ഇനിയില്ല ഇങ്ങനെയൊരു സോഷ്യലിസ്റ്റ്
ഇനിയില്ല ഇങ്ങനെയൊരു സോഷ്യലിസ്റ്റ്
Friday, December 9, 2016 4:22 PM IST
തിരുവനന്തപുരം: ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തിയ കാലം. കോൺഗ്രസിലെ തലമുതിർന്ന നേതാക്കളെല്ലാം ഇന്ദിരയുടെ എതിർചേരിയിൽ നിലയുറപ്പിച്ചു നിൽക്കുന്നു. പാർട്ടിയിൽ പിടിമുറുക്കുവാനുള്ള നീക്കങ്ങൾ ഇന്ദിരയും തുടങ്ങി. മറ്റു പാർട്ടികളിലെ മിടുക്കന്മാരെ കോൺഗ്രസിൽ എത്തിക്കാനുള്ള ശ്രമങ്ങൾ അവർ ആരംഭിച്ചു.

ഇക്കാലയളവിലാണ് കേന്ദ്രമന്ത്രിയായിരുന്ന രഘുനാഥ റെഡ്ഢി അന്നു ലോക്സഭാംഗമായിരുന്ന പി. വിശ്വംഭരനെ ബന്ധപ്പെടുന്നത്. ഇന്ദിരയുമായുള്ള കൂടിക്കാഴ്ച ഒരുക്കി റെഡ്ഢി വിശ്വംഭരനെ ഇന്ദിരയ്ക്കു മുന്നിലെത്തിച്ചു. കോൺഗ്രസിൽ ചേർന്നാൽ കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രി സ്‌ഥാനമായിരുന്നു വാഗ്ദാനം. കഴിവു തെളിയിച്ചാൽ ഉയർന്ന പദവികൾ നൽകാമെന്ന വാഗ്ദാനവും നൽകി. ആരുടെയും മനസ് ഉലയ്ക്കുന്ന ഓഫർ.

അടിയുറച്ച സോഷ്യലിസ്റ്റ് ആയിരുന്ന പി. വിശ്വംഭരന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് ചേരി വിട്ട് മറ്റെവിടേക്കുമില്ലെന്നു തീർത്തു പറഞ്ഞ് വിശ്വംഭരൻ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

അതായിരുന്നു പി. വിശ്വംഭരൻ എന്ന സോഷ്യലിസ്റ്റ് നേതാവ്. സ്‌ഥാനമാനങ്ങൾക്കു വേണ്ടി സ്വന്തം രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം ഒരിക്കലും തയാറായിട്ടില്ല. തിരുവിതാംകൂർ വിദ്യാർഥി കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായി സോഷ്യലിസ്റ്റ് പാർട്ടിയിൽ എത്തിച്ചേർന്ന വിശ്വംഭരൻ മരണം വരെ സോഷ്യലിസ്റ്റ് ആയിരുന്നു. ആദർശധീരത കൈമുതലാക്കിയ ആദ്യകാല സോഷ്യലിസ്റ്റുകളുടെ അവസാന കണ്ണികളിലൊന്നാണ് ഇന്നലെ യാത്രയായത്.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലയളവിൽ തന്നെ പട്ടം താണുപിള്ള, ടി.എം. വർഗീസ്, സി. നാരായണപിള്ള, പൊന്നറ ശ്രീധർ, പി.എസ്. രാജപിള്ള, എ.പി. ഉദയഭാനു തുടങ്ങിയ മുൻനിര നേതാക്കളുമായി ബന്ധം സ്‌ഥാപിക്കാൻ സാധിച്ച വിശ്വംഭരൻ വൈകാതെ ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്‌ടനായാണ് സോഷ്യലിസ്റ്റ് പ്രസ്‌ഥാനത്തിലെത്തുന്നത്. രാഷ്ട്രീയഗുരുവായ പട്ടം താണുപിള്ള കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് എത്തിയതോടെ വിശ്വംഭരനു പാർട്ടി വിടുന്നതിലുള്ള ആശയക്കുഴപ്പവും ഒഴിവായി. പട്ടത്തിന്റെ ശിഷ്യൻ എന്ന് അറിയപ്പെടുമ്പോഴും പൊന്നറ ശ്രീധറിന്റെ രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന് എന്നും മമത.

