ചാണ്ടി ഉമ്മനുമായി ചേർന്നു സൊസൈറ്റി രൂപീകരിക്കാൻ സരിത ശ്രമിച്ചു: സി.എൽ. ആന്റോ
Thursday, December 8, 2016 4:09 PM IST
കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെയും മറ്റു ബന്ധുക്കളെയും ചേർത്തു സരിത എസ്. നായർ കേരള റിന്യൂവബിൾ എനർജി കോ–ഓപറേറ്റീവ് സൊസൈറ്റി എന്നപേരിൽ സ്‌ഥാപനം രൂപീകരിക്കാൻ ശ്രമിച്ചിരുന്നതായി തനിക്കറിയാമായിരുന്നുവെന്നു കെ. കരുണാകരന്റെ വിശ്വസ്തനായിരുന്ന സി.എൽ. ആന്റോ. സോളാർ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജൻ കമ്മീഷനിൽ ഇന്നലെ മൊഴി നൽകവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സൊസൈറ്റി രൂപീകരിക്കുന്നതിനു ചാണ്ടി ഉമ്മൻ അമേരിക്കയിലുള്ള സ്റ്റാർ ഫ്ളേക്ക് ഇൻകോർപറേറ്റ് എന്ന സ്‌ഥാപനവുമായി ബന്ധപ്പെട്ടതായും തനിക്കറിയാമെന്നു ക്രോസ് വിസ്താരത്തിനു മറുപടിയായി ആന്റോ പറഞ്ഞു. മുൻ മുഖ്യമന്ത്രി കെ. കരുണാകരനുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്വഭാവത്തെക്കുറിച്ചും നല്ലതു പോലെ അറിയാം. അദ്ദേഹത്തിന്റെ സ്വകാര്യ താത്പര്യങ്ങളെക്കുറിച്ചുമറിയാം.


ഇതെല്ലാമറിയാമെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലാണു താൻ സൗരോർജ മാലിന്യ സംസ്കരണ പദ്ധതിയുമായി അദ്ദേഹത്തെ സമീപിച്ചത്. എന്നാൽ, ധനസമ്പാദനത്തിനായി ഏതറ്റം വരെയും പോകുകയെന്ന മുൻകാല സ്വഭാവത്തോടെയാണു തന്റെ പദ്ധതിയെടുത്തു സരിത വഴി നടപ്പാക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയുടെ അത്യാഗ്രഹം മൂലമാണു സൗരോർജമേഖലയിൽ കേരളത്തിനു തിരിച്ചടിയുണ്ടായതെന്നും ആന്റോ പറഞ്ഞു.

സോളാർ കമ്മീഷനിൽ തനിക്ക് എതിരായി മൊഴി നൽകരുതെന്ന് ഉമ്മൻ ചാണ്ടി നേരിട്ടും അടുത്ത സുഹൃത്തുക്കൾ വഴിയും തന്നോടാവശ്യപ്പെട്ടിരുന്നുവെന്നു കമ്മീഷൻ അഭിഭാഷകന്റെ ചോദ്യത്തിനു മറുപടിയായി ആന്റോ പറഞ്ഞു. സരിത തെന്മല ഡാമിലേക്കടക്കം സമർപ്പിച്ച സൗരോർജ പദ്ധതി തന്റെ പദ്ധതിയിൽനിന്നു ചോർത്തിയെടുത്തുണ്ടാക്കിയതാണെന്നും ആന്റോ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.