സിവിൽ സപ്ലൈസിലെ ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യണം: ഹൈക്കോടതി
സിവിൽ സപ്ലൈസിലെ ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യണം: ഹൈക്കോടതി
Friday, December 9, 2016 4:04 PM IST
കൊച്ചി: സിവിൽ സപ്ലൈസ് കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ കാസർഗോഡ് ജില്ലയിലുള്ള ഒഴിവുകൾ ഡിസംബർ 19നകം പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു.ഈ തസ്തികയിൽ 2014 ജനുവരി വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തശേഷം പിന്നീടു നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി റാങ്ക് ലിസ്റ്റിലുൾപ്പെട്ട കൊല്ലം കടയ്ക്കൽ സ്വദേശി ഷീബ ഉൾപ്പെടെ അഞ്ചുപേർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

2014 ജനുവരി വരെയുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തെന്നും ഇതിൽ നിയമനത്തിനായി അഡ്വൈസ് മെമ്മോ നൽകിയെന്നും സിവിൽ സപ്ലൈസ് കോർപ്പറേഷൻ അറിയിച്ചിരുന്നു. എന്നാൽ ഇതിനു ശേഷമുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.


തുടർന്നാണ് നിലവിലുള്ള ഒഴിവുകളും ഡിസംബർ 31 വരെയുള്ള കാലയളവിൽ ഉണ്ടാകാവുന്ന ഒഴിവുകളും പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചത്. ഈ തസ്തികയിലേക്ക് പിഎസ്സി തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കുന്നതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തരുതെന്നും ഉത്തരവിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.