സോഷ്യലിസ്റ്റ് പ്രസ്‌ഥാനത്തിലൂടെ വളർന്നുവന്ന പല പ്രമുഖരും ദേശീയ തലത്തിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയപ്പോഴും വിശ്വംഭരൻ സ്വന്തം പ്രസ്‌ഥാനത്തിൽ അടിയുറച്ചുനിന്നു. മരണം വരെ സോഷ്യലിസ്റ്റ് ആയി അറിയപ്പെടുന്നതിൽ അദ്ദേഹം അഭിമാനിച്ചു. സോഷ്യലിസ്റ്റ് പാർട്ടിക്കു പല കാലങ്ങളിൽ പല രൂപമാറ്റങ്ങളും വന്നതു കൊണ്ട് വിശ്വംഭരന്റെ പാർട്ടിയുടെ പേരു മാറിയെങ്കിലം അദ്ദേഹം എന്നും സോഷ്യലിസ്റ്റ് തന്നെ ആയിരുന്നു.

1954 ൽ നേമം മണ്ഡലത്തിൽ നിന്നു തിരു– കൊച്ചി നിയമസഭയിലേക്കും പിന്നീട് 1960 ൽ അതേ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോഴും മുഖ്യമന്ത്രി പദവിയിലെത്തിയത് പട്ടം താണുപിള്ള ആയിരുന്നു. രണ്ട് അവസരങ്ങളിലും മന്ത്രിസ്‌ഥാനത്തേക്ക് വിശ്വംഭരന്റെ പേരു സജീവമായി പറഞ്ഞുകേട്ടിരുന്നു. പട്ടത്തിന്റെ അടുത്ത ശിഷ്യനായിരുന്നെങ്കിലും സ്‌ഥാനമാനങ്ങൾ തേടിപ്പോകാൻ വിശ്വംഭരൻ തയാറായില്ല. ഒരിക്കലും അദ്ദേഹം മന്ത്രിസ്‌ഥാനത്ത് എത്തിയതുമില്ല. അതിൽ അദ്ദേഹത്തിനു നിരാശയുമുണ്ടായില്ല.

1972 ൽ വിവിധ സോഷ്യലിസ്റ്റ് പാർട്ടികൾ ലയിച്ച് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ കേരള ഘടകത്തിന്റെ പ്രസിഡന്റ് ആയത് വിശ്വംഭരൻ ആയിരുന്നു. ഇക്കാലയളവിൽ സംസ്‌ഥാനത്ത് ഭിന്നിച്ചുനിന്ന പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ചതിനു പിന്നിൽ പ്രവർത്തിച്ചതും വിശ്വംഭരൻ ആയിരുന്നു. ഇക്കാലയളവിലുണ്ടായ ഭക്ഷ്യ പ്രതിസന്ധിക്കെതിരെ യോജിച്ച സമരം നടത്താൻ ഭക്ഷ്യസമരസമിതി രൂപീകരിച്ചപ്പോൾ അതിന്റെ കൺവീനർ അദ്ദേഹമായിരുന്നു. മാനസികമായി വിരുദ്ധ ധ്രുവങ്ങളിൽ നിന്ന സിപിഎമ്മിനെയും കേരള കോൺഗ്രസിനെയും ഒരുമിച്ചു കൊണ്ടുവന്നതും വിശ്വംഭരന്റെ ഇടപെടലിലൂടെ ആയിരുന്നു. അന്നു സോഷ്യലിസ്റ്റ് പാർട്ടി എംഎൽഎ ആയിരുന്ന ശിവരാമഭാരതിയുടെ മുറിയിൽ ഇഎംഎസും കെ.എം. ജോർജും കൂടിക്കാഴ്ച നടത്തുന്നതിന് അവസരമൊരുക്കിയത് വിശ്വംഭരനായിരുന്നു. പിന്നീട് ഭക്ഷ്യസമരസമിതി ഇടതുജനാധിപത്യ മുന്നണി ആയപ്പോൾ ആദ്യ കൺവീനറായതും വിശ്വംഭരൻ തന്നെ.


വി.പി. സിംഗ് പ്രധാനമന്ത്രി ആയപ്പോൾ വിശ്വംഭരൻ ഗവർണർ സ്‌ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നു. അന്നും അതിനു പിന്നാലെ പോകാൻ അദ്ദേഹം തയാറായില്ല. 1987 ൽ ഇടതു സർക്കാർ അധികാരമേറ്റപ്പോൾ തിരുവനന്തപുരം സ്പിന്നിംഗ് മില്ലിന്റെ ചെയർമാൻ സ്‌ഥാനം വിശ്വംഭരനാണു നൽകിയത്. സ്വന്തം പാർട്ടിയിൽ മുറുമുറുപ്പ് ഉയരുന്നു എന്നു കണ്ടപ്പോൾ ആ സ്‌ഥാനം വലിച്ചെറിയാനും അദ്ദേഹം മടിച്ചില്ല.

