ആർഎസ്എസ് നേതാവിന്റെ കൈകാലുകൾ തല്ലിയൊടിച്ചു
ആർഎസ്എസ് നേതാവിന്റെ കൈകാലുകൾ തല്ലിയൊടിച്ചു
Friday, December 9, 2016 4:22 PM IST
പിറവം: ആർഎസ്എസ് നേതാവിനെ അജ്‌ഞാതസംഘം ആക്രമിച്ചു കൈകാലുകൾ തല്ലിയൊടിച്ചു. ആർഎസ്എസ് താലൂക്ക് മുൻ കാര്യവാഹക് എം.എസ്. വിനോദിനെ (39) ആണു മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.

ആശുപത്രിക്കവലയ്ക്കു സമീപമുള്ള തന്റെ ടൂ വീലർ വർക്ക്ഷോപ്പിൽ പണിയെടുത്തുകൊണ്ടിരിക്കേയായിരുന്നു വിനോദിനുനേരേ ആക്രമണം. വലതുവശത്തെ കൈയ്യും കാലും ഒടിഞ്ഞ വിനോദിനെ പിറവം ജെഎംപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്നു പിറവം നഗരസഭാ പരിധിയിൽ സംഘപരിവാർ ഹർത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ. ശബരിമല തീർഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

ബൈക്കിൽ വർക്ക്ഷോപ്പിൽ എത്തിയ ആറംഗസംഘത്തിൽ നാലുപേർ ചേർന്ന് ഇരുമ്പുദണ്ഡും പട്ടികക്കഷണങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നു വിനോദ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. രണ്ടു പേർ ബൈക്കിലിരിക്കുകയായിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിലധികമായി ആശുപത്രിക്കവലയ്ക്കു സമീപം വർക്ക്ഷോപ്പ് നടത്തുകയാണു വിനോദ്.

അക്രമസംഭവത്തിന്റെ തുടർച്ചയായി ആശുപത്രിക്കവല ജംഗ്ഷനിൽ ഡിവൈഎഫ്ഐക്കാർ നിർമിച്ച വെയിറ്റിംഗ് ഷെഡ് വെള്ളിയാഴ്ച പുലർച്ചെ അജ്‌ഞാതർ തകർത്തു. ഷെഡിന്റെ നിർമാണം നടന്നുവരികയായിരുന്നു.


ഇതിന്റെ മേൽക്കൂരയടക്കം റോഡിലേക്കു വീണതിനാൽ രാത്രിയിൽ ഗതാഗതവും തടസപ്പെട്ടു. പിന്നീട് പോലീസ് എത്തിയാണ് ഇതു നീക്കം ചെയ്തത്.

വിനോദിനെ ആക്രമിച്ചതു സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ പിടികൂടുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാർ പറഞ്ഞു.

ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ ടൗണിൽ പ്രകടനവും നടത്തി. അതേസമയം വിനോദിനെ ആക്രമിച്ച സംഭവവുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ലെന്നു സിപിഎം നേതൃത്വം വ്യക്‌തമാക്കി.

വിനോദിനെ ആക്രമിച്ചുവെന്ന പേരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നിർമിച്ച വെയിറ്റിംഗ് ഷെഡ് തകർത്ത സംഭവം അപലപനീയമാണന്നു സിപിഎം ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി പറഞ്ഞു. നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശുപത്രിക്കവല ജംഗ്ഷനിൽ ഇന്നലെ രാവിലെയും വൈകുന്നേരം സിപിഎമ്മിന്റെ നേതൃത്വത്തിൽ ടൗണിലും പ്രതിഷേധ യോഗം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.