ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്താൻ മേഖലാ ഓഫീസുകളിലും അവസരമൊരുങ്ങുന്നു
Friday, December 9, 2016 3:45 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു തങ്ങളുടെ മാർക്ക്ലിസ്റ്റിൽ തിരുത്തലുകൾ വരുത്താൻ മേഖലാ ഡപ്യൂട്ടി ഡയറക്ടർ (ആർഡിഡി) ഓഫീസുകൾക്ക് അനുമതി നല്കിക്കൊണ്ടു മാർഗനിർദേശങ്ങൾ പുറത്തിറക്കി. നിലവിൽ തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ മാത്രമേ ഇതിനു സൗകര്യമുണ്ടായിരുന്നുള്ളു. ഈ അവസ്‌ഥയ്ക്ക് മാറ്റം വരുത്തിക്കൊണ്ടാണ് ഹയർ സെക്കൻഡറി റീജണൽ ഡപ്യൂട്ടി ഡയറക്ടർമാർക്ക് സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ വരുത്താൻ അധികാരം നല്കി ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്.

2016 മാർച്ചിലെ പ്രധാന പരീക്ഷയ്ക്കും ജൂണിൽ നടത്തിയ സേ പരീക്ഷയ്ക്കും വിതരണം ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അതു തിരുത്താൻ ആർഡിഡി മാർക്ക് അധികാരമുണ്ട്. തിരുത്തൽ വേണ്ട വിദ്യാർഥിയുടെ എസ്എസ്എൽസി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്കൂൾ പ്രിൻസിപ്പലിന്റെ ശിപാർശയുടേയും അടിസ്‌ഥാനത്തിൽ തിരുത്തലുകൾ നടത്തിക്കൊടുക്കാം. ഇത്തരത്തിൽ തിരുത്തലുകൾ നടത്തുന്ന സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കണം. നല്കുന്ന സർട്ടിഫിക്കറ്റിന്റെ വലതു ഭാഗത്തായി തെറ്റുതിരുത്തിയതെന്നു റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ സാക്ഷ്യപ്പെടുത്തലും ഉണ്ടാകും. ഓരോ ദിവസവും തിരുത്തുന്ന സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് അതാത് റീജണൽ ഡപ്യൂട്ടി ഡയറക്ടർമാർ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലേയ്ക്ക് ഇ മെയിലിലൂടെ വിവരങ്ങളും കൈമാറും. ഹയർ സെക്കൻഡറി വിദ്യാർഥികളെ സംബന്ധിച്ചിട ത്തോളം ഏറെ ഉപകാരപ്രദമായ ഒരു തീരുമാനമാണിത്. സർട്ടിഫിക്കറ്റിൽ ചിലപ്പോൾ പേരിൽ അധികമായി ഒരു അക്ഷരമോ ഒരു കുത്തോ ഉണ്ടായാൽ ഇതു വിദ്യാർഥികളെ ഏറെ പ്രതികൂലമായി ബാധിക്കാറുണ്ട്.


തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.