 2016 4:22 PM IST
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ കാടുകളിൽ കിത്തോന്നി പൂക്കൾ വിരിഞ്ഞു. ലില്ലിയാസെ കുടുംബത്തിൽപെട്ട ഗ്ലോറിയ സൂപെർബാ എന്നറിയപ്പെടുന്ന ഗ്ലോറി ലില്ലി മലയാളത്തിൽ കിത്തോന്നി എന്നും പറയൻചെടി എന്നും അറിയപ്പെടുന്നു. പൂമൊട്ടിൽ പച്ചകലർന്നു മഞ്ഞ നിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീടു രക്‌തവർണത്തിലും കാണപ്പെടുന്നു. പൂക്കളുടെ നിറം കടുംചുവപ്പോ ഓറഞ്ച് ചുവപ്പോ ആവുകയും ദളങ്ങൾ വളഞ്ഞു പിരിയുകയും ചെയ്യുന്നു.

സിംബാബ് വേയുടെ ദേശീയ പുഷ്പമാണു ഗ്ലോറി ലില്ലി. തമിഴ്നാട്ടിൽ കാർത്തിക പൂവ് എന്നറിയപ്പെടുന്ന ഈ പൂവ് സംസ്‌ഥാന പുഷ്പം കൂടിയാണ്. പാമ്പിൻ വിഷത്തിന്റെ ഔഷധമായാണ് ഇതു കൂടുതലായും ഉപയോഗിക്കുന്നത്. അധികമായാൽ ഛർദി, അതിസാരം, ഹൃദയസ്തംഭനം എന്നിവ ഉണ്ടാക്കുകയും ചെയ്യും. ഇതിന്റെ കിഴങ്ങ് നീളമുള്ളതും പെൻസിലിന്റെ വണ്ണമുള്ളതുമാണ്. ഈ ചെടിയുടെ പരാഗണം അധികമായി നടത്തുന്നതു ചിത്രശലഭങ്ങളാണ്. കാടിനുള്ളിൽ കൂട്ടമായി നിൽക്കുന്ന ഈ പൂക്കൾ ആരെയും ആകർഷിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.