മുഖ്യമന്ത്രിയുടെ ഫ്രിഡ്ജിന്റെ വില 68,000 എന്നു കെഎസ്ഐഇ; പരിശോധനയിൽ 51,000
Friday, December 9, 2016 4:04 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഫ്രിഡ്ജ് വാങ്ങാൻ പൊതുമേഖലാ സ്‌ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്ലിമിറ്റഡ് (കെഎസ്ഐഇ) ആവശ്യപ്പെട്ടത് 68,000 രൂപ. സംശയം തോന്നിയ പിണറായി വിജയൻ വിജിലൻസിനോടു പരിശോധിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിൽ കണ്ടെത്തിയത് ഇതേ മോഡലിലുള്ള ഫ്രിഡ്ജിന്റെ പരമാവധി വില 51,000 രൂപ.

ഒരു ഫ്രിഡ്ജ് വാങ്ങാൻ മുഖ്യമന്ത്രിയോടു പോലും ഒരു പൊതുമേഖലാ സ്‌ഥാപനം 17,000 രൂപ അധികം ചോദിച്ചതു വിവിധ തട്ടിലുള്ള ചില ഉദ്യോഗസ്‌ഥർക്കു പണം വീതിച്ചെടുക്കാനാണെന്നും വിജിലൻസ് കണ്ടെത്തി.

ഇതു സംബന്ധിച്ചുള്ള തുടർനടപടികൾ വൈകാതെയുണ്ടാകുമെന്നാണു സൂചന. ഏതാനും നാൾ മുൻപാണു ക്ലിഫ് ഹൗസിലേക്കു 465 ലിറ്ററിന്റെ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രിഡ്ജ് വാങ്ങാൻ തീരുമാനിച്ചത്. ഇതിനുള്ള ജോലി പൊതുമേഖലാ സ്‌ഥാപനമായ കെഎസ്ഐഇയെ ഏൽപിച്ചു.കെഎസ്ഐഇ 68,000 രൂപയുടെ ടെൻഡർ സമർപ്പിച്ചു. തുടർന്നാണു ഇക്കാര്യം പരിശോധിക്കാൻ വിജിലൻസിനെ ഏർപ്പാടാക്കിയത്.

എസ്പി ആർ. സുകേശന്റെ നിയന്ത്രണത്തിലുള്ള വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിനായിരുന്നു പരിശോധനാ ചുമതല. ഡിവൈഎസ്പി നജ്മൽ ഹസന്റെ നേതൃത്വത്തിലുള്ള സംഘം തലസ്‌ഥാനത്തെ പ്രമുഖ ഗൃഹോപകരണ വിതരണക്കാരുടെ കടകളിൽ ഫ്രിഡ്ജിനെ സംബന്ധിച്ചു വിശദമായി പഠിച്ചു.


ഇതേ അളവിലുള്ള ഒരു ഫ്രിഡ്ജിനും 51,000– 52,000 രൂപയിൽ കൂടുതൽ ഈടാക്കുന്നില്ലെന്നു കണ്ടെത്തി. തുടർന്ന് ഇത്രയും തുക ക്വോട്ട് ചെയ്തവരെ വിജിലൻസ് വിളിച്ചു വരുത്തി ഇതേക്കുറിച്ചു വിശദമായി ചോദിച്ചു.അപ്പോഴാണ് ഇടനിലക്കാർക്കു വീതിച്ചു നൽകേണ്ട തുകയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്.

സർക്കാർ നിയന്ത്രണത്തിലുള്ള സിഡ്കോ അടക്കമുള്ള പല പൊതുമേഖലാ സ്‌ഥാപനങ്ങളും ഇത്തരത്തിലാണു സാധനങ്ങൾ വാങ്ങി നൽകുന്നതെന്നു വ്യക്‌തമായി.

വിജിലൻസിനെ ഭയന്നു സ്വകാര്യ സ്‌ഥാപനങ്ങളിൽ നിന്നു കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ വാങ്ങാൻ വകുപ്പു തലവൻമാർക്കു ഭയമാണ്. എന്നാൽ, ഇത്തരം പൊതുമേഖല സ്‌ഥാപനങ്ങൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ ഇതിന്റെ പൂർണ ഉത്തരവാദിത്വം പൊതുമേഖലാ സ്‌ഥാപന മേധാവികൾക്കായിരിക്കും. വകുപ്പു മേധാവികളുടെ ഈ ഭയമാണ് ഇത്തരം പൊതുമേഖലാ സ്‌ഥാപനങ്ങൾ ദുർവിനിയോഗം ചെയ്യുന്നതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

കെ. ഇന്ദ്രജിത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.