ജെ.പിയുടെ വിശ്വസ്തൻ
ജെ.പിയുടെ വിശ്വസ്തൻ
Friday, December 9, 2016 3:59 PM IST
തിരുവനന്തപുരം: അടിയന്തരാവസ്‌ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടാത്ത അപൂർവം സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച പി. വിശ്വംഭരൻ. തടവിലാക്കപ്പെട്ട നേതാക്കൾക്കെല്ലാം അന്നു പുറത്തുനിന്നു സഹായമെത്തിച്ചതു വിശ്വംഭരനായിരുന്നു. ജെ.പി. ജയപ്രകാശ് നാരായണൻ അടക്കമുള്ളവരുടെ വിശ്വസ്തനായിരുന്നു വിശ്വംഭരൻ.925 ൽ കോവളം വെള്ളാറിൽ പത്മനാഭൻ– ചെല്ലമ്മ ദമ്പതികളുടെ മകനായാണു വിശംഭരന്റെ ജനനം. പാച്ചല്ലൂർ, വെങ്ങാനൂർ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം എസ്എംവി ഹൈസ്കൂളിലെ പഠന ശേഷം നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിൽ ചേർന്നു. തുടർന്നു തിരുവനന്തപുരം ആർട്സ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നു ചരിത്രത്തിലും ധനതത്വ ശാസ്ത്രത്തിലും ബിരുദം നേടി.

തിരുവനന്തപുരത്തു വിദ്യാർഥിയായിരിക്കേ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

വിദ്യാർഥി കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടക രൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ചു. 1946 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കേന്ദ്ര ഓഫീസ് സെക്രട്ടറിയായി. കോൺഗ്രസിലെ ഇടതുപക്ഷക്കാരനും ഇടതുപക്ഷത്തിലെ കോൺഗ്രസുകാരനുമായി അറിയപ്പെട്ട വിശ്വംഭരൻ 1949 ൽ സോഷ്യലിസ്റ്റ് പാർട്ടി അംഗമായി.


ഇക്കാലയളവിൽ രാഷ്ട്രീയത്തിനൊപ്പം പത്രപ്രവർത്തനരംഗത്തും സജീവമായി. മാതൃഭൂമി, സ്വതന്ത്ര കാഹളം, ദേശബന്ധു എന്നീ പത്രങ്ങളുടെയും വാർത്താ ഏജൻസിയുടെയും ലേഖകനായി. തിരു– കൊച്ചി വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ സ്‌ഥാപക ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് യൂണിയൻ ദേശീയ കൗൺസിൽ അംഗവുമായി.

1971ൽ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ലയിച്ച് അഖിലേന്ത്യാ തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയായപ്പോൾ സംസ്‌ഥാന ഘടകത്തിന്റെ ചെയർമാൻ പി. വിശ്വംഭരനായിരുന്നു. 1973ൽ ഇടതു ജനാധിപത്യ മുന്നണി (എൽഡിഎഫ്) രൂപീകരിച്ചപ്പോൾ ആദ്യ കൺവീനറായി. 1975 വരെ കൺവീനർ സ്‌ഥാനത്തു തുടർന്നു.

ട്രേഡ് യൂണിയൻ രംഗത്തും സഹകരണ പ്രസ്‌ഥാനത്തിലും സജീവമായിരുന്നു. കരിങ്കൽ, കയർ, കൈത്തറി, മോട്ടോർ തൊഴിലാളി യൂണിയൻ നേതാവായിരുന്നു. ഇലക്ട്രിസിറ്റി ബോർഡ് ഓഫിസേഴ്സ് യൂണിയൻ, ട്രാവൻകൂർ ടെക്സ്റ്റയിൽസ് വർക്കേഴ്സ് യൂണിയൻ എന്നിവയുടെ ഭാരവാഹിയായിരുന്നു. നീണ്ട 47 വർഷം തിരുവല്ലം പാച്ചല്ലൂർ (വാഴമുട്ടം) കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റായിരുന്നു.

അവസാന കാലത്തു വിശ്രമ ജീവിതം നയിക്കുകയായിരുന്നുവെങ്കിലും തിരുവനന്തപുരത്തെ സാമൂഹിക– സാംസ്കാരിക മേഖലയിലെ സജീവ സാന്നിധ്യമാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.