ശ്രീനാരായണ ദർശനങ്ങളോട് ആദരവു പുലർത്തിയിരുന്ന വിശ്വംഭരൻ എന്നും വർഗീയതയ്ക്കെതിരായ കർക്കശ നിലപാടു പുലർത്തി. സ്വന്തം നാട്ടിൽ നിലനിന്ന അയിത്തത്തിനെതിരെ സമരം നയിച്ച അദ്ദേഹം ഹോട്ടലുകളിൽ പട്ടികജാതിക്കാർക്ക് പ്രത്യേക ചായ്പും പ്രത്യേക പാത്രങ്ങളും നൽകുന്ന സമ്പ്രദായത്തിന് അറുതി വരുത്തി. കയർ തൊഴിലാളികൾക്കും കരിങ്കൽ തൊഴിലാളികൾക്കും വേണ്ടി അദ്ദേഹം നടത്തിയ സമരങ്ങൾ ഐതിഹാസികമായിരുന്നു.

സ്വന്തം നാട്ടിൽ കയർ സഹകരണ സംഘം രൂപീകരിച്ച് അമ്പതു വർഷത്തോളം അതിന്റെ ജീവാത്മാവായി പ്രവർത്തിച്ചു അദ്ദേഹം. കയർ ഫാക്ടറികളിൽ യന്ത്രവത്കരണം നടപ്പിലാക്കിയപ്പോൾ അതിനെതിരെ ശക്‌തമായ സമരം നയിച്ചു. എന്നാൽ പിൽക്കാലത്ത് സ്വന്തം സംഘത്തിന്റെ ഫാക്ടറിയിൽ യന്ത്രവത്കരണം നടത്താൻ അദ്ദേഹം തയാറായി. അതാണു സംഘത്തിനു നല്ലതെന്നു ബോധ്യപ്പെട്ടപ്പോൾ യന്ത്രവത്കരണത്തോടുള്ള എതിർപ്പിൽ നിന്നു പിന്മാറാൻ അദ്ദേഹം മടിച്ചില്ല.

അധികാരത്തിനു പിന്നാലെ പോകാതെ സ്വന്തം ആദർശങ്ങളിൽ ജീവിതാവസാനം വരെ ഉറച്ചുനിന്ന വിശ്വംഭരനു തുല്യനായി മറ്റൊരു രാഷ്ട്രീയ നേതാവിനെ ചൂണ്ടിക്കാട്ടുക എളുപ്പമല്ല. ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ആരുടെ മുഖത്തു നോക്കിയും വിളിച്ചുപറയുന്ന അദ്ദേഹത്തിന്റെ സ്വഭാവം സ്വന്തം പാർട്ടിയിൽ പോലും ശത്രുക്കളെ സൃഷ്‌ടിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയനേട്ടത്തിനു വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ സൗമ്യമായ മുഖഭാവവും സംസാരശൈലിയും കൈമുതലായിക്കിയിരുന്ന ഈ മനുഷ്യൻ തയാറായിരുന്നില്ല. ഏതു സാഹചര്യത്തിലും അക്ഷോഭ്യനായിരുന്നു അദ്ദേഹം. സന്യാസ തുല്യമായിരുന്നു ആ ജീവിതം. രാഷ്ട്രീയരംഗത്തിറങ്ങിയപ്പോൾ ഉണ്ടായിരുന്ന നൈർമല്യം ആ ജീവിതത്തിൽ അവസാനം വരെയും കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

ഒമ്പതു പതിറ്റാണ്ടിലേറെ നീണ്ട ആ ജീവിതം അവസാനിക്കുമ്പോൾ അർഹിച്ച സ്‌ഥാനങ്ങളിൽ അദ്ദേഹം എത്തിയോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെ പറയേണ്ടിവരും. എന്നാൽ, അധികാരസ്‌ഥാനങ്ങളിൽ ഏറെ ഉയരങ്ങളിൽ എത്തിയ മറ്റു പലരേക്കാൾ വളരെ ഉയരത്തിലായിരിക്കും വിശ്വംഭരനെ അടുത്തറിയുന്നവരും അനുയായികളും എന്നും പ്രതിഷ്ഠിക്കുക.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.