കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്കരിച്ചു
കുപ്പു ദേവരാജിന്റെ മൃതദേഹം സംസ്കരിച്ചു
Friday, December 9, 2016 3:53 PM IST
കോഴിക്കോട്: പതിനാറ് ദിവസം നീണ്ട ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ നിലമ്പൂർ വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം കോഴിക്കോട്ട് സംസ്കരിച്ചു. കോഴിക്കോട് മാവൂർ റോഡ് പൊതുശ്മശാനത്തിൽ നൂറുകണക്കിന് മനുഷ്യാവകാശപ്രവർത്തകരുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ വൈകുന്നേരം നാലോടെയാണു മൃതദേഹം സംസ്കരിച്ചത്. വൻപോലീസ് സാന്നിധ്യത്തിലായിരുന്നു സംസ്കാര നടപടികൾ. കുപ്പു ദേവരാജിനൊപ്പം കൊല്ലപ്പെട്ട മാവോയിസ്റ്റ് സായുധസേന പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) അംഗമായ അജിതയുടെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച അവ്യക്‌തത തുടരുകയാണ്.

ആവശ്യമായ രേഖകളില്ലാത്തതിനാൽ അജിതയുടെ ഭർത്താവെന്ന് അവകാശപ്പെട്ട വിനായകത്തിനു മൃതദേഹം വിട്ടുകൊടുക്കാത്ത സാഹചര്യത്തിൽ അജിതയുടെ സുഹൃത്തുക്കൾ മൃതദേഹം വിട്ടുകിട്ടാനായി ശ്രമം തുടങ്ങിയിട്ടുണ്ട്. അജിതയുടെ കൂടെ ചെന്നൈ ലോകോളജിൽ പഠിച്ച ഭഗത് സിംഗ്, മണിവേൽ തുടങ്ങിയവരാണ് കോളജ് രേഖകളുമായെത്തി മൃതദേഹത്തിന് അവകാശം ഉന്നയിച്ചിരിക്കുന്നത്. കേരള പോലീസ് ആക്ട് 87(2) വകുപ്പുപ്രകാരം സുഹൃത്തുക്കൾക്ക് അനാഥ മൃതദേഹം ഏറ്റുവാങ്ങാമെന്നാണ് ഇവരുടെ അവകാശവാദം. ഇവർ ഹൈക്കോടതിയിലും ഹർജി നൽകിയിട്ടുണ്ട്.

കുപ്പുദേവരാജിന്റെ മൃതദേഹം ഇന്നലെ രാവിലെ ഒമ്പതുമണിക്ക് ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്നായിരുന്നു പോലീസും ആശുപത്രി അധികൃതരും അറിയിച്ചത്. ഇതനുസരിച്ചു രാവിലെ മുതൽ കുപ്പുദേവരാജിന്റെ സഹോദരൻ ഡി. ശ്രീധരനും അമ്മ അമ്മിണിയും സഹോദരിമാരുമടക്കം കോഴിക്കോട്ടെത്തിയിരുന്നു. മോർച്ചറി പരിസരത്തുനിന്ന് മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകുംമുൻപു കുപ്പു ദേവരാജിന്റെ ഭാര്യ ഗജേന്ദ്രിയും എത്തി. എന്നാൽ മൃതദേഹം വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായത് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ്.


മൃതദേഹം വിട്ടുകിട്ടിയാൽ പൊറ്റമ്മലിലെ വർഗീസ് സ്മാരകത്തിനു മുമ്പിൽ പൊതു ദർശനത്തിന് വച്ചശേഷമേ മാവൂർറോഡ് ശ്മശാനത്തിലേക്കു സംസ്കരിക്കാൻ കൊണ്ടുപോവുകയുള്ളൂവെന്നായിരുന്നു സ്‌ഥലത്തെത്തിയ മനുഷ്യാവകാശ പ്രവർത്തകരുടെ തീരുമാനം. എന്നാൽ പൊറ്റമ്മലിൽ പൊതുദർശനത്തിനു വയ്ക്കാനുള്ള നീക്കത്തിനെതിരെ അവിടെ റോഡ് ഉപരോധിച്ചുകൊണ്ട് യുവമോർച്ച പ്രവർത്തകർ രംഗത്തെത്തി. ഇതോടെ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പോലീസ് അനുമതി നൽകിയില്ല. തുടർന്നു രണ്ടുമണിക്കൂറോളം പോലീസും മനുഷ്യാവകാശപ്രവർത്തകരും തമ്മിലുള്ള ചർച്ചക്കൊടുവിൽ മോർച്ചറിക്കു മുമ്പിൽ പത്തുമിനിറ്റ് പൊതുദർശനത്തിന് വയ്ക്കാനും താത്പര്യമുള്ളവർക്ക് അഭിവാദ്യമർപ്പിച്ച് പോകാമെന്നും തീരുമാനമായി.

മനുഷ്യാവകാശപ്രവർത്തകർക്കുവേണ്ടി പോലീസുമായി ഇടപെട്ടത് ആദ്യകാല നക്സലൈറ്റ് നേതാവ് ഗ്രോ .വാസുവായിരുന്നു. അത്തരമൊരു തീരുമാനം അംഗീകരിക്കുമ്പോഴേക്കും സമയം മൂന്നായി. പൊതുദർശനത്തിന് വച്ചശേഷം മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ശ്മശാനത്തിലെത്തിച്ച് ഒരുമണിക്കൂറോളം മനുഷ്യാവകാശപ്രവർത്തകർ അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചു. പ്രസംഗശേഷം പോലീസ് അനുവദിച്ച എട്ടു മിനിറ്റു കഴിഞ്ഞ് ചിതയ്ക്ക് തീകൊളുത്തി. കഴിഞ്ഞ നവംബർ 24നാണ് നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട കരുളായി റേഞ്ചിലെ പടുക്ക വനമേഖലയിൽ കുപ്പുരാജും അജിതയും കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.